Asianet News MalayalamAsianet News Malayalam

കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!

Nee Evideyaanu Ancy John
Author
Thiruvananthapuram, First Published Aug 5, 2017, 7:58 PM IST

Nee Evideyaanu Ancy John

അയ്യപ്പന്‍, ശങ്കരന്‍, വേലായുധന്‍, കുഞ്ഞൂഞ്ഞ, ചന്ദ്രന്‍... അങ്ങനങ്ങനെ കുറേയേറെപ്പേര്‍. ഓരോരോ കാലങ്ങളിലായി ഞങ്ങള്‍ കുട്ടികളുടെ 'രക്ഷകര്‍'. അമ്മയുടെ ഈര്‍ക്കിലിക്കെട്ടുകൊണ്ടുള്ള പ്രയോഗത്തില്‍ നിന്നും ഒരു പരിധിവരെ ഞങ്ങളെ രക്ഷിച്ചെടുത്തവരാണ് വീട്ടില്‍ താമസിച്ചു തന്നെ കൃഷിവേലയെടുത്തിരുന്ന ഈ പണിക്കാര്‍.

കാപ്പി, കുരുമുളക്, ഇഞ്ചി, നെല്ല് തുടങ്ങിയ കൃഷിപ്പണികളും ഒരുപാട് കന്നുകാലികളുമൊക്കെ ഉണ്ടായിരുന്നതിനാല്‍ വീട്ടില്‍ സ്ഥിരമായി പണിക്കാര്‍ വേണം. കൂടുതല്‍ പേരും പാലക്കാട്ടുനിന്നായിരുന്നു. നാലുവശത്തും വിശാലമായി പരന്നുകിടക്കുന്ന മുറ്റമടിച്ചു വൃത്തിയാക്കാന്‍ മടി ഉണ്ടായിരുന്നെങ്കിലും ഓടിച്ചാടിക്കളിക്കാന്‍ എന്നതിനേക്കാള്‍ വടിയുമായെത്തുന്ന അമ്മയില്‍ നിന്ന് രക്ഷപെടാന്‍ ആ വിശാലത ഇത്തിരിയൊന്നുമല്ല സഹായിച്ചിട്ടുള്ളത് .

അമ്മയെ വീടിനു ചുറ്റും രണ്ടു വട്ടം കറക്കിയിട്ട് എതെങ്കിലുമൊരു മുറിയില്‍ക്കേറി ഒളിച്ചിരിക്കും. ദേഷ്യമൊക്കെ അടങ്ങി എന്ന് വിചാരിച്ച് പാത്തുപതുങ്ങി അടുക്കളയില്‍ കയറി എന്തെങ്കിലും കട്ടുതിന്നുമ്പോഴാവും വീരപരാക്രമിയായി അമ്മയുടെ ശൗര്യം കൂടിയ പ്രകടനം. പിന്നത്തെ പൊടിപൂരം ഒന്നും പറയണ്ടാ.

തൊള്ള തുറന്ന് 'എന്റുമ്മോ, എന്നെ കൊല്ലുന്നേ...' അര കിലോമീറ്റര്‍ ദൂരം വരെയെങ്കിലും കേള്‍ക്കാന്‍ പാകത്തിനുള്ള നമ്മടെ നീട്ടിപ്പാടല്‍ കലാപരിപാടി തുടങ്ങുകയായി..

'എന്റമ്മേ ....' എന്നതിനുപകരം 'എന്റുമ്മോ .....'എന്നതാണ് നമ്മടെ മാസ്റ്റര്‍പീസ്. അതുകേള്‍ക്കണതും അമ്മയുടെ ദേഷ്യം ഉച്ചസ്ഥായിയിലേക്കാവും. 'വായപൊത്തെടീ..... കുരുത്തക്കേടുകാണിച്ചതും പോരാ .... എന്നിട്ടു കിടന്ന് ഒച്ചവെക്കണോ ...അവളുടെ ഒരു ഉമ്മയെ വിളിക്കല്‍'.

ഈര്‍ക്കിലിക്കെട്ട് വായുവില്‍ ഒന്നുകൂടി ഉയരുമ്പോഴേക്കും നമ്മടെ രക്ഷകരില്‍ ആരെങ്കിലും ഇടയില്‍ കയറും. പിന്നെ അമ്മയുടെ വക പ്രയോഗമെല്ലാം തടയിട്ടുനില്‍ക്കുന്ന അവരിലാവും കൊള്ളുക,

ഈര്‍ക്കിലിക്കെട്ട് വായുവില്‍ ഒന്നുകൂടി ഉയരുമ്പോഴേക്കും നമ്മടെ രക്ഷകരില്‍ ആരെങ്കിലും ഇടയില്‍ കയറും.

ഏറെ തവണ എനിക്കായി രക്ഷാകവചമായത് കുഞ്ഞൂഞ്ഞേട്ടനാണ് . അന്നൊക്കെ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും പണിക്കാരെ അവരുടെ പേരുകളില്‍ സംബോധന ചെയ്യുക പതിവായിരുന്നു, ആദ്യമായൊരു മാറ്റം കിട്ടിയത് പയ്യനാണെങ്കിലും കുഞ്ഞൂഞ്ഞേട്ടനാണ് . കുഞ്ഞൂഞ്ഞേട്ടന്‍ വീട്ടില്‍ വന്ന ദിവസത്തെക്കുറിച്ചൊന്നും എനിക്കോര്‍മ്മയില്ല. 

വീട്ടിലെ ഒരംഗം എന്നതുപോലെ സര്‍വ്വസ്വതന്ത്ര്യത്തോടെയാണ് മിക്കവരും വീട്ടില്‍ താമസിച്ചിരുന്നത് . അതിത്തിരി കൂടുതലായി ആഘോഷിച്ചത് കുഞ്ഞൂഞ്ഞേട്ടനാണ് . അച്ഛനുമമ്മയുമില്ലാത്ത പയ്യന്‍ എന്നതിനാല്‍ പുള്ളിക്കാരനെ വീട്ടിലെ ഒരു മൂത്തകുട്ടിയെപ്പോലെയാണ് അമ്മയും കരുതിയിരുന്നത്. കുസൃതിയും ബഹളവുമായി ഞങ്ങളെക്കാള്‍ വലിയൊരു 'അലവലാതി.'

പണിക്കാര്‍ക്കായി ഒരു പ്രത്യേകമുറിയൊക്കെയുണ്ടെങ്കിലും ചങ്ങാതി അവിടെയൊന്നും കിടക്കില്ല, തിക്കിത്തിരക്കി ചെക്കന്മാരുടെകൂടെ കേറിക്കിടക്കും.

മിക്കദിവസവും വീട്ടിലെ വഴക്കില്‍ ഒരുകാരണം പുള്ളിയായിരിക്കും. നമ്മുടെ അടുക്കളയിലെ സ്ഥിരം കഥാപാത്രമായ റേഡിയോയുമായി പുള്ളിയൊരു മുങ്ങലുണ്ട് . വാര്‍ത്ത കേള്‍ക്കാനായി റേഡിയോ ഓണാക്കാന്‍ അമ്മ ചെല്ലുമ്പോഴാവും സാധനം അവിടില്ലാ എന്നറിയുക. ഇന്‍വെസ്റ്റിഗേഷന്‍ ടീമായ കുട്ടിപ്പടയുടെ സഹായത്താല്‍ വല്ല കാപ്പിച്ചുവട്ടിലോ പുഴവക്കിലോ മലര്‍ന്നുകിടന്ന് സിനിമാഗാനത്തില്‍ മുഴുകികിടക്കുന്ന ചങ്ങാതിയെ തൊണ്ടിമുതലുമായി കയ്യോടെ പിടിച്ചുകൊണ്ടുവരണം. ചിലപ്പോള്‍ വീടിനടുത്തെത്തിയാലും ഉച്ചത്തില്‍പ്പാടുന്ന റേഡിയോയുമായി തിരിഞ്ഞോരോട്ടമുണ്ട്. പുറകേ കുട്ടിപ്പട്ടാളവും.

'നിങ്ങള്‍ ആവശ്യപ്പെട്ടത്' എന്നപേരിലുള്ള സിനിമാഗാനപരിപാടിയോ മറ്റോ ആകും പുള്ളിക്ക് പഥ്യം. സിനിമാഗാനങ്ങളുടെ കുറെ പുസ്തകശേഖരവും പുള്ളിക്കുണ്ടായിരുന്നു. വലിയ തെറ്റില്ലാതെ പാടും. നല്ലൊരു നാടകപ്രിയനും. വൈകുന്നേരങ്ങളില്‍ പ്രക്ഷേപണം ചെയ്തിരുന്ന നാടകമത്സരമെല്ലാം ഒന്നും വിടാതെ ഞങ്ങളെല്ലാവരും കൂടി കേട്ടിരിക്കും.

തോന്നുമ്പോള്‍ മാത്രം പണിയെടുക്കുക എന്ന ദുഃശീലമൊക്കെ പുള്ളിയെ സംബന്ധിച്ച് അലങ്കാരമാണ്. ' ഓ,എനിക്കിന്ന് വയ്യ, നാളെ ചെയ്യാം' മടി പിടിച്ച് കട്ടിലില്‍ ചുരുണ്ടു കൂടി കിടക്കും. മഴ ചാറിയാല്‍പ്പിന്നെ പറയുകയും വേണ്ട. കുഴി മടിയന്‍!

പിന്നെ അമ്മയുടെ വക 'എടാ, എണീക്കെടാ. പോയി പണിയെടുക്ക' എന്നൊക്കെ പറഞ്ഞ് പുറകെ നടക്കണം.

മനസ്സില്ലാമനസ്സോടെ 'ഈ തള്ളക്കൊന്നു മിണ്ടാതിരുന്നുകൂടെ, ചുമ്മാ മനുഷ്യനെ മെനക്കെടുത്താന്‍' എന്നൊക്കെ പ്രാകിയാവും ചങ്ങാതിയുടെ എണീക്കല്‍ .

വീട്ടില്‍ വന്ന കാലത്ത് ഒരു പത്തിരുപത്തിയഞ്ചു വയസ്സുകാണണം. ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഇഷ്ടം തോന്നുന്ന, പ്രകാശം നിറഞ്ഞ ചിരിയുള്ളൊരു കുറിയ മനുഷ്യന്‍ . തൊട്ടടുത്തുണ്ടായിരുന്ന നെയ്ക്കുപ്പ ആര്‍ട്‌സ് ക്‌ളബിലൊക്കെ പ്രധാനിയായിരുന്നു ചങ്ങാതി. ഒരു ഓണപ്പരിപാടിക്ക് എന്നെക്കൊണ്ട് മധുസൂദനന്‍ നായരുടെ 'നാറാണത്ത് ഭ്രാന്തന്‍' എന്ന കവിതചൊല്ലിക്കാനും ഒരു ആശംസാ പ്രസംഗം പറയാനുമൊക്കെ ഒരുപാടു പണിപ്പെട്ടാണ് ചങ്ങാതി പഠിപ്പിച്ചത്. ഒരിക്കല്‍പോലും സ്റ്റേജില്‍ കയറിയിട്ടില്ലാത്ത അഞ്ചാം ക്‌ളാസ്സുകാരിയുടെ ആത്മവിശ്വാസത്തെ വാനോളം ഉയരത്തിലെത്തിച്ചെങ്കിലും കവിതചൊല്ലലും പ്രസംഗമൊന്നും നടന്നില്ല. ക്ലബ്ബിലെ മെമ്പര്‍മാര്‍ തമ്മിലുള്ള വലിയൊരു വഴക്കില്‍ ആ പ്രാവശ്യത്തെ ഓണപ്പരിപാടി കലങ്ങിപ്പോയി.

'ഈ കൂട്ടത്തിലുള്ള ആരൊക്കെ ചൊല്ലിയാലും നീ ചൊല്ലണപോലെ ആരും ചൊല്ലില്ലാ, അടുത്ത പ്രാവശ്യം നമ്മക്കാവും ട്രോഫി' എന്നുള്ള ആശ്വാസവാക്കില്‍ ആ മോഹം അടച്ചുപൂട്ടി. ഒരു പോസിറ്റീവ് എനര്‍ജി, അതെന്നും കൂടെയുണ്ടായിരുന്നൊരു മനുഷ്യന്‍ എന്നാണിപ്പോള്‍ തോന്നണത്

പള്ളിയിലും ക്‌ളബ്ബിലുമൊക്കെ പാടിയിരുന്ന, വീട്ടിലൊക്കെ പണിക്കുവരുന്ന ചേച്ചിയുമായുള്ള പുള്ളിയുടെ പ്രണയം നാട്ടുകാര്‍ പറഞ്ഞുനടന്നു. ഇടയ്ക്കിടെ അവരുടെ വീട്ടില്‍ പോയിരുന്ന പുള്ളിയെ അമ്മയുടെ വക ഉപദേശംൂ 'എടാ കെട്ടുവാണേല്‍ പോയി കെട്ട്, അല്ലാതെ ബാക്കിയുള്ളോര്‍ക്ക് പേരുദോഷം കേള്‍പ്പിക്കാതെ'

അവരുടെ വീട്ടിലൊക്കെ പോയിരുന്ന് വൈകിവന്നാല്‍ വീട്ടില്‍ കയറ്റില്ല എന്നാണ് അമ്മയുടെ കട്ട വിലക്ക്.

അവരുടെ വീട്ടിലൊക്കെ പോയിരുന്ന് വൈകിവന്നാല്‍ വീട്ടില്‍ കയറ്റില്ല എന്നാണ് അമ്മയുടെ കട്ട വിലക്ക്. ഒരുദിവസം രാത്രി ഒന്‍പതുമണികഴിഞ്ഞിട്ടും വരാതിരുന്നപ്പോ 'ആഹാ ഇവനെ അങ്ങനെ വിട്ടാല്‍ ശരിയയാവില്ലല്ലോ, ഇന്നിനി അവനെ വീട്ടില്‍ കേറ്റില്ല' എന്ന് പറഞ്ഞു വാതിലടച്ച് കുറ്റിയിട്ടു. എന്നാല്‍ പത്തരയോടെ എല്ലാരേം ഞെട്ടിച്ചുകൊണ്ട്, ഒരു മജീഷ്യന്റെ ഭാവത്തോടെ, വെളുക്കെ ചിരിച്ചുകൊണ്ട് ആശാന്‍ മുറിക്കകത്ത്. പുറകുവശത്തെ ഭിത്തിയിലൂടെ വലിഞ്ഞുകേറി ടെറസ്സില്‍ നിന്നുള്ള വാതിലിന്റെ കുറ്റിയൂരിയാണ് 'കള്ളന്‍' അകത്തു കയറിയത്. പിന്നൊരിക്കല്‍ ഓടുപൊളിച്ചും ആളകത്തു കയറിയിട്ടുണ്ട്. അതമ്മയെ ഇത്തിരിയേറെ ചൊടിപ്പിച്ചു. എങ്കിലും കുഞ്ഞൂഞ്ഞിന്റെ നിര്‍ദ്ദോഷകരമായ ലീലാവിലാസങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

വല്ലപ്പോഴുമൊക്കെ പാചകത്തിലൊക്കെ സഹായിക്കാനും ചങ്ങാതി കൂടും. പ്രത്യേകിച്ച് പലഹാരമൊക്കെ ഉണ്ടാക്കുമ്പോള്‍. ആദ്യമായി തേങ്ങാപ്പാലും അരിപ്പൊടിയും ചേര്‍ത്ത സ്വാദിഷ്ഠമായ ഹല്‍വയുണ്ടാക്കിയത് ഞങ്ങള്‍ക്കൊരു വലിയ ആഘോഷമായിരുന്നു. ഇടക്കൊരിക്കല്‍ പുള്ളിയെ കൂട്ടാതെ ഉണ്ടാക്കിയ 'അലുവ ..' ആലുവ വരെ എത്തിയില്ല , ഇടക്ക് ചാലക്കുടിയില്‍ ഇറങ്ങിപ്പോയല്ലോ ' എന്നൊക്കെ പറഞ്ഞത് ഞങ്ങളെ ഒരുപാട് കളിയാക്കി .

ഇടക്കിടെയുള്ള 'റേഡിയോയുടെ തിരോധാനം' അമ്മയോടൊപ്പം ഞങ്ങളും പ്രതിരോധിച്ചു.. ഒരുദിവസം ബത്തേരിവരെ പോയിവന്ന കുഞ്ഞൂഞ്ഞിന്റെ മുഖത്ത് വല്ലാത്തൊരു പുച്ഛഭാവം:

ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ, ചന്തുവിനും റേഡിയോ ഉണ്ട്, അതും ഒന്നാന്തരം 'മര്‍ഫി റിച്ചാര്‍ഡ്‌സ്'. കൂടാതെ ഹിന്ദി നടി രേഖയുടെ കളര്‍ഫുള്‍ ആയൊരു കലണ്ടറും .

ആദ്യമായാണ് അത്തരമൊരു കലണ്ടര്‍ കാണുന്നത്. ഹോ, മിനുമിനുത്ത ആ കലണ്ടറില്‍ ഒന്ന് തൊടാന്‍ നമ്മളെയൊന്നും പുള്ളി സമ്മതിച്ചില്ല. പുള്ളിയുടെ മുറിക്ക് അന്നുമുതല്‍ ഒരു താഴുംതാക്കോലും കൂടി ! പാളികളില്ലാത്ത സിമന്റു ജനലിലൂടെ ഒരുപാട് കഷ്ടപ്പെട്ടാണ് വശ്യസുന്ദരിയായ രേഖയെ വല്ലപ്പോഴും ഒരു നോക്ക് കാണുന്നത്.

മര്‍ഫി റിച്ചാര്‍ഡ്‌സ് ചില്ലറ അസൂയയൊന്നും അല്ല ഞങ്ങള്‍ കുട്ടികള്‍ക്കുണ്ടാക്കിയത്. പിന്നെ ഒരേ സമയം ഒരേ അടുക്കളയില്‍ നിന്ന് വാര്‍ത്തയും ചലച്ചിത്രഗാനങ്ങളും ഫ്യൂഷന്‍ തരംഗങ്ങളായി. വായുവില്‍ ഫിലിപ്‌സും റിച്ചാര്‍ഡ്‌സും തമ്മില്‍ കലപില കൂടി.

അങ്ങനെ കട്ടവഴക്കിട്ടു അടിച്ചു പിരിഞ്ഞും കാലുവാരിയും ക്ഷമ പറഞ്ഞ് കൂടിച്ചേര്‍ന്നുമെല്ലാം ഞങ്ങളെല്ലാം കൂടി ഒരുതരത്തില്‍ മുന്നോട്ടു നീങ്ങുന്നതിനിടയിലാണ് പെട്ടെന്നൊരു ദിവസം പുള്ളിയെ വീടിനു വെളിയിലാക്കിയത്.

ലോകത്തില്‍ വേറെയെവിടെയെങ്കിലും ഇത്ര 'പൈശാചികവും ക്രൂരവുമായ സംഭവം' ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. അത്രമാത്രം ഭീകരമായ കുറ്റമാണ് പുള്ളിയില്‍ ആരോപിക്കപ്പെട്ടത്. ഒരു ഞായറാഴ്ച ഉച്ചക്ക് ചോറുണ്ടുകൊണ്ടിരുന്ന നമ്മടെ ചേട്ടച്ചാരുടെ പാത്രത്തില്‍ നിന്ന് മുട്ട പൊരിച്ചതിന്റെ ഒരു കഷണമാണ് 'മോഷണം' പോയത്. വെറും മുട്ടപൊരിച്ചതോ, അതിനാണോ എന്ന തോന്നല്‍ വേണ്ടാ. സംഭവം ഗൗരവമുള്ളതുതന്നെ, ചുവന്ന വറ്റല്‍മുളകും ചുവന്നുള്ളിയും നെയ്യില്‍ മൂപ്പിച്ച് തേങ്ങയൊക്കെ ഇട്ട ഒന്നാന്തരം മുട്ടപൊരിച്ചത്. ഏലിയാമ്മയുടെ സ്‌പെഷ്യല്‍.അതും പട്ടാപ്പകല്‍!

അടുത്തിരുന്നു ചോറുണ്ണുന്ന, ഇതേകുറ്റം കുറ്റത്താല്‍ പലപ്രാവശ്യം പിടിക്കപ്പെട്ടവനും, കോഴിക്കൂട്ടില്‍ നിന്നു പോലും പച്ചമുട്ട മോഷ്ടിച്ച് വായിലോട്ടു നേരിട്ട് പൊട്ടിച്ചൊഴിക്കുന്നവനും, ഞാനൊന്നുമറിഞ്ഞില്ലേ എന്ന അതിഭാവത്തില്‍ ഇരിക്കുന്നവനുമായ കുഞ്ഞൂഞ്ഞിനെ തന്നെ ചൂണ്ടിക്കാണിച്ചാണ് ചേട്ടച്ചാര് ചോറൂണല്‍ നിറുത്തിയത്.

പിന്നെ വാക്കുകള്‍ കൊണ്ടുള്ള കരിമരുന്നു കലാപ്രകടനം. അമിട്ടും ഗുണ്ടും ഇടയ്ക്കിടെ ചീറ്റിപ്പോകുന്ന വാണവുമെല്ലാം കൂടി ഗംഭീരമായൊരു കലാവിരുന്ന്. പതിവുപോലൊരു വഴക്ക് എന്ന് കരുതിയെങ്കിലും ഇത്തവണ മധ്യസ്ഥം പറച്ചിലുകളൊന്നും ചിലവായില്ല. വാശിയേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍, ഇത്തിരിമനസ്സില്ലാ മനസ്സോടെയാണെങ്കിലും അമ്മയുടെ തീരുമാനം കൗമാരപ്രായക്കാരനായ മകനോടൊപ്പം.  കുഞ്ഞൂഞ്ഞേട്ടണ്‍ ചെറിയ ബാഗും തൂക്കി തൊട്ടടുത്ത ഒരു കടമുറിയിലേക്ക് 'വശ്യമോഹിനിയായ രേഖയോടൊപ്പം' താമസം മാറ്റി. എങ്കിലും പണിയെടുക്കാനൊക്കെ വീണ്ടും വീട്ടില്‍ വന്നിരുന്നു, പഴയ ബഹളങ്ങളും അലവലാതിത്തരമൊന്നും ഒട്ടും മാറിയതുമില്ല.

ചെറിയ വിപ്ലവചിന്തകളും പ്രണയലോലുപനുമായി ഒരുപാട് പ്രതീക്ഷയില്‍ നടന്ന കുഞ്ഞൂഞ്ഞേട്ടനെ നൈരാശ്യത്തില്‍ ആഴ്ത്തി ആ ചേച്ചിയെ വീട്ടുകാര്‍ വേറൊരാള്‍ക്ക് കെട്ടിച്ചുകൊടുത്തു.

ഇടിവെട്ടേണ്ടവന്റെ തലയില്‍ തേങ്ങവീണു എന്നപോലായി ചങ്ങാതിയുടെ ജീവിതം. പിന്നൊരു കുറച്ചുകാലം ദേവദാസ് സ്‌റ്റൈല്‍.

അധികം വൈകാതെ കുഞ്ഞൂഞ്ഞ് നടവയലിനോട് ടാറ്റാ പറഞ്ഞു.

അധികം വൈകാതെ കുഞ്ഞൂഞ്ഞ് നടവയലിനോട് ടാറ്റാ പറഞ്ഞു. ചെറുപ്പത്തില്‍ എടുത്തുവളര്‍ത്തിയ വീട്ടുകാരുടെ ഒരു മകന്‍ ബാങ്ക് മാനേജര്‍ ആയി മാനന്തവാടിയില്‍ ഉണ്ട്, അദ്ദേഹത്തിന്റെ അടുത്തേക്ക് എന്നാണ് പറഞ്ഞത്.

കുറച്ചുകാലത്തേക്ക് ഒരറിവുമില്ല. പിന്നൊരു ദിവസം ആ ബാങ്കുമാനേജറുമായി വീട്ടില്‍ വന്നു. കല്യാണം ഉറപ്പിച്ചു എന്നറിയിക്കാന്‍. കല്യാണത്തിനുശേഷം ഒരു ചെറിയ പാര്‍ട്ടി നമ്മടെ വീട്ടില്‍ വച്ചും വക്കാന്‍ തീരുമാനിച്ചു.

അയല്‍പക്കക്കാരേയും കുറച്ചു നാട്ടുകാരേയുമൊക്കെ വിളിച്ചു കൂട്ടിയൊരു ടീ പാര്‍ട്ടി. ആ ദിവസം ഞങ്ങള്‍ക്കുമൊരാഘോഷമായി. നമ്മുടെ വീട്ടില്‍ നടത്തുന്ന ആദ്യത്തെപാര്‍ട്ടി. വണ്ണംകുറഞ്ഞു നീളം കൂടിയ , നിറപ്പകിട്ടുള്ള ജ്യൂസ് ഗ്ലാസുകളും പൂക്കളുള്ള ചായഗ്ലാസ്സുകളും ഒക്കെ അമ്മ വാങ്ങിവച്ചിരുന്നു. പലതരം ബിസ്‌കറ്റുകള്‍, ടീ കേക്ക്, ചിപ്‌സ്, പിന്നെ എനിക്കേറെ ഇഷ്ടപ്പെട്ട ജിലേബിയും ലഡുവും. ആദ്യമായാണ് അത്രയധികം മധുരപലഹാരങ്ങള്‍ വീട്ടിലെത്തുന്നത്. മിച്ചം വന്നതൊക്കെയായി ഒരാഴ്ചത്തോളം നമ്മുടെ കാര്യം കുശാല്‍ ..

ജന്മം കൊണ്ടല്ലെങ്കിലും കൂടപ്പിറപ്പുകളായും അമ്മയായും ഒപ്പം ചേര്‍ത്തുനിറുത്തിയവരെ വിട്ടുപോകുന്നതിനാലാവണം വീട്ടില്‍ നിന്ന് തിരിച്ചുപോകുമ്പോള്‍ കുഞ്ഞൂഞ്ഞേട്ടന്റെ മുഖത്ത് പഴയ ആ പ്രസരിപ്പും പ്രകാശമുണ്ടായിരുന്നോ എന്നെനിക്ക് സംശയം തോന്നാതിരുന്നില്ല .

അറിയില്ല, ഇപ്പോഴെവിടാണെന്ന്. പത്തുമുപ്പത്തഞ്ചു വര്‍ഷങ്ങള്‍ക്ക്‌ശേഷവും വീട്ടിലെ അലമാരയില്‍ ആ ജ്യൂസ് ഗ്ലാസ്സുകള്‍ കുഞ്ഞൂഞ്ഞേട്ടന്റെ ഓര്‍മ്മകള്‍ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു.

മക്കളും കൊച്ചുമക്കളുമൊക്കെയായ ഒരുകൂട്ടം 'അലവലാതികളുമായി' എവിടെയോ ഉണ്ടാവണം. അലഞ്ഞുതിരിഞ്ഞ് പഴയ ഓര്‍മകളില്‍ എത്തുമ്പോള്‍ ആ മുഖവും തെളിവോടെ തിളങ്ങി നില്‍ക്കുന്നു.

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

Follow Us:
Download App:
  • android
  • ios