മരിച്ചവർ തിരിച്ച് വരില്ലെന്ന് നമുക്കറിയാം. എന്നാൽ, അവരുടെ ശബ്‌ദം കേൾക്കാൻ പറ്റിയാലോ? മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരുടെ ശബ്‌ദം കേൾക്കണമെന്ന് പലപ്പോഴും നമ്മൾ ആഗ്രഹിക്കാറില്ലേ? എന്നാൽ, അതിന് ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല. ഗവേഷകർ അതിനായുള്ള പരീക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതിൻ്റെ ഭാഗമായി 3,000 വർഷം പഴക്കമുള്ള ഒരു പുരോഹിതൻ്റെ മമ്മിയെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംസാരിപ്പിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. മമ്മി സ്വരാക്ഷരസമാനമായ ഒരൊറ്റ ശബ്‌ദം പുറപ്പെടുവിച്ചു എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. 1099 -നും 1069 -നും ഇടയിൽ ഫറവോൻ റാംസെസ് രണ്ടാമൻ്റെ കാലത്തെ ഒരു പുരോഹിതനായിരുന്നു ആ മമ്മി. പേര് നെസ്യാമുൻ.  

നെസ്യാമുൻ്റെ ഭൗതികാവശിഷ്ടങ്ങൾ നന്നായി സംരക്ഷിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ലീഡ്സ് ജനറൽ ഇൻഫർമറിയിലെ സിടി സ്കാനർ ഉപയോഗിച്ച് തൊണ്ട, വായ, വോക്കൽ കോഡ് എന്നിവ ഗവേഷകർ മാപ്പ് ചെയ്തു. അതിനുശേഷം ശാസ്ത്രജ്ഞർ അതൊരു 3 ഡി പ്രിന്റിംഗ് ഉപയോഗിച്ച് പുനഃസൃഷ്ടിച്ചു. ലീഡ്‌സ് മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിരുന്ന പുരോഹിതൻ്റെ മമ്മിയെ 1824 -ലാണ് ആദ്യമായി അഴിച്ചു മാറ്റുന്നത്. 

റോയൽ ഹോളോവേയിലെയും, ലണ്ടൻ യൂണിവേഴ്സിറ്റിയിലെയും, യോർക്ക് യൂണിവേഴ്സിറ്റിയിലെയും, ലീഡ്സ് മ്യൂസിയത്തിലെയും അക്കാദമിക് വിദഗ്ധർ ചേർന്നാണ് ഈ പഠനം നടത്തിയത്. ഗവേഷകർ ശബ്‌ദം പുനഃസൃഷ്‌ടിക്കാൻ ആദ്യം പുരോഹിതനെ സിടി സ്‍കാനറിലൂടെ കടത്തിവിട്ടു. മമ്മിയുടെ സ്വര ലഘുരേഖയുടെ വിശദമായ സ്കാനുകളും അവർ നടത്തിയിരുന്നു.ശബ്‌ദം നഷ്‌ടപ്പെട്ട ആളുകൾക്ക് സംസാരശേഷി തിരികെ നൽകുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ശാസനാളത്തിന് സമാനമായതാണ് ഇവിടെ മമ്മിക്ക് ശബ്‍ദം നല്‍കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

പുരാതന ഈജിപ്തുകാർ ആധുനിക മനുഷ്യരെക്കാൾ വളരെ ചെറിയവരായിരുന്നു. ശരാശരി 5 അടി മുതൽ 5 അടി 4 ഇഞ്ച് വരെ ഉയരമുള്ളവരായിരുന്നു അവർ. മമ്മി അതിൻ്റെ നാക്ക് വെളിയിലേക്ക് ഇട്ടിരിക്കുന്നത് അതിൻ്റെ മരണത്തെക്കുറിച്ച് സൂചനകൾ നൽകുന്നുവെന്നാണ് പറയുന്നത്. അമ്പതുകളുടെ മധ്യത്തിൽ പുരോഹിതൻ വിഷം കഴിക്കുകയോ അല്ലെങ്കിൽ നാവിൽ ഒരു തേനീച്ചയുടെ കുത്തേൽക്കുകയോ ചെയ്തിട്ടുണ്ടാകാം എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മമ്മി ശബ്‌ദങ്ങളിൽ നിന്ന് പൂർണ്ണ വാചകങ്ങൾ പറയാൻ തുടങ്ങുമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്. മൃദുവായ ടിഷ്യു സംരക്ഷണവും സാങ്കേതികവിദ്യയിലെ പുതിയ സംഭവവികാസങ്ങളും ദീർഘനാളായി മരിച്ച ഒരാളുടെ ശബ്‌ദം വീണ്ടും കേൾക്കാനുള്ള അവസരം ഉണ്ടാക്കി എന്ന് ശാസ്ത്രജ്ഞർ പറയുന്നു.