ആലപ്പുഴ: പമ്പിംഗ് കരാറുകാരനിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങവേ ആലപ്പുഴ ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിലായി. പുഞ്ചകൃഷിക്കായി വെള്ളം പമ്പ് ചെയ്ത കരാറുകാരനായ ടെൻസിംഗിന് കിട്ടാനുള്ള 5,50,000 രൂപ മാറി നൽകുന്നതിനു ബിൽ സമർപ്പിച്ച് മാസങ്ങളായിട്ടും തുക മാറി നൽകിയില്ല. ഇതിനെ പറ്റി തിരക്കാനായി ഡെപ്യൂട്ടി തഹസിൽദാരായ സച്ചുവിനെ സമീപിച്ചപ്പോള്‍ ബില്ല് മാറുന്നതിനായി  5000 രൂപ കൈക്കൂലി ചോദിക്കുകയായിരുന്നു. 

ടെൻസിംഗ് ഇക്കാര്യം ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഡി വൈ എസ് പി റക്സ് ബോബി ആരവിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് ആലപ്പുഴ വിജിലൻസ് കെണി ഒരുക്കി. ആദ്യ ഗഡുവായി 2000 രൂപ ഇന്ന് ഉച്ചക്ക് ആലപ്പുഴ മുല്ലക്കൽ ക്ഷേത്രത്തിനു സമീപമുള്ള ഓഫീസ് പരിസരത്ത് വെച്ച് സച്ചു ടെൻസിംഗിൽ നിന്നും കൈക്കൂലി വാങ്ങവേയാണ് വിജിലൻസ് പിടിയിലായത്.