Asianet News MalayalamAsianet News Malayalam

ഫെമിനിച്ചികള്‍ ഉണ്ടാവുന്നത്

നമ്മുടെ സിനിമകള്‍ മലയാളിക്ക് മുന്നില്‍ വരച്ചു കാണിച്ച് എല്ലാരുടെയും മനസ്സുകളില്‍ പതിഞ്ഞ ചില ഫെമിനിസ്റ്റ് രൂപങ്ങളുണ്ട്. അത്തരം സ്ത്രീകളെല്ലാം തന്നെ സമൂഹത്തിന്റെ പൊതുബോധ സ്ത്രീ രൂപങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും. അതായത് ഞങ്ങള്‍ നല്ല കുട്ടി അല്ലെങ്കില്‍ കുലസ്ത്രീപട്ടം നല്‍കിവരുന്നവര്‍ക്കെല്ലാം സ്വാതന്ത്ര്യം ഞങ്ങള്‍ നല്‍കും.

Asha Susan on feminichi
Author
First Published Dec 29, 2017, 12:55 PM IST

സ്വന്തം വ്യക്തിത്വത്തില്‍ അഭിമാനിക്കുന്ന, ഏതൊരു വിഷയത്തിലും തന്റേതായ അഭിപ്രായമുള്ള , പൊതുബോധചട്ടക്കൂടുകളെ പൊട്ടിച്ചെറിയുന്ന, സ്വന്തം ശരീരത്തിന്റെയും ജീവിതത്തിന്റെയും അവകാശി താന്‍ മാത്രമാണെന്ന് തിരിച്ചറിവുള്ള തന്റേടികളായ മിടുക്കി പെണ്‍കുട്ടികളേ, ഈ ഫെമിനിച്ചി പട്ടം നിങ്ങളുടെ ഉറച്ച നിലപാടുകള്‍ക്കുള്ള അവാര്‍ഡാണ്. അശ്ശീലച്ചുവയോടെ നിന്റെ ശബ്ദത്തെ ഇല്ലാതാക്കാനും നിന്നെ അപമാനിക്കാനും വേണ്ടി ഫെമിനിച്ചി എന്ന് വിളിക്കുന്നവര്‍ ജീവിതത്തില്‍ ഇന്നേ വരെ ഒരു പെണ്ണിന്റെ പ്രണയമോ ബഹുമാനമോ സൗഹൃദമോ സമ്പാദിക്കാന്‍ കഴിയാത്തവരായിരിക്കും. അതിന്റെ രോദനം മാത്രമാണിത്.

Asha Susan on feminichi

ഈ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട വാക്കാണ് ഫെമിനിച്ചി. എന്താണ് ഈ വാക്കിന്റെ അര്‍ത്ഥമെന്നു ചിലര്‍ പറയാതെ പറയും; സ്ത്രീകളുടെ ഉന്നമനത്തിനും സമത്വത്തിനും വേണ്ടി വാദിക്കുന്ന നല്ല ഫെമിനിസ്റ്റുകളുണ്ട്, അവരെ ഞങ്ങള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ പുരുഷ വിദ്വേഷം കൊണ്ടുനടക്കുന്ന തന്റേടികളായ സ്ത്രീകളെ ഞങ്ങള്‍ വിളിക്കുന്ന പേരാണ് ഫെമിനിച്ചി. അതായതു കൂടുതല്‍ ഇഷ്ടം തോന്നുന്ന പെണ്ണിനെ ഞങ്ങള്‍ കൂത്തച്ചി, പെലയാടിച്ചി എന്നൊക്കെ വിളിക്കുന്നത് പോലെയുള്ള മറ്റൊരു ഓമനപ്പേരാണ് ഇതും, പക്ഷെ എല്ലാവരെയും അല്ലാട്ടോ, ചില തന്റേടികളെ മാത്രം, നോട്ട് ദി പോയിന്റ്.

കുടുംബത്തില്‍ പിറന്ന, അച്ചടക്കവും ഒതുക്കവും വിനയവുമുള്ള പെണ്‍കുട്ടികളെ ഞങ്ങള്‍ നല്ല കുട്ടിയെന്നു വിളിക്കും. അപ്പൊ ആരാണീ നല്ല കുട്ടികള്‍? ആരാണ് ഇവര്‍ നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നത്? സംശയങ്ങള്‍ പലതാണ്. അതായത് രമണീ, കാലാകാലങ്ങളായി പെണ്ണിന് മാത്രമെന്ന് മുദ്ര കുത്തിയിരിക്കുന്ന ജോലികളും സ്വഭാവങ്ങളും പെരുമാറ്റ രീതികളും വസ്ത്രധാരണവും സംസാര ശൈലിയുമെല്ലാം അതേപോലെ പിന്തുടരുന്ന, തിരിച്ചു ചോദ്യങ്ങള്‍ ഉന്നയിക്കാത്ത, സ്വന്തമായി പണം കൈകാര്യം ചെയ്യാത്ത, സര്‍വ്വംസഹയായ പെണ്ണിന് ഞങ്ങള്‍ നല്ല പെണ്‍കുട്ടി അല്ലെങ്കില്‍ മഹിളാരത്‌നം എന്ന പട്ടം കൊടുക്കും. ആര് കൊടുക്കും? വേറെയാര്, ഇതൊക്കെ ആര്‍ക്ക് വേണ്ടി, ആരെ തൃപ്തിപെടുത്താന്‍ വേണ്ടി ചെയ്യുന്നോ, ആ തമ്പുരാക്കന്മാര്‍ തന്നെ.

ആരാണീ നല്ല കുട്ടികള്‍? ആരാണ് ഇവര്‍ നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നത്?

അപ്പൊ പിന്നെ ആരാവും ഈ തന്‍േറടികള്‍ എന്നറിയപ്പെടുന്നത്? നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, ഒരു പെണ്ണിനെ എപ്പോഴാണ് തന്റേടി എന്ന് വിളിക്കുന്നതെന്ന്? നമ്മുടെ സമൂഹം ഒരു പെണ്ണിന് കല്‍പിച്ചിട്ടുള്ള ചില പൊതുബോധങ്ങളുണ്ട്, അടിച്ചേല്‍പ്പിക്കപ്പെട്ട ചില ആചാരങ്ങളും ജോലികളുമുണ്ട്. നീ പെണ്ണാണ്, പെണ്ണായതു കൊണ്ട് അതൊക്കെ അങ്ങനെയേ പാടുള്ളൂ, അല്ലെങ്കില്‍ അത്രയും മതി എന്നിങ്ങനെ പല ഉത്തരവുകളുമുണ്ട്. എന്നാല്‍ ഇത്തരം വെച്ചാരാധനകള്‍ക്കെതിരെ മുഖം തിരിക്കുകയും, ചിലതു ചെയ്യണമെന്നും ചിലതു ചെയ്യരുതെന്നും കേള്‍ക്കുമ്പോള്‍ തലയുയര്‍ത്തിപ്പിടിച്ച് എന്തുകൊണ്ട് എന്നൊരു ചോദ്യം ചോദിക്കാന്‍ ഏതു പെണ്ണ് ധൈര്യം കാണിക്കുന്നോ അവള്‍ തന്‍േറടിയായി, ഫെമിനിച്ചിയായി.

നമ്മുടെ സിനിമകള്‍ മലയാളിക്ക് മുന്നില്‍ വരച്ചു കാണിച്ച് എല്ലാരുടെയും മനസ്സുകളില്‍ പതിഞ്ഞ ചില ഫെമിനിസ്റ്റ് രൂപങ്ങളുണ്ട്. അത്തരം സ്ത്രീകളെല്ലാം തന്നെ സമൂഹത്തിന്റെ പൊതുബോധ സ്ത്രീ രൂപങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും. അതായത് ഞങ്ങള്‍ നല്ല കുട്ടി അല്ലെങ്കില്‍ കുലസ്ത്രീപട്ടം നല്‍കിവരുന്നവര്‍ക്കെല്ലാം സ്വാതന്ത്ര്യം ഞങ്ങള്‍ നല്‍കും. അവരുടെ കൂടി സമ്പാദ്യം കൊണ്ട് വീടിന്റെ ധനകാര്യം നിര്‍വ്വഹിച്ചാലും അതിന്റെയൊക്കെയും ക്രെഡിറ്റ് ഞങ്ങളുടെ മാത്രം അക്കൗണ്ടില്‍ വരുത്തും. അവരുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഞങ്ങള്‍ പരോക്ഷമായി നിയന്ത്രിക്കുകയും പ്രത്യക്ഷത്തില്‍ അതൊക്കെ പെണ്ണിന്റെ മാത്രം ഇഷ്ടമാക്കി അവളെക്കൊണ്ട് തന്നെ പറയിപ്പിക്കും. ഇതൊക്കെയാണ് നമ്മുടെ പൊതുബോധത്തില്‍ ഒരു നല്ല കുട്ടി.

എന്നാല്‍ ഇത്തരത്തിലുള്ള എല്ലാത്തിനോടും പുറം തിരിഞ്ഞു സ്വന്തം വ്യക്തിത്വത്തില്‍ ജീവിക്കുന്നവരെ കാണുമ്പോഴുണ്ടാവുന്ന അസ്വസ്ഥതയില്‍ നിന്നാണ് സിനിമകളില്‍ കാണിക്കുന്ന കോളര്‍ ബ്ലൗസ് ഇട്ട, കൂളിംഗ് ഗ്ലാസ് വെച്ച, ഭര്‍ത്താവിനോട് ആജ്ഞാപിക്കുന്ന, പട്ടിയെ നോക്കുകയും കുട്ടിയെ നോക്കാതിരിക്കുകയും, ഇംഗ്ലീഷും മംഗ്ലീഷും സംസാരിക്കുകയും ഫെമിനിസ്റ്റ് രൂപങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. എന്നുവെച്ചാല്‍ ഇതൊന്നും കുലസ്ത്രീകള്‍ ചെയ്യില്ലെന്നും ചെയ്യാന്‍ പാടില്ലെന്നും ചുരുക്കം.

ഫെമിനിസ്റ്റല്ല എന്ന് പറയുന്ന പെണ്ണാണ് തമ്പ്രാക്കന്മാരുടെ കണ്ണിലെ യഥാര്‍ത്ഥ പെണ്ണ്.

കുഞ്ഞിനെ പുറത്തു മാറാപ്പിനുള്ളില്‍ തൂക്കിയിട്ട് കല്ലു ചുമക്കുന്ന സ്ത്രീ, അല്ലെങ്കില്‍ ട്രക്ക് ഓടിക്കുന്ന സ്ത്രീ, അങ്ങനെ മക്കളെ പോറ്റാന്‍ വേണ്ടി അധ്വാനിക്കുന്ന സ്ത്രീ. ഇവരെ ചൂണ്ടിക്കാട്ടി തമ്പ്രാക്കന്‍മാര്‍ പറയും, ഇവരൊക്കെയാണ് യഥാര്‍ത്ഥ ഫെമിനിസ്റ്റ്. എന്നുവെച്ചാല്‍ അവന്റെ കണ്ണില്‍ സഹതാപാര്‍ഹാമായ അവസ്ഥയില്‍ ജീവിച്ചാലേ ഈ പട്ടം കിട്ടൂ. അല്ലാതെ സ്വന്തം വിദ്യാഭ്യാസത്തിനനുസരിച്ചു അല്‍പ്പം കൂടി ഉയര്‍ന്ന ജോലികള്‍ ചെയ്യുന്നവരൊക്കെ ചില്ലുകൂട്ടില്‍ തണുപ്പ് ആസ്വദിച്ചിരിക്കുന്നവരാണ്. അവര്‍ ചെയ്യുന്നതൊന്നും ജോലിയുമല്ല, അവര്‍ പോറ്റുന്നതൊന്നും കുടുംബവുമല്ല. മാത്രവുമല്ല, അത്തരക്കാര്‍ പറയുന്നതൊക്കെ കൈയ്യടിക്കുവേണ്ടിയും സമൂഹമധ്യത്തില്‍ ശ്രദ്ധിക്കപ്പെടാനും വേണ്ടി മാത്രവും. എന്താല്ലേ. സര്‍ട്ടിഫിക്കറ്റ് വേണ്ടവര്‍ നാളെ മുതല്‍ ഇത്തരം ജോലികള്‍ മാത്രം തിരഞ്ഞെടുക്കുക.

ഇതിനിടയില്‍ ചില മഹിളാരത്‌നങ്ങള്‍ പറയാറുണ്ട്, എനിക്ക് ഫെമിനിസം ഇഷ്ടമാണ്, പക്ഷേ ഞാന്‍ ഫെമിനിസ്റ്റല്ല. അതായത്, പണ്ടൊക്കെ രാജസഭയില്‍ രാജാവിനെ പാടിപ്പുകഴ്ത്താനും ഓച്ഛാനിച്ചു നില്‍ക്കാനും ആളുകള്‍ മത്സരിക്കുമായിരുന്നു.  കാരണം രാജാവിന്റെ പ്രീതിക്ക് പാത്രമാവാനായാല്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ ജീവിക്കാം, അതുപോലെ പുരുഷാധിപത്യത്തില്‍ വേരൂന്നിയ സമൂഹത്തില്‍ ഞാനൊരു ഫെമിനിസ്റ്റല്ല എന്ന് പറയുന്ന പെണ്ണാണ് തമ്പ്രാക്കന്മാരുടെ കണ്ണിലെ യഥാര്‍ത്ഥ പെണ്ണ്. ആ പട്ടം കിട്ടുന്നവര്‍ക്ക് നേരെ വിമര്‍ശനങ്ങളില്ല, ചോദ്യങ്ങളില്ല, എങ്ങും പുകഴ്ത്തലുകള്‍ മാത്രം.

ഇനി മറ്റൊന്നാണ് ഫെമിനിച്ചികളുടെ വേഷഭാഷാഭൂഷാദികളെ ചോദ്യം ചെയ്യുന്ന തമ്പ്രാക്കന്മാരും അവരുടെ ആശ്രിതകളും. നിങ്ങളോട് പറയാനുള്ളത് നിങ്ങളോക്കെ കാലത്തിന്റെ സൂചി വല്ലപ്പോഴുമൊന്നു പിന്നിലോട്ട് തിരിക്കുന്നത് നല്ലതായിരിക്കും എന്നാണ്. ഇരുപതു കൊല്ലം മുന്നെയുണ്ടായിരുന്ന വസ്ത്രധാരണമല്ല ഇപ്പോഴുള്ളത്. അപ്പോഴുണ്ടായിരുന്നതല്ല ഇപ്പോഴുള്ളത്. എന്തിന്, ഈ വര്‍ഷം ഉള്ളതല്ല അടുത്ത വര്‍ഷം ഉണ്ടാവുന്നത്. അതായത് പണ്ടത്തെ പൊതുബോധ ചമയങ്ങളില്‍ നിന്നും മാറി ചിന്തിക്കാന്‍ ധൈര്യം കാട്ടിയ ഏതെങ്കിലും ഒരു ഫെമിനിച്ചിയോ ഫ്രീക്കത്തിയോ അതാത് കാലഘട്ടത്തില്‍ ഉണ്ടായത് കൊണ്ടാണ് ഇന്നത്തെ കുലസ്ത്രീകളുടെ മക്കള്‍ ജീന്‍സും ടോപ്പും അണിയുന്നത്. നിങ്ങളെ കുടുംബത്തില്‍ പിറന്നവരായി വാഴ്ത്തുമ്പോളും കുടുംബത്തില്‍ പിറക്കാത്തവരുള്ളത് കൊണ്ടാണ് ചില പൊതുബോധങ്ങള്‍ തകര്‍ക്കപ്പെടുന്നത്.

അതുകൊണ്ടു തന്‍േറടി എന്നും ഫെമിനിച്ചിയെന്നും വിളിച്ചാല്‍ അത് ആക്ഷേപമായി കാണാന്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ ജീവിക്കുന്നത് പഴയ കാളവണ്ടി സംസ്‌കാരത്തിലല്ല. സമൂഹത്തിന്റെ സമസ്ത മേഖലയിലും പെണ്ണിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ ന്യൂജന്‍ കാലത്തിലാണ്. പാചകത്തിലും ഫാഷന്‍ ലോകത്തിലും സീരിയലുകളിലും മാത്രമേ അവളുടെ ശബ്ദം കേള്‍ക്കാവൂ, കവിതയും പ്രണയവും മാത്രമേ അവള്‍ എഴുതാവൂ, പ്രണയം പൂക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളിലേ അവളെ കാണാവൂ എന്നൊക്കെ ധരിക്കുന്നവര്‍ക്ക് തെറ്റി.

l am a feminist and I am proud to be a feminichi.

പണ്ട് പെണ്ണ് നാല് ചുവരുനുള്ളില്‍ ഒതുങ്ങികൂടിപ്പോള്‍ പുരുഷന്‍ നാല്‍ക്കവലകളില്‍ ചെന്നിരുന്നു ചര്‍ച്ചകളും വാര്‍ത്തകളും പങ്കിട്ട് അറിവും ലോകപരിചയവും നേടി. എന്നാല്‍ ഇന്നവള്‍ അതേ നാല് ചുവരിനുള്ളില്‍ ഇരുന്നാലും ലോകം മുഴുവനും അവളുടെ കണ്മുന്നിലുണ്ട്. എല്ലാത്തിനോടുമുള്ള അവളുടെ അഭിപ്രായം വിരല്‍ തുമ്പിലുണ്ട്. അതുകൊണ്ടു തന്നെകാലം മാറുന്നതവള്‍ അറിയുകയും മാറുന്ന കാലത്തിതിനനുസരിച്ചു കോലം മാറുകയും ചെയ്യും.

സ്വന്തം വ്യക്തിത്വത്തില്‍ അഭിമാനിക്കുന്ന, ഏതൊരു വിഷയത്തിലും തന്റേതായ അഭിപ്രായമുള്ള , പൊതുബോധചട്ടക്കൂടുകളെ പൊട്ടിച്ചെറിയുന്ന, സ്വന്തം ശരീരത്തിന്റെയും ജീവിതത്തിന്റെയും അവകാശി താന്‍ മാത്രമാണെന്ന് തിരിച്ചറിവുള്ള തന്റേടികളായ മിടുക്കി പെണ്‍കുട്ടികളേ, ഈ ഫെമിനിച്ചി പട്ടം നിങ്ങളുടെ ഉറച്ച നിലപാടുകള്‍ക്കുള്ള അവാര്‍ഡാണ്. അശ്ശീലച്ചുവയോടെ നിന്റെ ശബ്ദത്തെ ഇല്ലാതാക്കാനും നിന്നെ അപമാനിക്കാനും വേണ്ടി ഫെമിനിച്ചി എന്ന് വിളിക്കുന്നവര്‍ ജീവിതത്തില്‍ ഇന്നേ വരെ ഒരു പെണ്ണിന്റെ പ്രണയമോ ബഹുമാനമോ സൗഹൃദമോ സമ്പാദിക്കാന്‍ കഴിയാത്തവരായിരിക്കും. അതിന്റെ രോദനം മാത്രമാണിത്.

അത്തരക്കാരുടെ മുഖത്ത് നോക്കി നമ്മള്‍ പറയും; l am a feminist and I am proud to be a feminichi.

Follow Us:
Download App:
  • android
  • ios