കൊറോണ വൈറസ് ആദ്യം കണ്ടെത്തിയത് ചൈനയിലാണെങ്കിലും അധികം താമസിയാതെ അത് അവിടെനിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പടർന്നുകയറുകയായിരുന്നു. ചൈനയിൽ നിന്ന് 10,000 കിലോമീറ്റർ ദൂരത്തിൽ കിടക്കുന്ന സമ്പന്ന യൂറോപ്യൻ രാജ്യങ്ങളിൽ വരെ പകർച്ചവ്യാധി നിയന്ത്രണാതീതമായപ്പോൾ, ചൈനയുടെ തൊട്ടടുത്ത് കിടക്കുന്ന വിയറ്റ്നാം അതിനെ വേഗത്തിൽ കീഴടക്കി.  COVID-19 -നെ നിയന്ത്രിക്കാൻ മറ്റ് രാജ്യങ്ങൾ കഠിനമായി പരിശ്രമിക്കുമ്പോൾ, ഈ ദക്ഷിണേഷ്യൻ രാജ്യം ലോക്ക് ഡൗണും മറ്റ് പ്രതിരോധ നടപടികളും പിൻവലിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. ഇത്രയും കാലത്തിനിടയിൽ ആകെ 327 പേർക്കാണ് അവിടെ അസുഖം ബാധിച്ചിട്ടുള്ളത്. അതും ഇതുവരെ ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടുമില്ല. ചൈനയുടെ തൊട്ടടുത്ത കിടക്കുന്ന ജനസാന്ദ്രതയുള്ള വിയറ്റ്നാമിൽ കൊറോണ വൈറസിനെ നേരിടാൻ ആവശ്യമായ മികച്ച ആരോഗ്യസംരക്ഷണ സംവിധാനമോ, പണമോ ഒന്നുമില്ല. എന്നിട്ടും എങ്ങനെയാണ് ആ രാജ്യത്തിന് രോഗബാധാ നിരക്ക് വളരെ താഴ്ന്ന നിലയിൽ നിലനിർത്താൻ കഴിഞ്ഞത്?

ചൈനയുമായി വലിയൊരു ഭാഗം അതിർത്തി പങ്കിടുന്ന വിയറ്റ്നാം തുടക്കത്തിൽ ഉയർന്ന അപകടസാധ്യതയുള്ള ഒരു രാജ്യമായിരുന്നു. ലോകമെമ്പാടുമുള്ള ആളുകൾ ഒരു ദുരന്തം പ്രതീക്ഷിച്ചിരുന്നുവെങ്കിലും, വൈറസിനെതിരെ വിയറ്റ്നാം ശക്തമായി തന്നെ രംഗത്തുവന്നു. വിയറ്റ്‌നാമിന്റെ ഈ വിജയത്തിന് പിന്നിൽ തുടക്കം മുതലേ അവർ സ്വീകരിച്ച കടുത്ത നിയന്ത്രണങ്ങളാണ് കാരണം. ഒരുപക്ഷെ തുടക്കത്തിൽ ഈ നിയന്ത്രണങ്ങൾ കുറച്ച് അതിര് കടന്നില്ലേ എന്ന് തോന്നി പോയിരുന്നുവെങ്കിലും, പിൽക്കാലത്ത് അത് മാത്രമായിരുന്നു ശരിയെന്നു അവിടത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു.  രാജ്യത്ത് COVID-19 കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുമ്പുതന്നെ വിയറ്റ്നാം സർക്കാർ വിപുലമായ നടപടികൾക്കായി ആസൂത്രണം ആരംഭിച്ചു. അയൽരാജ്യമായ ചൈനയിൽ രണ്ട് മരണങ്ങൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട സമയത്താണ്, വിയറ്റ്നാം വൈറസിനെ പ്രതിരോധിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്.

രാജ്യത്ത് വൈറസിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തയുടനെ തന്നെ, അടിയന്തര നടപടികളിലേക്ക് വിയറ്റ്നാം കടന്നു. യാത്രാ നിയന്ത്രണങ്ങൾ, വിസ റദ്ദാക്കൽ, ചൈന-വിയറ്റ്നാം അതിർത്തി അടച്ചിടുക, ആരോഗ്യ പരിശോധന വർദ്ധിപ്പിക്കുക എന്നീ കാര്യങ്ങൾ അവർ നടപ്പിലാക്കി. ആദ്യകേസ് റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ തന്നെ അവർ 14 ദിവസത്തെ ക്വാറന്റൈനും നടപ്പിലാക്കി. ഇത്തരം നടപടികൾ വഴി അങ്ങനെ 9.5 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് മൊത്തം ലോക്ക് ഡൗൺ ഇല്ലാതെ തന്നെ അണുബാധ നിരക്ക് താഴെ കൊണ്ടുവരാൻ അവർക്കായി. വിയറ്റ്നാമിന്റെ ഈ വേഗത്തിലുള്ള നടപടികൾക്ക് പിന്നിൽ SARS പകർച്ചവ്യാധിയെ നേരിടുന്നതിൽ അവർക്കുണ്ടായ പരിചയസമ്പത്തുമാണ്. പല രാജ്യങ്ങളും അടിച്ചേൽപ്പിക്കപ്പെട്ട ലോക്ക് ഡൗണിനും നിയന്ത്രണങ്ങൾക്കും എതിരെ പ്രതിഷേധിക്കുമ്പോൾ വിയറ്റ്നാമിലെ ജനങ്ങൾ ഈ നിയന്ത്രണങ്ങളെ ഗൗരവത്തോടെ സ്വീകരിക്കുകയും, സുരക്ഷാനടപടികൾ വിന്യസിക്കാൻ അനുവദിക്കുകയും, വൈറസ് വ്യാപനം തടയുകയും ചെയ്തു.  

കമ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്നാമിൽ സൈനികരെയും പൊലീസിനെയും ഉപയോഗിച്ച് സർക്കാരിന് രോഗബാധിതരുമായി സമ്പർക്കം പുലർത്തുന്നവരെ കണ്ടെത്താനും ക്വാറന്‍റൈനിലാക്കാനും പതിനായിരക്കണക്കിന് യാത്രക്കാരെ കസ്റ്റഡിയിലെടുക്കാനും സോഷ്യൽ മീഡിയ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് കനത്ത പിഴ ഈടാക്കാനും കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഒരിക്കൽ 10,000 ആളുകളുള്ള ഒരു സമുദായത്തെ മൂന്നാഴ്ചത്തേക്ക് ക്വാറന്‍റൈന്‍ ചെയ്യുകയും ചെയ്തു അവർ. ചൈനയ്ക്ക് പുറത്ത് കൂട്ടത്തോടെ ക്വാറന്റൈനെ ചെയ്‌ത ആദ്യത്തെ രാജ്യമായി ഇതോടെ വിയറ്റ്നാം മാറി. ചൈനയുമായി അതിർത്തികൾ പങ്കിട്ടിട്ടും, ജനസംഖ്യയുള്ള ഒരു രാജ്യമായിരുന്നിട്ടും, വിപുലമായ പരിശോധനയ്ക്കുള്ള സംവിധാനങ്ങളോ, ഡിജിറ്റൽ ട്രാക്കിംഗ് പോലുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങളോ ഒന്നുമില്ലാതിരുന്നിട്ടുപോലും വിയറ്റ്നാം പകർച്ചവ്യാധിയെ തോൽപ്പിച്ചു. 

ഈ പകർച്ച വ്യാധിയെ തോൽപിക്കാൻ ഒരു രാജ്യം ഒറ്റക്കെട്ടായി നിന്ന് പോരാടേണ്ടതാണെന്ന് അവരുടെ വിജയം നമുക്ക് കാണിച്ചു തരുന്നു. വിജയിക്കാൻ നമുക്കും സാധിക്കും, അതിന് സർക്കാരും ജനങ്ങളും ഒരുപോലെ ഉത്തരവാദിത്വം പങ്കിടണം എന്ന് മാത്രം.