Asianet News MalayalamAsianet News Malayalam

അധികാരത്തിന്റെ പൊന്നമ്പലമേടുകളില്‍ പ്രവേശനമില്ലാതെ 'അമ്മ മലയാളം'

ശബരിമലയിലെ സ്ത്രീ പ്രവേശനം പോലെ, ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശന വിലക്കു നീങ്ങിയ പോലെ, അവസാനിക്കണം, ഈ മാതൃഭാഷാ അയിത്തവും. അല്ലെങ്കില്‍ നവംബര്‍ ഒന്നിന്റെ മുണ്ടുടുപ്പും  'ഭരണഭാഷാ മാതൃഭാഷാ' പ്രഖ്യാപനങ്ങളുമെല്ലാം വെറും പ്രഹസനങ്ങളായിത്തീരും.

Role of Malayalam language in New kerala by Shiju R
Author
Thiruvananthapuram, First Published Nov 1, 2018, 3:10 PM IST

നവകേരളത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളില്‍ മലയാള ഭാഷയ്ക്ക് എന്തായിരിക്കും ഇടം? കേരളപ്പിറവിയുടെ പശ്ചാത്തലത്തില്‍ മലയാള ഭാഷ കേരളീയ സമൂഹത്തില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചില ആലോചനകള്‍.

Role of Malayalam language in New kerala by Shiju R

നവോത്ഥാന പാരമ്പര്യത്തിന്റെ കടയ്ക്കല്‍ വെട്ടുന്ന ആചാര സംരക്ഷണവാദികളുടെ കലാപാഹ്വാനങ്ങള്‍ക്കിടയിലാണ് ഈ കേരളപ്പിറവി ദിനം കടന്നു പോവുന്നത് . പതിറ്റാണ്ടുകള്‍ക്ക് ശേഷം നവോത്ഥാനത്തെക്കുറിച്ചുള്ള ഗൗരവതരമായ സംവാദങ്ങള്‍ക്ക് തെരുവില്‍ തുടക്കമായിട്ടുണ്ട് . സാമൂഹ്യനീതിയുടേയും ജാതിവിവേചനത്തിന്റെയും ജനാധിപത്യത്തിന്റെയും മുദ്രാവാക്യങ്ങള്‍ ശ്രദ്ധിച്ചതു പോലെ നവോത്ഥാനത്തിന്റെ ചുവരില്‍ത്തെളിഞ്ഞ മാതൃഭാഷാരാഷട്രീയത്തിന്റെ മുദ്രാവാക്യം നാം വേണ്ടത്ര ശ്രദ്ധിച്ചില്ല. 

ചാതുര്‍വര്‍ണ്ണ്യത്തെ ന്യായീകരിക്കാന്‍ സംസ്‌കൃതത്തില്‍ വേദാന്ത സംവാദത്തിനൊരുമ്പെട്ട ബ്രാഹ്മണ പൗരോഹിത്യത്തോട് ശ്രീനാരായണ ഗുരു പറഞ്ഞത് 'നമുക്ക് മലയാളത്തില്‍ സംസാരിക്കാം ... അതാവുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കും മനസ്സിലാവുമല്ലോ' എന്നാണ്. കേള്‍ക്കുന്നവര്‍ക്ക് കാര്യം പിടികിട്ടുന്ന അപനിഗൂഢവല്‍ക്കരണം (Demithification) ആണ് നവോത്ഥാന വിനിമയങ്ങളുടെ ആണിക്കല്ല് . ലളിതമായ കാര്യങ്ങള്‍ പോലും നിഗൂഢവല്‍ക്കരിക്കുക (Mithification ) മതാത്മക ഫ്യൂഡലിസത്തിന്‍േറതും.  ഇത് പുതിയ കാര്യമൊന്നുമല്ല. പുരാണേതിഹാസങ്ങളുടെ സാരവും സൗന്ദര്യവും തങ്ങളുടെ തദ്ദേശഭാഷകളിലാവിഷ്‌കരിച്ച പ്രാചീന കവികള്‍ അക്കാലത്തെ സംസ്‌കൃത പൗരോഹിത്യത്തിന്റെ പരിഹാസങ്ങള്‍ക്ക് പാത്രമാവുന്നുണ്ടല്ലോ! പൂന്താനത്തിന്റെ ഭക്തിയും മേല്‍പുത്തൂരിന്റെ വിഭക്തിയും കഥയും തുഞ്ചന്റെ 'ചക്കിലെന്താടും' എന്ന ചോദ്യവുമെല്ലാം ഈ പരിഹാസത്തിന്റെ ഉദാഹരണങ്ങളാണ് .

ഇവിടെ മാത്രമല്ല ലോകനവോത്ഥാനത്തിന്റെ ആണിക്കല്ല് അധികാരത്തിന്റെ ഭാഷകളില്‍ നിന്ന് ഭരണവും കോടതിയും പഠനവുമെല്ലാം ബഹുജനസംസ്‌കൃതിയുടെ ഭാഷകളിലേക്ക് ഇളക്കി പ്രതിഷ്ഠിച്ച വിപ്ലവങ്ങളാണ്. അങ്ങനെയാണ് ലത്തീനു പകരം ഇറ്റാലിയനും ഇംഗ്ലീഷുമെല്ലാം സാമൂഹ്യ ജീവിതത്തിന്റെ മുഖ്യധാരയില്‍ ഇടം പിടിച്ചത് . 

1969 മുതല്‍ കേരളത്തിന്റെ ഭരണഭാഷയായി മലയാളത്തെ (ന്യൂനപക്ഷ ഭാഷാ സമൂഹങ്ങള്‍ക്ക് അതാത് ഭാഷകളും)  ഔദ്യോഗികമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോഴും  ആ നിയമം പൂര്‍ണ്ണമായി നടപ്പാക്കപ്പെട്ടിട്ടില്ല . പല സര്‍ക്കാര്‍ വകുപ്പുകളുടേയും വിഭാഗങ്ങളുടെയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഇപ്പോഴും ഇംഗ്ലീഷ് മാത്രമായിത്തുടരുന്നുണ്ട്. നേരത്തേ മലയാളത്തില്‍ കൈപ്പടയില്‍ എഴുതിനല്‍കാറുള്ള പല സര്‍ട്ടിഫിക്കറ്റുകളും 'അക്ഷയ' വഴി ഇന്റര്‍നെറ്റിലൂടെ ആയതോടെ വീണ്ടും ഇംഗ്ലീഷായി. ഏറ്റവും താണ മൊബൈല്‍ ഫോണുകളില്‍ പോലും മലയാളം സാദ്ധ്യമാവുന്ന ഒരു കാലത്താണ് കമ്പ്യൂട്ടറൈസേഷന്റെ പേരിലുള്ള ഈ ഇംഗ്ലീഷ് വല്‍ക്കരണം എന്നോര്‍ക്കണം . 

സര്‍ക്കാര്‍ തൊഴില്‍ എന്നത് കേവലമൊരു ഉപജീവന മാര്‍ഗം മാത്രമല്ല. അത് അധികാരത്തിലെ പങ്കാളിത്തമാണ്. പൗരസമൂഹത്തെ സേവിക്കുകയാണ് അതിന്റെ ധര്‍മ്മം. സ്വാഭാവികമായും ജനാധിപത്യ ബോധവും സാമൂഹ്യ സേവന മനോഭാവവും അനിവാര്യമായ ഒരു തൊഴിലിടമാണത്. മേശപ്പുറത്ത് മുന്നിലിരിക്കുന്ന ഫയലുകള്‍ ജീവനില്ലാത്ത കടലാസുകെട്ടുകളല്ല, ജീവനുള്ള മനുഷ്യരുടെ അതിജീവന ശ്രമങ്ങളാണെന്ന വിവേകമാവണം അതിന്  വേണ്ട പ്രാഥമിക യോഗ്യത . 

ഐ.എ.എസ്/ ഐ.പി.എസ്/ യു.പി.എസ്.സി തുടങ്ങിയ പരീക്ഷകള്‍ സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷകളില്‍ എഴുതാം. എന്നാല്‍ എല്‍. ഡി ക്ലര്‍ക്കിന് മുകളിലുള്ള ,ബിരുദം അടിസ്ഥാന യോഗ്യതയായി കണക്കാക്കപ്പെടുന്ന തസ്തികകളിലേക്കുള്ള കേരള പി.എസ് .സി പരീക്ഷകളെല്ലാം ഇംഗ്ലീഷ് മാദ്ധ്യമമായാണ് നടത്തപ്പെടുന്നത് . മാതൃഭാഷയില്‍ പരീക്ഷയെഴുതി വന്ന കലക്ടര്‍ക്ക് കീഴില്‍ തൊഴിലെടുക്കുന്ന സെക്രട്ടറിയാവാന്‍ മാതൃഭാഷ മതിയാവില്ലെന്ന വിചിത്രസ്ഥിതിയാണത്. ഇത് കേവലം ഭാഷാവകാശ പ്രശ്‌നമല്ല . തൊഴിലവസരങ്ങളില്‍ നിന്നും  നഗരകേന്ദ്രിത/സവര്‍ണ്ണ/ സമ്പന്ന വിഭാഗത്തിന് വേണ്ടി ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ഗ്രാമീണ/ അവര്‍ണ്ണ / ദരിദ്ര ജനവിഭാഗത്തെ അരിച്ചു മാറ്റുന്ന അനീതി കൂടിയാണ്. നമ്മുടേതു പോലെ സാമുദായിക ശ്രേണീ പരമായ ബന്ധം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ തൊഴിലുകളിലും അധികാര പദവികളിലുമുള്ള ജനസംഖ്യാനുപാതികമായ സാമുദായിക പ്രാതിനിധ്യം ഉറപ്പുവരുത്തുക  സാമൂഹ്യനീതിയുടെ ഭാഗമാണ്. ഇംഗ്ലീഷ് ഒരു അരിപ്പയാവുമ്പോള്‍ ഈ സാമൂഹ്യ നീതിയാണ് നിഷേധിക്കപ്പെടുന്നത്. തൊഴിലവസരങ്ങളിലെ ഏതു തൊഴിലിനും ആ തൊഴിലഭിരുചിയേക്കാള്‍ പ്രധാനമാണ് ഒരു സവിശേഷ ഭാഷാപരിജ്ഞാനമെന്നത് എന്തൊരു വിചിത്രമായ/ യുക്തിരഹിതമായ നയമാണ്? ഈ അസംബന്ധത്തെ ഇനിയും നാം തിരിച്ചറിഞ്ഞിട്ടില്ല. 

ആവശ്യപ്പെടുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്   (ഭാഷാന്യൂനപക്ഷങ്ങള്‍ക്കടക്കം) മാതൃഭാഷയില്‍  ചോദ്യങ്ങള്‍ നല്‍കാന്‍ പി.എസ്. സി തയ്യാറാവണം. അല്ലാത്തവര്‍ക്ക് ചോദ്യങ്ങള്‍ ഇംഗ്ലീഷിലും നല്‍കട്ടെ. ഈ ആവശ്യത്തെ ഈ രൂപത്തിലല്ല പി.എസ് .സി കൈകാര്യം ചെയ്തത്. മലയാളത്തെ ഒരു വൈജ്ഞാനിക വിഷയം എന്ന നിലയില്‍ പരിഗണിച്ച് നിശ്ചിത മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുകയാണ . അത് വേണ്ട എന്നല്ല, അതിലും പ്രധാനം ആവശ്യക്കാര്‍ക്ക് ചോദ്യങ്ങള്‍ മാതൃഭാഷയില്‍ നല്‍കുക എന്നതാണ് . 

മാതൃഭാഷയിലെ തൊഴില്‍ പരീക്ഷകളും
മാതൃഭാഷാ മാധ്യമ പൊതുവിദ്യാഭ്യാസവും 

പൊതുവിദ്യാഭ്യാസം എന്നത് അതിന്റെ അന്ത:സത്തയില്‍ മാതൃഭാഷാമാധ്യമ പൊതുവിദ്യാഭ്യാസമാണ്. കാരണം കുട്ടി ജീവിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളുമായുള്ള ജൈവബന്ധമാണ് പാഠപുസ്തക അറിവുകളെ  സാമൂഹ്യബന്ധിയും ജീവിതഗന്ധിയുമാക്കുക . പക്ഷേ തൊഴില്‍ പരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന മോഹമാണ് പ്രധാനമായും ആളുകളെ  ഇംഗ്ലീഷ് മീഡിയത്തിന്റെ ആരാധകരാക്കുന്നത്. പി എസ് സി പരീക്ഷകളുടെയും നീറ്റ് അടക്കമുള്ള എന്‍ട്രന്‍സ് പരീക്ഷകളുടേയും ചോദ്യങ്ങള്‍ മാതൃഭാഷയില്‍ ലഭിക്കുന്നതോടെ ഇംഗ്ലീഷ് മീഡിയം ഭ്രമത്തിന് ഒരു വിധം ശമനമാവും .

ഇംഗ്ലീഷിനോടുള്ള വിരോധമല്ല  ഈ കുറിപ്പിന്റെ വികാരം.  ഇംഗ്ലീഷ് ഇപ്പോള്‍ പഠിക്കുന്നതിലും നന്നായി പഠിക്കട്ടെ എന്നു തന്നെയാണ് അഭിപ്രായം. പക്ഷേ രാജ്യത്തിന്റെ ആഭ്യന്തര മണ്ഡലത്തില്‍, സ്വന്തം നാട്ടില്‍ മറ്റേതു സിദ്ധിയേക്കാളും കാര്യം ഒരു അന്യഭാഷാ പ്രാവീണ്യം മാത്രമാണ് എന്നത് ഒരുതരം അടിമത്തമാണ് . 

മതം/ ജാതി/ ലിംഗം തുടങ്ങിയവ മുന്‍നിര്‍ത്തിയെന്നതു പോലെ ഭാഷയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളും ഭരണഘടനാ വിരുദ്ധമാണ് . അതുകൊണ്ടാണ് ഒരോ സംസ്ഥാനത്തും അതിര്‍ത്തികളിലെ ന്യൂനപക്ഷ ഭാഷാ സമൂഹങ്ങള്‍ക്ക് സവിശേഷ പരിഗണനയും സംരക്ഷണവും ഭരണഘടന ഉറപ്പുവരുത്തിയത് . സംസ്ഥാനങ്ങളിലെ  പ്രബല ഭാഷകള്‍  അതിര്‍ത്തികളിലെ ന്യൂനപക്ഷ ഭാഷകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചേക്കുമെന്ന ഭയവും ഉള്‍ക്കാഴ്ചയും ഭരണഘടനാ ശില്‍പികള്‍ക്കുണ്ട് . എന്നാല്‍ സ്വന്തം നാട്ടില്‍ ഒരു ഭാഷ  ഇങ്ങനെ  ആത്മാഹുതിക്ക്  തയ്യാറാവുമെന്ന്  അന്ന് അവര്‍  മുന്‍കൂട്ടി കണ്ടിട്ടുണ്ടാവില്ല  .

സ്ത്രീകള്‍ ക്ഷേത്ര പ്രവേശനത്തിലനുഭവിക്കുന്ന വിലക്കുകള്‍ ഭരണഘടനാ ദത്തമായ മൗലികാവകാശങ്ങളുടെ വെളിച്ചത്തില്‍ സുപ്രീം കോടതി നീക്കം ചെയ്തല്ലോ. ആര്‍ത്തവമെന്ന സ്ത്രീയുടെ അമ്മയാവല്‍ ശേഷിയാണല്ലോ ഈ വിലക്കിന്റെ അടിസ്ഥാനം. ആര്‍ജിക്കുന്ന അറിവുകള്‍ സര്‍ഗ്ഗാത്മകമായി പുനരുല്‍പാദിപ്പിക്കാന്‍ ശേഷി നല്‍കുന്ന ഭാഷയാണ് ഒരാളുടെ മാതൃഭാഷ. ഈ സൃഷ്ടിപരതയാണ് ഒരു വ്യക്തിയുടെ മാതൃഭാഷയെ അവള്‍ക്കറിയാവുന്ന മറ്റെല്ലാ ഭാഷകളില്‍ നിന്നും വേറിട്ടതാക്കുന്നത് . പേരിലെ 'മാതൃ'ഭാവം പോലെ സത്തയിലും  സ്‌ത്രൈണമാണ് അതിന്റെ സര്‍ഗപരതകൊണ്ട്, മാതൃഭാഷ.  പക്ഷേ അധികാരത്തിന്റെ പൊന്നമ്പലമേടുകളില്‍ ഇന്നും  ഈ അമ്മഭാഷ ഒരു തീണ്ടാരിപ്പെണ്ണു മാത്രമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനം പോലെ, ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശന വിലക്കു നീങ്ങിയ പോലെ, അവസാനിക്കണം, ഈ മാതൃഭാഷാ അയിത്തവും. അല്ലെങ്കില്‍ നവംബര്‍ ഒന്നിന്റെ മുണ്ടുടുപ്പും  'ഭരണഭാഷാ മാതൃഭാഷാ' പ്രഖ്യാപനങ്ങളുമെല്ലാം വെറും പ്രഹസനങ്ങളായിത്തീരും.

Follow Us:
Download App:
  • android
  • ios