കലാകാരന്മാർ സ്വന്തം ഛായാചിത്രങ്ങൾ വരക്കുന്നത് ഇതാദ്യമായല്ല. എന്നാൽ, ഇങ്ങനെ വരയ്ക്കുന്നത് ഒരുപക്ഷേ ആദ്യമായിരിക്കും. എങ്ങനെ എന്നല്ലേ? സീമസ് വ്രേ എന്ന കലാകാരൻ തന്റെ ഛായാചിത്രങ്ങൾ ഒരു കണ്ണാടിയിലെന്നപോലെ വരയ്ക്കാൻ ശ്രമിച്ചിരിക്കയാണ്. അതും ഒരുപ്രാവശ്യമല്ല പലപ്രാവശ്യം. അദ്ദേഹം തന്റെ ഛായാചിത്രങ്ങളിലൂടെ കലയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുകയാണ്. കേൾക്കുമ്പോൾ ഒന്നും മനസിലാകില്ലെങ്കിലും, അദ്ദേഹത്തിന്റെ ചിത്രങ്ങൾ ആശയകുഴപ്പമെല്ലാം ഇല്ലാതാക്കും.      

ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കലാകാരൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‍തമായാണ് സ്വന്തം ഛായാചിത്രങ്ങൾ വരയ്ക്കുന്നത്. സീമസ് വ്രേ ഏത് പോസിൽ നിന്നാണോ ചിത്രം വരയ്‍ക്കുന്നത് ആ പോസാണ് ചിത്രത്തിൽ അദ്ദേഹം കാണിച്ചിരിക്കുന്നത്. ഒരു ഫോട്ടോയിലെന്ന പോലെയുള്ള തന്റെ രൂപം അദ്ദേഹം വരയ്ക്കുന്നു. തുടർന്ന് അദ്ദേഹം അഞ്ച് തവണ ആ പ്രക്രിയ ആവർത്തിച്ചു, അതിന്റെ ഫലമായി ചിത്രത്തിനുള്ളിലെ ചിത്രമായി അത് മാറി.  

ഒരു ചിത്രം, അതിനുള്ളിൽ മറ്റൊരു ചിത്രം, അതിനകത്ത് മറ്റൊരു ചിത്രം, അതിനകത്ത് മറ്റൊരു ചിത്രം ഇങ്ങനെ നീണ്ടുപോകുന്നു ആ ചിത്രത്തിന്റെ നിര. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ, നിങ്ങൾ അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രം മുതൽ കാണാൻ തുടങ്ങണം. അടുത്തിടെയാണ്, സീമസ് വ്രേ സ്വന്തം ഛായാചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടത്. അതിൽ അദ്ദേഹം അദ്ദേഹത്തെ തന്നെ വരക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. A self portrait painting myself. oil on canvas (sic) എന്ന് അദ്ദേഹം ചിത്രത്തിന് അടിക്കുറിപ്പും നൽകി.
 

എന്നിരുന്നാലും, സീമസ് അതോടെ നിർത്തിയില്ല. അദ്ദേഹം മറ്റൊരു കലാസൃഷ്‌ടി നടത്തി. അതിൽ അദ്ദേഹം സ്വന്തം ഛായാചിത്രത്തിന്റെ ചിത്രം വരച്ചു. I painted a painting of me painting myself. Oil on canvas (sic) എന്ന് അദ്ദേഹം പോസ്റ്റിൽ അടിക്കുറിപ്പ് നൽകി. പിന്നെയും അദ്ദേഹം ഈ പ്രക്രിയ തുടർന്നു. സീമസ് മറ്റൊരു ഛായാചിത്രം പോസ്റ്റുചെയ്‍ത് അതിന്റെ അടിയിൽ ഇങ്ങനെ എഴുതി, I drew a picture of me painting a picture of me painting myself painting myself. Mixed media on canvas (sic) അപ്പോഴേക്കും ആസ്വാദകർ ശരിക്കും ആശയക്കുഴപ്പത്തിലായി. എന്നാൽ, അവിടം കൊണ്ടും അദ്ദേഹം നിർത്തിയില്ല. അദ്ദേഹം തന്റെ വര തുടർന്നുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം അവസാന ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. 

അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഈ നിര കണ്ട് ആസ്വാദകർ ശരിക്കും ത്രില്ലടിച്ചിരികയാണ്. ഇനി എപ്പോഴാണ് അദ്ദേഹം തന്‍റെ അടുത്ത ചിത്രം പോസ്റ്റ് ചെയ്യുക എന്ന് ഉറ്റുനോക്കിയിരിക്കുകയാണ് അവർ. അദ്ദേഹത്തിന് ഇൻസ്റ്റാഗ്രാമിൽ 30, 000 -ത്തിന് മീതെ ഫോള്ളോവേഴ്‍സ് ഉണ്ട്. ഈ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ അദ്ദേഹം തരംഗമാവുകയാണ്.