കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

തീര്‍ത്ഥാടനം എന്ന വാക്ക് കേള്‍ക്കുമ്പോഴെല്ലാം ഞാനിപ്പോഴും സ്‌റ്റെല്ല ടീച്ചറെ ഓര്‍ക്കും. സിംഹം തീര്‍ത്ഥാടനത്തിന് പോയപ്പോള്‍ ഗുഹ കുറുനരി കയ്യേറിയ കഥ. 35 വര്‍ഷം മുമ്പ് ഒന്നാം ക്‌ളാസിലെ ഒന്നാം ദിനത്തില്‍ ടീച്ചറുടെ മടിയിലിരുന്ന് പറഞ്ഞ് കേള്‍പ്പിച്ചപ്പോള്‍ അമ്പരപ്പോടെ ആശ്‌ളേഷിച്ചതും സഹഅധ്യാപികമാരോട് എന്റെ പദസമ്പത്തിനെപ്പറ്റി ആശ്ചര്യത്തോടെ സംസാരിച്ചതും മിഴിവുള്ള ഓര്‍മയായി ഇന്നും നിലനില്‍ക്കുന്നു. 

ഒന്നാം ക്‌ളാസിലെ എന്റെ ക്‌ളാസ് ടീച്ചറായിരുന്നു കാതുകുത്താത്ത കമ്മലണിയാത്ത വെളുത്ത്് തടിച്ച സ്‌റ്റെല്ല ടീച്ചര്‍. സഭാകമ്പമില്ലാതെ സംസാരിക്കാനും ചെറുതും വലുതുമായ കഴിവുകള്‍ പ്രകടിപ്പിക്കാനും എന്നെ പരിശീലിപ്പിച്ച ടീച്ചള്‍. എല്‍.കെ.ജി, യു.കെ.ജി യൊന്നുമില്ലാത്ത കാലത്ത്് രണ്ടാമത്തെ സഹോദരി കൊച്ചിത്ത എന്ന ്ഞങ്ങള്‍ വിളിക്കുന്ന ഹാജറയായിരുന്നു എന്റെ ആദ്യത്തെ ഗുരുനാഥ. പഠിക്കാന്‍ മിടുക്കിയായിരുന്നെങ്കിലും യാഥാസ്ഥിതിക കുടുംബപശ്ചാത്തലം വില്ലനായപ്പോള്‍ ഏഴാം ക്‌ളാസില്‍ പഠിപ്പവസാനിപ്പിക്കേണ്ടിവന്ന ഇത്തയുടെ അധ്യാപന പാടവവും വായനാശീലവും അപാരമായിരുന്നു. അക്കാലത്ത് ഇടപ്പള്ളി നോര്‍ത്ത്് ഗവ. സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഉണ്ടായിരുന്നില്ല. ഇടപ്പള്ളി ഹൈസ്‌കൂളിലോ ചേരാനല്ലൂര്‍ അല്‍- ഫാറൂഖിയ ഹൈസ്‌കൂളിലോ, എറണാകുളം മുനവ്വിറുല്‍ ഇസ്ലാം ഹൈസ്‌കൂളിലോ പോയി പഠിക്കാന്‍ പെണ്‍കുട്ടി എന്ന പരിമിതി തടസ്സമായപ്പോള്‍ പഠിപ്പ് അവസാനിപ്പിച്ചു. പിന്നീട് ബാപ്പയുടെ കൂടി നേതൃത്വത്തിലാരംഭിച്ച വട്ടേക്കുന്നം സ്വതന്ത്ര്യ ലൈബ്രറിയിലെ പുസ്തകങ്ങളിലൂടെ അറിവ് നേടിയ കൊച്ചിത്ത വായിച്ച് കേള്‍പ്പിച്ച കഥകളായിരുന്നു എന്നെ ഞാനാക്കിയത്. 

മിക്കവാറും ഉച്ചഭക്ഷണം കഴിക്കാതെയാവും സ്‌കൂളില്‍ പോകുന്നത്.

വീട്ടിലിരുന്ന് എഴുത്തും വായനയും അടിസ്ഥാന ഗണിതവും പഠിച്ച് ബിരുദം നേടിയാണ് ഞാന്‍ കൊച്ചിത്തയുടെ കൈപിടിച്ച് ഇടപ്പള്ളി നോര്‍ത്ത്് ഗവ. ഹൈസ്‌കൂളിന്റെ പടി കയറുന്നത്. ഒന്നാം ക്‌ളാസില്‍ സ്‌റ്റെല്ല ടീച്ചറുടെ 'പെറ്റാ'യിരുന്നു ഞാന്‍. അധ്യാപകര്‍ അറിവ് പകര്‍ന്നുതരുന്നവര്‍ മാത്രമല്ല. മറിച്ച് ഭാവി തലമുറയെ രൂപപ്പെടുത്തുന്ന ശില്‍പികള്‍ കൂടിയാണ്. ഈ സങ്കല്‍പത്തെ ടീച്ചര്‍ അന്യര്‍ഥമാക്കി. 

രോഗ ബാധിതനായി ദീര്‍ഘനാള്‍ പഠിപ്പുമുടങ്ങി. ഹാജര്‍ ബുക്കില്‍ നിന്ന് പേര് നീക്കം ചെയ്യേണ്ട ഘട്ടം വരുമ്പോള്‍ ടീച്ചര്‍ സഹോദരനോട് പറഞ്ഞ് ഒരു ദിവസം എന്നെ സ്‌കൂളിലത്തെിക്കും. പിറ്റേന്നുമുതല്‍ വീണ്ടുംഅവധി. രണ്ടാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് തൊഴില്‍ പ്രശ്‌നം മൂലം ബാപ്പക്ക് ജോലിയില്ലാതായത്. അന്നൊക്കെ സ്‌കൂളുകളില്‍ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു. രണ്ടാം ക്‌ളാസുകാര്‍ക്ക് ഉച്ചയ്ക്കായിരുന്നു ക്‌ളാസുകള്‍. മിക്കവാറും ഉച്ചഭക്ഷണം കഴിക്കാതെയാവും സ്‌കൂളില്‍ പോകുന്നത്. ദാരിദ്ര്യം പുറത്തറിയരുതെന്ന് ഉമ്മക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഒരു ദിവസം ടീച്ചര്‍ ചോദിച്ചു, 'ഊണ് കഴിച്ചോ' എന്ന്. ഞാന്‍ പറഞ്ഞു, 'കഴിച്ചു'. 

'എന്തായിരുന്നു കറി?'

എനിക്കുത്തരം മുട്ടി. ഞാന്‍ പറഞ്ഞു. അറിയാന്‍ പാടില്ല. ടീച്ചര്‍ക്ക് കാര്യം പിടികിട്ടി. 

ചോക്കിന്റെ സാധ്യതകള്‍ ഞാന്‍ മനസ്സിലാക്കിയത് ടീച്ചറില്‍ നിന്നായിരുന്നു. ഹാജര്‍ ബുക്കില്‍ മഷി പടരുമ്പോള്‍ ചോക്കുകൊണ്ട് ഒപ്പിയെടുക്കുന്നതും കോളം മാറി മാര്‍ക്ക് ചെയ്ത ഹാജര്‍ ചോക്കുപൊടികൊണ്ട് മായ്ക്കുന്നതും ടീച്ചറോട് ചേര്‍ന്നുനിന്ന് കണ്ടുപഠിച്ചു. ക്‌ളാസുവിടുമ്പോള്‍ ടീച്ചറുടെ മേശപ്പുറത്തുള്ള മുറിച്ചോക്കുകള്‍ ബാഗിലാക്കി വീട്ടില്‍ കൊണ്ടുപോയി, ടീച്ചര്‍ തന്നതാണെന്ന് സഹോദരിമാരോട് വീമ്പുപറഞ്ഞു.

പിന്നീട് ഒട്ടേറെ അധ്യാപകര്‍ ജീവിതത്തില്‍ വന്നുപോയി. ഓര്‍മയില്‍ സൂക്ഷിക്കുന്നതും ഇപ്പോഴും തുടരുന്നതുമായ ബന്ധങ്ങള്‍ ധാരാളം. ഇന്ന് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള ഓറിയന്‍േറഷന്‍ ക്യാമ്പുകളിലും ഗൈഡന്‍സ് ക്‌ളാസുകളിലും 'റോള്‍ മോഡല്‍' എന്ന ആശയം വിശദീകരിക്കുമ്പോള്‍ മനസ്സിലുണ്ടാ വുക ടീച്ചറുടെ മുഖമായിരിക്കും. ചുവന്ന മഷിയും ചോക്കുപൊടിയും പുരണ്ട തടിച്ച വിരലുകള്‍ കൊണ്ട് മാതൃവാല്‍സല്യത്തോടെ താടി പിടിച്ചുയര്‍ത്തി കുശലം ചോദിക്കുന്ന സ്‌റ്റെല്ല ടീച്ചറെ ഞാന്‍ ഇന്നും തെരഞ്ഞുകൊണ്ടിരിക്കുന്നു. എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ.

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം