Asianet News MalayalamAsianet News Malayalam

ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

Nee Evideyaanu Sofia Shajahan
Author
Thiruvananthapuram, First Published Jul 18, 2017, 11:33 AM IST

Nee Evideyaanu Sofia Shajahan

പൂക്കളോടും ചെടികളോടും ശലഭങ്ങളോടും ഒക്കെ നിര്‍ത്താതെ സംസാരിയ്ക്കുന്ന ഒരു കുഞ്ഞു മനസ്സിലേയ്ക്കായിരുന്നു അദ്ദേഹത്തിന്റെ കടന്നു വരവ്. തണല്‍ മരങ്ങള്‍ നിഴല്‍ പാകിയ, മഞ്ഞ പൂക്കള്‍ പരവതാനി വിരിച്ച ചരല്‍ മുറ്റത്ത്, പൂക്കളിലൊന്നിനെ പോലും വേദനിപ്പിക്കരുതെന്നപോലെ പതിയെ നടന്നെത്തുന്ന അദ്ദേഹത്തെ കാത്ത് നീളന്‍ പടിക്കെട്ടുകള്‍ തീരുന്നിടത്തു രണ്ടു കുഞ്ഞിക്കണ്ണുകള്‍ ഉണ്ടാവും. സ്‌കൂള്‍ യൂണിഫോമിട്ട, നക്ഷത്രങ്ങളെ കണ്ണുകളില്‍ ഒളിപ്പിച്ച ഒരു അഞ്ചാം കഌസ്സുകാരി.

എത്രയെത്ര വര്‍ഷങ്ങള്‍. ഒരു നിമിഷം നേരം കൊണ്ട് പിന്നോട്ടോടി  ഞാനവിടെ എത്തിനില്‍ക്കുന്നു. കിതപ്പാറ്റുമ്പോഴും മിന്നിമറയുന്ന സ്‌നേഹ ചിത്രങ്ങള്‍. ഇടനാഴിയില്‍ നില്‍ക്കെ കഌസ്സു മുറികളില്‍ ഉയരുന്ന ഒച്ച. ഇടയ്ക്കിടെ ചൂരല്‍ കൊണ്ട് ഡെസ്‌കിനു മേല്‍ അടിയ്ക്കുന്ന ശബ്ദം. ഓര്‍മ്മകള്‍ ഇങ്ങനെയാണ്. ഒന്ന് തൊട്ടാല്‍ പൊട്ടിയൊഴുകാന്‍ പാകത്തില്‍. ഹാ, എന്റെ ബാല്യം, കൂട്ടുകാര്‍, അധ്യാപകര്‍, അസംബ്ലി ഗ്രൗണ്ടിലെ അരഭിത്തി, മൂന്നാം നിലയിലെ കമ്പിയഴികളുള്ള  ജനല്‍ പാളികള്‍, പരീക്ഷ സമയത്തു കൂട്ടം കൂടി ഇരിക്കാറുള്ള പടിക്കെട്ടുകള്‍.

ഒരു വര്‍ഷാന്ത്യത്തിലാണ്  മാഷ് ദൂരെ ഏതോ  സ്ഥലത്തു നിന്ന് എന്റെ സ്‌കൂളിലേക്ക് എത്തുന്നത്. മുതിര്‍ന്ന കുട്ടികളെയായിരുന്നു അദ്ദേഹം പഠിപ്പിക്കുന്നത്. മിത ഭാഷി. ആരോടും അധികം ഇടപഴകാത്ത പ്രകൃതം. ദൈന്യത കൂടു കൂട്ടിയ കണ്ണുകള്‍. വിഷാദം ആ മുഖത്തെ സ്ഥായീ ഭാവം

ഒരു വര്‍ഷാന്ത്യത്തിലാണ്  മാഷ് ദൂരെ ഏതോ  സ്ഥലത്തു നിന്ന് എന്റെ സ്‌കൂളിലേക്ക് എത്തുന്നത്.

വയലിന്‍ വായിക്കുന്ന, കഥകളെഴുതുന്ന, നാടകങ്ങളില്‍ അഭിനയിക്കുന്ന, മൗനത്തിന്റെ ഒരു മഹാ സാഗരം ഉള്ളിലൊളിപ്പിച്ച അധ്യാപകന്‍. പുതുതായി എത്തിയ മാഷ് എല്ലാവര്‍ക്കും ഒരു കൗതുകമായിരുന്നു. പത്താം  ക്ലാസില്‍ അക്കാലത്തു പോഷന്‍സ് തീര്‍ക്കാനായി എക്‌സ്ട്രാസ്  വെയ്ക്കാറുണ്ടായിരുന്നു.. സ്‌കൂള്‍ സമയത്തിന് ശേഷമുള്ള ഒരു മണിക്കൂര്‍ ചേച്ചിയെ കാത്ത് ഒഴിഞ്ഞ വരാന്തയില്‍ ഇരിക്കാറുള്ള എന്നെ അദ്ദേഹം ശ്രദ്ധിച്ചു തുടങ്ങി. 

പിന്നെ ഞങ്ങള്‍ മിണ്ടാന്‍ തുടങ്ങി. ഉച്ച ഭക്ഷണത്തിനു ശേഷമുള്ള സമയം, വൈകുന്നേരങ്ങള്‍ ഒക്കെ കിലുകിലെയുള്ള എന്റെ സംസാരം അദ്ദേഹത്തിന്റെ  ഒറ്റപെടലിനു ആശ്വാസമായിരുന്നിരിക്കണം. അദ്ദേഹത്തെ കുറിച്ചറിയാന്‍ എല്ലാവര്‍ക്കും  കൗതുകമായിരുന്നു. പത്താം തരത്തിലെ ചേച്ചിമാര്‍ തയ്യാറാക്കുന്ന ചോദ്യാവലിയാവും ഞാന്‍ പലപ്പോഴും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ടാവുക. പാട്ടു പാടുമായിരുന്ന, മിമിക്രി പറയുമായിരുന്ന, കഥാപ്രസംഗം പറയുമായിരുന്ന ആ കുട്ടി പതിയെ  മറ്റു അദ്ധ്യാപകരുടേതെന്ന പോലെ  അദ്ദേഹത്തിന്റെയും വാത്സല്യഭാജനമായി.

വേനലവധിക്കാലത്ത് അദ്ദേഹത്തിന്റെ കത്തുകള്‍ എന്നെത്തേടിയെത്തി. കവിതയോളം മനോഹരമായ, പഞ്ചരമണല്‍ ചൊരിഞ്ഞപോലെ അക്ഷരങ്ങള്‍ നിരത്തിയ ഇന്‍ലന്‍ഡ് കത്തുകള്‍.  

വേനലവധിക്കാലത്ത് അദ്ദേഹത്തിന്റെ കത്തുകള്‍ എന്നെത്തേടിയെത്തി.

എന്റെ മറുപടി കത്തുകളില്‍, പഴയ തുണികള്‍ സൂക്ഷിക്കുന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടിക്കുള്ളില്‍ ആരുമറിയാതെ കയറിക്കൂടിയ കള്ളിപ്പൂച്ച പെറ്റിട്ട തൂവെള്ള കുഞ്ഞുങ്ങളുടെ വിശേഷങ്ങളുണ്ടാവും. വീട്ടിലെ  അണ്ണാന്‍ കുഞ്ഞിന് പനിയാണെന്ന ആവലാതിയുണ്ടാവും. മുല്ല ഇത്തവണയും പൂവിട്ടില്ലെന്ന സങ്കടമുണ്ടാവും. നെല്ലിമരം നിറയെ കായ്‌ച്ചെന്ന സന്തോഷം നെല്ലിയിലകള്‍ പോലെ വരികളിലാകെ  നിറയും.

കുഞ്ഞു മനസ് സന്തോഷിച്ച ഒരു വര്‍ഷം.

അടുത്ത വേനലവധി കഴിഞ്ഞ് മാഷ് സ്‌കൂളിലേക്കെത്തിയതേയില്ല. എങ്കിലും മുടക്കമില്ലാത്ത കത്തുകള്‍ അവളെത്തേടി വന്നുകൊണ്ടിരുന്നു. കത്തുകള്‍ക്കിടയിലെ ദൈര്‍ഘ്യം ആഴ്ചകളില്‍ നിന്ന് മാസങ്ങളിലേക്കെത്തി നിന്നു. കത്തുകളില്‍ പ്രാരാബ്ധങ്ങള്‍, നഷ്ടങ്ങള്‍, ജീവിതത്തിന്റെ കടുത്ത പരീക്ഷണങ്ങള്‍. വരികള്‍ക്കിടയിലെ വരികളിലെ വിങ്ങലുകള്‍ വായിച്ചെടുക്കാന്‍ മാത്രം ആ കുഞ്ഞു മനസ് അന്ന് വളര്‍ന്നിരുന്നില്ല. ജീവിതയാത്ര എന്നത് കടുത്ത പരീക്ഷണങ്ങള്‍ക്കുമേല്‍  നടന്നു തീര്‍ക്കാന്‍ നമുക്കനുവദിച്ചു തന്നിരിക്കുന്ന സമയ പരിധി മാത്രമാണെന്നു മനസിലാക്കാന്‍ അവള്‍ക്ക് പക്വത ഉണ്ടായിരുന്നില്ല. 

നന്നായി പഠിക്കണമെന്നും പഠിച്ചു പഠിച്ചു വല്യ ഒരാളാവണമെന്നും നിരന്തരം ഓര്‍മ്മിപ്പിച്ചു ആ കത്ത്. കുഞ്ഞു മനസ്സിന്റെ സ്പന്ദനം അപ്പാടെ അറിഞ്ഞ കത്തുകളുടെ വരവ് ഞാന്‍ പത്താം ക്ലാസ്സിലെത്തിയപ്പോഴേയ്ക്കും നിലച്ചു. ഓരോ തവണ പോസ്റ്റുമാന്‍  സൈക്കിള്‍ മണി മുഴക്കുമ്പോഴും കത്ത് കൂര്‍പ്പിച്ചു കണ്ണ് വിടര്‍ത്തി കാത്തിരുന്നു. പഞ്ചാര മണല്‍ ചൊരിഞ്ഞ പോലെ അക്ഷരങ്ങള്‍ നിരത്തിയ ഒരു ഇളം നീല ഇന്‍ലന്‍ഡ്  അവളെത്തേടി  എത്തുമെന്ന് വെറുതെ വെറുതെ ആശിച്ചു.

കാലങ്ങള്‍ക്കിപ്പുറം, അക്ഷരങ്ങളെ അത്ര കണ്ടു സ്‌നേഹിക്കുന്ന ഒരാളായി ആ കുഞ്ഞ്. അക്ഷരങ്ങളെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച അദ്ദേഹമിപ്പോഴും വാക്കിലും മനസ്സിലുമുണ്ട്.

ഒരിയ്ക്കലും വരാനിടയില്ല ആ കത്ത്. എങ്കിലും, ഇങ്ങനെയൊരു കത്തിന് വേണ്ടി  കാത്തിരിക്കാതെ വയ്യ. 

ഒരു പക്ഷേ, ഇങ്ങനെ തുടങ്ങുന്ന ഒരു കത്ത് എന്നെങ്കിലും തേടിവരുമെന്ന് വരുമെന്ന പ്രതീക്ഷ കാത്തുവെയ്ക്കുന്നുണ്ട് അന്നത്തെ ആ കുട്ടി. 

പ്രിയപ്പെട്ട സോഫി,
ഇടവേളയ്ക്ക്  ശേഷം വീണ്ടും.
ദീര്‍ഘമായ മൗനത്തിന്  ശേഷം വാചാലമാകുമ്പോള്‍  പരിഭവം സ്വാഭാവികമെങ്കിലും 'അരുതേ'  എന്നാണ് മോഹം. 
മറന്നിട്ടല്ല, മന:പൂര്‍വവുമല്ല. ഒരുതരം നിര്‍വികാരത. 
അത് കീഴടക്കിയപ്പോള്‍ പലതും മറന്നു. പലപ്പോഴുംഎന്നെ തന്നെ മറന്നു. 
ക്ഷമിക്കുക....


ജീവിതം ഏറെപ്പഠിപ്പിച്ച, മുതിര്‍ന്നുപോയ, ആ കുട്ടിക്കിപ്പോള്‍ അറിയാം, ഒരിയ്ക്കലും വരാനിടയില്ല ആ കത്ത്. 

എങ്കിലും, ഇങ്ങനെയൊരു കത്തിന് വേണ്ടി  കാത്തിരിക്കാതെ വയ്യ. 

എന്നെങ്കിലും ഒരു മറുപടി എഴുതാന്‍ കഴിയുമെങ്കില്‍, എനിക്ക് പറയാനേറെയുണ്ട്. അക്ഷരങ്ങളോട് ഞാന്‍ കൂട്ടു  കൂടിയത് അക്ഷരങ്ങളെന്റെ പ്രാണനായത്, വീട്ടില്‍ വളര്‍ത്തിയ അണ്ണാന്‍ കുഞ്ഞുങ്ങള്‍ ചത്ത് പോയത്, നെല്ലിമരം ഞാനറിയാതെ മുറിച്ചു മാറ്റിയത്, ഉള്ളിലിപ്പോഴും  ചോര പൊടിയുന്നത, അങ്ങിനെയങ്ങിനെ പറയാതെ പറഞ്ഞ  എത്രയെത്ര  വിശേഷങ്ങള്‍. ഞാനിവിടെത്തന്നെയുണ്ടെന്ന്. ജനലഴികളില്‍ മുഖം ചേര്‍ത്ത് ഒരു മഴ പെയ്തു ഉള്ളു നനച്ചെങ്കിലെന്ന് കൊതിച്ചു ഇവിടെ കഴിയുന്നുവെന്ന് എനിക്ക് എഴുതണം. 

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

Follow Us:
Download App:
  • android
  • ios