ഒരു സ്വാതന്ത്ര്യസമര സേനാനി എന്ന നിലയ്ക്ക് കിട്ടുന്ന ഒരു പെൻഷനോ, ഒരു മെഡലോ പോലും തനിക്ക് വിലമതിക്കാനാകാത്ത അംഗീകാരമാണ് എന്ന് അദ്ദേഹം പറയുമായിരുന്നു. രാഷ്ട്ര സേവനം ചെയ്‍ത അദ്ദേഹത്തിനെ തേടി പക്ഷേ ഒരു പെൻഷനോ, മെഡലോ വന്നിരുന്നില്ല. 2014 മെയ് മാസത്തിൽ ഒരു പ്രധാന റാലിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസി സന്ദർശിച്ചപ്പോൾ അദ്ദേഹത്തിൻ്റെ കാലിൽ തൊട്ട് വന്ദിക്കുകയുണ്ടായി. എന്നാൽ, പിന്നെയും രണ്ടര വർഷത്തോളം കാത്തിരിക്കേണ്ടി വന്നു ആ പാവത്തിന് അദ്ദേഹത്തിൻ്റെ സേവനങ്ങൾക്ക് ഒരു അംഗീകാരം ലഭിക്കാൻ.  

സൈഫുദ്ദീൻ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യത്തെ പേര്.  1902 -ൽ ഉത്തർപ്രദേശിലെ ആസംഗഡ് ജില്ലയിലെ ധക്വാൻ എന്ന ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് ഇമാം അലി ബർമയിലെ റങ്കൂണിലെ ഒരു കാന്റീൻ നടത്തിപ്പുകാരനായിരുന്നു. ഇരുപതുകളുടെ തുടക്കത്തിൽ സൈഫുദ്ദീൻ വീട്ടിൽ നിന്ന് ഓടിപ്പോയി ബ്രിട്ടീഷ് ആർമിയിൽ ചേരുകയായിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടയിൽ, ഒരു ബ്രിട്ടീഷ് ആർമി ഉദ്യോഗസ്ഥൻ വെള്ളക്കാരോട് ഇന്ത്യൻ സൈനികരെ കൊല്ലാൻ ആവശ്യപ്പെടുന്നതായി അദ്ദേഹം കണ്ടു. എല്ലാത്തിനെയും കൊന്നശേഷം സേനയ്ക്ക് ഭക്ഷണം എത്തിക്കാൻ കഴുതകളെ മാത്രം ബാക്കി വയ്ക്കണമെന്ന് പറയുന്നതായും അദ്ദേഹം കേൾക്കാൻ ഇടയായി.

ഈ വിവേചനവും, അനീതിയും കണ്ട് പ്രകോപിതനായ സൈഫുദ്ദീന്‍ ഉദ്യോഗസ്ഥനെ വെടിവച്ച് വീഴ്ത്തി സിംഗപ്പൂരിലേക്ക് ഓടിപ്പോയി. ഇവിടെയാണ് സൈഫുദ്ദീൻ തൻ്റെ പേര് മാറ്റി നിസാമുദ്ദീൻ എന്നാക്കിയത്. നേതാജിയുടെ സാന്നിധ്യത്തിൽ ആസാദ് ഹിന്ദ് ഫൗജിൽ (ഇന്ത്യൻ നാഷണൽ ആർമി) അദ്ദേഹം ചേർന്നു. തുടർന്ന് നിസാമുദ്ദീൻ നേതാജിയുടെ വിശ്വസ്‍ത സഹായിയായിത്തീർന്നു. മലയ രാജാവ് നേതാജിക്ക് സമ്മാനിച്ച കാറിൽ നേതാജിയുടെ ഡ്രൈവറായി അദ്ദേഹം ജോലി നോക്കി.  1943 -നും 1944 -നും ഇടയിൽ നിസാമുദ്ദീൻ ബ്രിട്ടീഷ് സൈന്യത്തിനെതിരെ നേതാജിക്കൊപ്പം ബർമയിലെ വനങ്ങളിൽ പോരാടിയിരുന്നു.

"ഒരിക്കൽ ഞങ്ങൾ കാട്ടിലായിരുന്നപ്പോൾ കുറ്റിച്ചെടികൾക്കിടയിലൂടെ ഒരു തോക്ക് നേതാജിയെ ലക്ഷ്യമാക്കി നീങ്ങുന്നത് കണ്ടു. പെട്ടെന്നുതന്നെ ഞാൻ നേതാജിയുടെ മുന്നിലെത്തി ആ മൂന്ന് വെടിയുണ്ടകളും സ്വയം ഏറ്റുവാങ്ങി. രാജ്യത്തിൻ്റെ നായകനെ രക്ഷിക്കുക മാത്രമായിരുന്നു അപ്പോൾ എൻ്റെ മനസ്സിൽ. വെടിയുണ്ടകളേറ്റ് അവശനായ എൻ്റെ  ബോധം മറഞ്ഞു. ബോധം തെളിഞ്ഞപ്പോൾ നേതാജി എൻ്റെ അരികിൽ നിൽക്കുന്നത് ഞാൻ കണ്ടു. ക്യാപ്റ്റൻ ലക്ഷ്മി സാഹൽ എൻ്റെ ശരീരത്തിൽ നിന്ന് വെടിയുണ്ടകൾ നീക്കം ചെയ്തിരുന്നു. അത് 1943 -ൽ ആയിരുന്നു” അദ്ദേഹം കഴിഞ്ഞ വർഷം നടത്തിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

അദ്ദേഹത്തിൻ്റെ അർപ്പണബോധവും, ധൈര്യവും കണ്ട് നേതാജി അദ്ദേഹത്തെ "കേണൽ" എന്ന് വിളിച്ചു.  ജപ്പാൻ, തായ്ലൻഡ്, കംബോഡിയ, മലേഷ്യ, വിയറ്റ്നാം, സിംഗപ്പൂർ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ നേതാജിയോടൊപ്പം അദ്ദേഹവും പോയി. കനത്ത തോക്കുകൾ കൈകാര്യം ചെയ്യുന്നതിലും ഡ്രൈവിംഗിലുമുള്ള അദ്ദേഹത്തിൻ്റെ വൈദഗ്ദ്ധ്യവും അദ്ദേഹത്തെ നേതാജിയുമായി അടുപ്പിച്ചു.

ജപ്പാനിലെ നിരുപാധികമായ കീഴടങ്ങലിനുശേഷം, നേതാജി ഇന്ത്യൻ നാഷണൽ ആർമിയെ പിരിച്ചുവിട്ടു. തുടർന്ന് നിസാമുദ്ദീൻ അജ്ബൂണിനെ വിവാഹം കഴിക്കുകയും ഒരു ബങ്കിൻ്റെ ഡ്രൈവറായി റങ്കൂണിൽ ജോലിചെയ്യുകയും ചെയ്‍തു. നിസാമുദ്ദീൻ്റെ പുത്രന്മാരും പുത്രിമാരും റങ്കൂണിലാണ് ജനിച്ചത്. 1969 -ൽ കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങിയ നിസാമുദ്ദീൻ സ്വന്തം ഗ്രാമത്തിൽ സ്ഥിരതാമസമാക്കി.

ഏറ്റവും ഞെട്ടിക്കുന്ന ഒരു അവകാശവാദം അദ്ദേഹം ഉന്നയിച്ചതെന്തെന്നാൽ, 1945 -ൽ ഒരു വിമാനാപകടത്തിൽ സുഭാഷ് ചന്ദ്രബോസ് മരിച്ചു എന്ന അനുമാനം പൂർണ്ണമായും തെറ്റാണ് എന്നദ്ദേഹം വാദിച്ചു. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് നേതാജി ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് നിസാമുദ്ദീൻ പറഞ്ഞു. ആ സംഭവത്തിനുശേഷവും ഞാൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നുവെന്നും,  പിന്നെ എങ്ങനെയാണ് വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടുവെന്ന് പറയാൻ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു. "നേതാജിയുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹം ചിലരുടെ അധികാരം നേടുന്നതിനായുള്ള നിക്ഷിപ്‍ത താൽപ്പര്യത്തിൻ്റെ ഭാഗമാണ്” നിസാമുദ്ദീൻ പറഞ്ഞു. അപകടം നടന്ന് മൂന്നുനാല് മാസങ്ങൾക്കുശേഷം ബർമ-തായ്ലൻഡ് അതിർത്തിക്കടുത്തുള്ള സീതാങ്‌പൂർ നദീതീരത്ത് നേതാജിയെ കൊണ്ടുപോയി വിട്ടതായി കേണൽ നിസാമുദ്ദീൻ അവകാശപ്പെട്ടിരുന്നു.  

കളങ്കമില്ലാത്ത ആ രാജ്യസ്നേഹി എല്ലായ്‌പ്പോഴും ആളുകളെ "ജയ് ഹിന്ദ്" എന്ന് പറഞ്ഞാണ് അഭിവാദ്യം ചെയ്തിരുന്നത്. തൻ്റെ വീടിന് "ഹിന്ദ് ഭവൻ" എന്ന് പേരിട്ട അദ്ദേഹം മുകളിൽ ഒരു ത്രിവർണ്ണ നിറം പോലും നൽകിയിരുന്നു. കഴിഞ്ഞ വർഷം അദ്ദേഹത്തിൻ്റെ 116 -ാമത്തെ വയസ്സിൽ അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിൻ്റെ മരണത്തോടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ജീവിക്കുന്ന ഓർമ്മയാണ് ഇല്ലാതായത്. സഹനത്തിൻ്റെയും, പോരാട്ട വീര്യത്തിൻ്റെയും ഒരിക്കലും വിലമതിക്കാനാകാത്ത ചരിത്രം അങ്ങനെ അവസാനിക്കുകയായിരുന്നു.