Asianet News MalayalamAsianet News Malayalam

പെനാല്‍റ്റിബോക്സ് വിട്ടിറങ്ങുമ്പോള്‍ ഹിഗ്വിറ്റയ്ക്ക് നഷ്ടമായത്

  • ത്രോഇന്‍...!
  • ഫുട്‌ബോളില്‍ കൈക്കെന്ത് കാര്യം? 
  • ഷാജു വീവി എഴുതുന്നു
Shaju VV on Rene Higuita
Author
First Published Jun 25, 2018, 6:29 PM IST

പെനാല്‍റ്റിബോക്‌സില്‍നിന്ന് ഇറങ്ങി എതിര്‍ഗോള്‍മുഖം ലക്ഷ്യവച്ചു കുതിക്കുന്ന,  ഗോള്‍കീപ്പിങ്ങിലെ സാമ്പ്രദായിക കീഴ് വഴക്കങ്ങളുടെ സൗന്ദര്യശാസ്ത്രങ്ങള്‍ ലംഘിച്ച ഹിഗ്വിറ്റയെ ലോകം മുഴുവന്‍ നെഞ്ചിലേറ്റിയിട്ടുണ്ട്. എന്നാല്‍ പെനാല്‍റ്റിബോക്‌സ് വിട്ടു മൈതാനമധ്യത്തിലേക്കിറങ്ങുന്ന ഹിഗ്വിറ്റ അതിലൂടെ കരഗതമാക്കുന്ന സ്വാതന്ത്ര്യം മാത്രമല്ല ഉള്ളത്. നഷ്ടപ്പെടുത്തുന്ന അപൂര്‍വ്വ പ്രത്യേക അവകാശവുമുണ്ട്.

Shaju VV on Rene Higuita

ഗോള്‍കീപ്പറുടെ സ്വാതന്ത്ര്യമില്ലായ്മയെക്കുറിച്ചേ നാം ഓര്‍ക്കാറുള്ളൂ. 

ഹിഗ്വിറ്റയെന്ന കഥയില്‍ ഗോള്‍പോസ്റ്റിനുകീഴില്‍ അയാള്‍ അനുഭവിക്കുന്ന ഏകാന്തതയെക്കുറിച്ച് എന്‍.എസ് മാധവന്‍ എഴുതിയിട്ടുണ്ട്.

പെനാല്‍റ്റിബോക്‌സില്‍നിന്ന് ഇറങ്ങി എതിര്‍ഗോള്‍മുഖം ലക്ഷ്യവച്ചു കുതിക്കുന്ന,  ഗോള്‍കീപ്പിങ്ങിലെ സാമ്പ്രദായിക കീഴ് വഴക്കങ്ങളുടെ സൗന്ദര്യശാസ്ത്രങ്ങള്‍ ലംഘിച്ച ഹിഗ്വിറ്റയെ ലോകം മുഴുവന്‍ നെഞ്ചിലേറ്റിയിട്ടുണ്ട്. എന്നാല്‍ പെനാല്‍റ്റിബോക്‌സ് വിട്ടു മൈതാനമധ്യത്തിലേക്കിറങ്ങുന്ന ഹിഗ്വിറ്റ അതിലൂടെ കരഗതമാക്കുന്ന സ്വാതന്ത്ര്യം മാത്രമല്ല ഉള്ളത്. നഷ്ടപ്പെടുത്തുന്ന അപൂര്‍വ്വ പ്രത്യേക അവകാശവുമുണ്ട്.

എന്താണത്?

അതോടെ കാല്‍പ്പന്തിനെ കൈകൊണ്ട് കൈകാര്യം ചെയ്യാനാകുന്ന, ഗോള്‍വലയം കാക്കുന്നവര്‍ക്ക് മാത്രമുള്ള അധികാരം(കളിയിലെ ഇരുപത്തിരണ്ടില്‍ രണ്ടേ രണ്ടു പേര്‍ക്കുള്ള ന്യൂനപക്ഷാവകാശം!) പെനാല്‍റ്റിബോക്‌സ് വിട്ടിറങ്ങുന്ന നിമിഷം ഗോള്‍കീപ്പറില്‍നിന്ന് പിന്‍വലിക്കപ്പെടുന്നു. യാഥാസ്ഥിതികനില വിടുമ്പോള്‍ നഷ്ടമാകുന്ന സാമ്പ്രദായിക അവകാശത്തിന്റെ കഥയാണത്.

കാല്‍ പെരുമാറുമ്പോള്‍ പന്ത് സഞ്ചരിക്കുന്ന ദൂരം കൈകള്‍ക്ക് സ്വപ്നം കാണാന്‍ ആകില്ല.

ഫുട്‌ബോളിനോട് അടിമുടി കളിക്കാവുന്ന കളിക്കാരന്‍ ഗോളിയാണ്. ഉടല്‍ മുഴുവന്‍ കൊണ്ട് കാല്‍പ്പന്തു കളിക്കാവുന്ന പരമാധികാരി. കളിയുടെ പേര് കാല്‍പന്തുകളി എന്നായിട്ടും...

മറ്റു കളിക്കാര്‍ ബോധപൂര്‍വ്വം കൈ കൊണ്ട് കളിച്ചാല്‍ ആ ഉദ്ദേശ്യത്തിന്റെ ഗൗരവത്തിനനുസരിച്ചു ശിക്ഷ ലഭിക്കും. മറഡോണയെപ്പോലുള്ള 
സെലിബ്രിറ്റിയായ പ്രതിഭ കൈ കൊണ്ട് ഗോളടിച്ചാല്‍ ആ ബോധപൂര്‍വ്വത ദൈവത്തിന്റെ കൈകള്‍ക്ക് ചാര്‍ത്തി രക്ഷപ്പെടുത്തുമെങ്കിലും.

മറ്റു കളിക്കാര്‍ക്ക് കൈ കൊണ്ട് പന്തിനെ ലാളിക്കാന്‍ ആകുന്ന ഒരേയോരവസരം ത്രോ ഇന്‍ ചെയ്യുമ്പോഴാണ്. എതിരാളിയുടെ ശരീരത്തില്‍തട്ടി  പന്ത് മൈതാനത്തിനു പുറത്തുപോകുമ്പോള്‍ ലഭിക്കുന്ന അവസരം.

ഗ്രൗണ്ടിനു പുറത്തല്ല അകത്താണ് കളിയെന്നു ഓര്‍മ്മപ്പെടുത്തുകകൂടിയാണ് ത്രോ ഇന്‍ ശിക്ഷ. കളികള്‍ മൈതാനത്തിനു അകത്തു നടക്കുമ്പോഴും വെളിയില്‍ വച്ചാണ് യഥാര്‍ത്ഥ അങ്കം നടക്കുന്നത് എന്ന് ഗാലറിയിലെ ഭ്രാന്തന്‍ ആരാധകരുടെ യുദ്ധങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പ്രതീകാത്മക പോരാട്ടമായി കളിയെ കാണുന്ന ദേശ രാഷ്ട്ര ഉന്മാദവും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ഗ്രൗണ്ടിനു പുറത്തല്ല അകത്താണ് കളിയെന്നു ഓര്‍മ്മപ്പെടുത്തുകകൂടിയാണ് ത്രോ ഇന്‍ ശിക്ഷ.

മൈതാനവും ഗാലറിയും കളിക്കാരും ചേരുന്ന സിംഫണിയാണ് കാല്‍പന്തുകളി.

മുന്നിട്ടുനില്‍ക്കുന്ന ടീമിലെ കളിക്കാരന്‍ മൈതാനത്തിനു വെളിയിലേക്ക് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഇല്ലാതെ അലക്ഷ്യലക്ഷ്യത്തോടെ പന്തടിച്ചു അകറ്റുമ്പോഴാണ് ത്രോ ഇന്‍ ശിക്ഷ മാതൃകാപരമാകുന്നത്.

ഗോള്‍ പോസ്റ്റിനു ഇരുവശത്തെക്കുമാണ് പന്ത് എതിരാളി തട്ടിപ്പുറത്തിട്ടതെങ്കില്‍ ഗോള്‍കിക്കും നിങ്ങള്‍ ആണെങ്കില്‍ കോര്‍ണര്‍ കിക്കുമാണ് നല്‍കുക.

എറിഞ്ഞ പന്ത് എവിടെയും തൊടാതെ ഗോള്‍വലയത്തിനുള്ളില്‍ വീണിട്ടു കാര്യമൊന്നുമില്ല. കാലിനില്ലാത്ത അയിത്തം അപ്പോഴും കൈക്കുണ്ട്. ഫുട്ബാള്‍ കാലിന്റെ കളിയാണെന്നു ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്ന  ത്രോ ഇന്‍ മുഹൂര്‍ത്തമാണ് അത്തരം വിഫല ഗോള്‍വലയപ്രവേശങ്ങള്‍.

റോബര്‍ട്ടോ കാര്‍ലോസിന്റെ ഫ്രീകിക്ക് വിസ്മയം കണ്ണിനു നല്‍കാന്‍ ഒരു ത്രോഇന്‍ കലാകാരനു കഴിയുമെങ്കിലും...

മൈതാനത്തിനു വെളിയില്‍ നിന്നോ അതിര്‍ത്തി രേഖയില്‍ വച്ചോ ത്രോഇന്‍ ചെയ്യാം. മൈതാനത്തിനു അഭിമുഖമായിനിന്ന് ഇരു കൈകളുംകൊണ്ട്.

കാല്‍ പെരുമാറുമ്പോള്‍ പന്ത് സഞ്ചരിക്കുന്ന ദൂരം കൈകള്‍ക്ക് സ്വപ്നം കാണാന്‍ ആകില്ല.

എന്നിട്ടും ഫുട്‌ബോള്‍ ചരിത്രത്തില്‍ മാന്ത്രിക എറുകാര്‍ ധാരാളം ഉണ്ടായിട്ടുണ്ട്.

ഒറ്റക്കൈ കൊണ്ട് വന്‍മലയെ കാതങ്ങള്‍ക്കപ്പുറം എറിയുന്ന കരുത്തരായ ഷോട്ട്പുട്ട് താരങ്ങളെ ഓര്‍മ്മിപ്പിക്കുന്നവര്‍. താന്‍ ലക്ഷ്യം വച്ച കൂട്ടുകാരന്റെ കാലില്‍ സ്വന്തം കൈക്കവിതയെ ഭദ്രമയെത്തിക്കുന്നവര്‍. പന്ത് കവര്‍ച്ചക്കാരായ എതിരാളികളുടെ പ്രാപ്പിടിയന്‍ കണ്ണുകളെ മയക്കി കൂട്ടുകാരനുമായുള്ള ഉടമ്പടി കാക്കുന്നവര്‍.

കോര്‍ണര്‍ കിക്കുകളെ വെല്ലുംവിധം ഗോള്‍മുഖത്തു മിന്നല്‍ വിരിയിക്കുന്നവര്‍. ഫ്രീകിക്കിലെ ഉസ്താദുമാരെ ലജ്ജിപ്പിക്കുംവിധം കൈപന്തിനെ യുദ്ധഭൂമിയിലെ നിര്‍ണ്ണായക പ്രദേശത്തു ഷെല്ലിനെക്കാള്‍  മാരകമായി വര്‍ഷിക്കുന്നവര്‍.

ഫുട്ബാളില്‍ കൈക്ക് വിലക്ക് ഇല്ലായിരുന്നെങ്കില്‍ അത് കുറെക്കൂടി സുന്ദരമാകുമേനെ എന്ന് ദൃഷ്ടാന്തം ചമയ്ക്കുന്നുണ്ട് ഏറിലെ കലാകാരന്മാര്‍.

തലയ്ക്കും മുലയ്ക്കും നിര്‍ബാധം കളിക്കാവുന്ന ഒരു കളിയില്‍ കയ്യിനെ തൊടാനാവാത്ത അകലത്തില്‍ നിര്‍ത്തിയതു എന്താവും? 

മനുഷ്യ ചിന്തയില്‍ രൂഢമൂലമായ വിപരീത യുക്തി കാരണമാകുമോ? കാലിന്റെ എതിര് കയ്യ് എന്ന ദ്വൈതചിന്ത?
 

Follow Us:
Download App:
  • android
  • ios