Asianet News MalayalamAsianet News Malayalam

ഏദന്‍തോട്ടം ഇതാ, ഇവിടെയാണ്!

ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് കാശ്മീരാണെന്ന് കവികള്‍ വാഴ്ത്തിപ്പാടിയതില്‍ തെല്ലും അതിശയോക്തിയില്ലെന്ന് കാശ്മീര്‍  ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിട്ടുള്ളവര്‍ തല കുലുക്കി സമ്മതിക്കും. അത്രയ്ക്കുണ്ട് ആ മണ്ണിന്റെ വശ്യത.  

Yasmin NK on kashmir trip
Author
Thiruvananthapuram, First Published Feb 17, 2017, 10:02 AM IST
  • Facebook
  • Twitter
  • Whatsapp

Yasmin NK on kashmir trip

മനം മയക്കുന്ന പൂന്തോട്ടങ്ങള്‍, ലാസ്യ ഭാവത്തില്‍ ഒരു വശം ചരിഞ്ഞ് കിടക്കുന്ന താഴ്‌വാരങ്ങള്‍, ആ ലാസ്യ ഭാവത്തിനു മിഴിവേകാന്‍ അരികു പറ്റി ദേവദാരുകളും ചിനാറുകളും. മദം പൊട്ടി , പൊട്ടിച്ചിരിക്കുന്ന നദികള്‍, അരുവികള്‍, വെള്ളത്തിനു മഞ്ഞിന്റെ കുളിര്‍മ്മ. അകലെ മഞ്ഞ് പുതച്ചുറങ്ങുന്ന മലനിരകള്‍. വെയിലേറ്റാല്‍ അവ വെട്ടി തിളങ്ങും. നഗരത്തിന്റെ ജീവ നാഡിയായി ഒഴുകുന്ന ദാല്‍ ലെയ്ക്ക്. സഞ്ചാരികളെ കാത്ത് ഓളങ്ങളില്‍ അമ്മാനമാടിക്കളിക്കുന്ന വര്‍ണ ശബളമായ നൗകകള്‍. ഒഴുകുന്ന പച്ചക്കറി കടകളും പൂന്തോപ്പുകളും. നമ്മള്‍ ചിത്രങ്ങളില്‍ കണ്ട് ശീലിച്ച ഒഴുകി നടക്കുന്ന പൂക്കടകളും സുന്ദരികളായ കാശ്മീര്‍ പെണ്ണുങ്ങളും.  ആപ്പിളുകളും ആപ്രിക്കൊട്ടും തുടങ്ങി കുങ്കുമം വരെ ദാല്‍ ലെയ്ക്കില്‍ ഒഴുകി നടക്കുന്ന നൗകകളില്‍ നിന്നും വാങ്ങാന്‍ കിട്ടും.

 

മുറിവു മരങ്ങളിലെ വസന്തം 
അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഈ ലെയ്ക്കിനു ചുറ്റുമാണു ശ്രീനഗര്‍, അതിന്റെ എല്ലാ പ്രൗഢിയോടെയും വിളങ്ങി നില്‍ക്കുന്നത്. റിക്ഷാക്കാരും വഴി വാണിഭക്കാരും തുടങ്ങി ഹോട്ടലുകളിലേക്കും മറ്റ് ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് വാഹനം ഏര്‍പ്പാടാക്കി കൊടുക്കുന്നവര്‍ വരെ ഈ ലെയ്ക്കിനു ചുറ്റും കറങ്ങുന്നു. അവര്‍ക്കറിയാം അവരുടെ അന്നം ഈ ലെയ്ക്കിനു ചുറ്റുമാണെന്ന്. ഒരു സാധാരണ കാശ്മീരിയെ സംബന്ധിച്ച് കാശ്മീര്‍ അവന്റെ രാജ്യമാണ്. സമാധാനവും സന്തോഷവും ജീവിക്കാനുള്ള അവകാശവും മാത്രമാണു അവന്റെ സ്വപ്നങ്ങളില്‍. പ്രണയവും വിരഹവും കവിതയും യാത്രയുമെല്ലാം മറ്റേതൊരു പ്രദേശത്തെ യുവാക്കളെയും പോലെ അവരുടെ മനസ്സിലുണ്ട്. പക്ഷെ വല്ലാത്തൊരു അനിശ്ചിതാവസ്ഥ ഉണ്ട് അവരുടെ ജീവിതങ്ങളില്‍.ഏത് നിമിഷവും ഒരു തീവ്രവാദി ആക്രമണം, തിരക്കേറിയ നഗരത്തിലെ മൂലയില്‍ ഒരു ബോംബ് സ്‌ഫോടനം, ഒരു മനുഷ്യ ചാവേറിന്റെ പൊട്ടിത്തെറി. ആരേയും എപ്പോള്‍ വേണേലും സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യാം.

വല്ലാത്തൊരു അനിശ്ചിതാവസ്ഥ ഉണ്ട് അവരുടെ ജീവിതങ്ങളില്‍

ചോര പുരണ്ട അധ്യായം
സ്വപ്ന ജീവിയായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു. കാല്‍പനികന്‍, കവിതകളോട് പ്രിയം. നെഹ്രുവിന് ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു കാശ്മീര്‍. ആ സ്വപനത്തെ കൈവിട്ട് കളയാതിരിക്കാന്‍ അദ്ദേഹം കൂട്ട് പിടിച്ചത് ഉരുക്കിന്റെ കരുത്തുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ. ദീര്‍ഘ ദൃഷ്ടിയും കാര്യങ്ങള്‍ ചടുലമായ് നീക്കാന്‍ പ്രാപ്തിയും ഉണ്ടായിരുന്നു പട്ടേലിന്. അദ്ദേഹം ഡല്‍ഹിയില്‍ നിന്നും ശ്രീ നഗറിലേക്ക് വിമാനയാത്രാ റൂട്ട് നടപ്പില്‍ വരുത്തി. ടെലിഫോണുകളും വയര്‍ലസ് സംവിധാനവും സ്ഥാപിച്ചു. ജമ്മു- പത്താന്‍ കോട്ട് ഹൈവേ പണി ധൃതഗതിയില്‍ ആരംഭിച്ചു. അപകടം മണത്ത ജിന്ന, കാശ്മീരിലെ ഗോത്ര വര്‍ഗ്ഗക്കാരെ ഇളക്കി വിട്ട് ശ്രീനഗറിലെ രാജാവിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു. 1947   ഒക്‌റ്റോബറില്‍ ഗോത്ര വര്‍ഗങ്ങളുടെ ഇളകി വരവ് മണത്തറിഞ്ഞ ശ്രീ ഹരി സിങ്ങ് രാജാവ് , ഗത്യന്തരമില്ലാതെ ഇന്ത്യയില്‍ ലയിക്കാനുള്ള തീരുമാനത്തില്‍ ഒപ്പ് വെച്ചു. ഇന്ത്യ കാശ്മീരിലേക്ക് സൈന്യത്തെ അയക്കുകയും ജിന്ന തല്‍ക്കാലം പിന്‍ വാങ്ങുകയും ചെയ്തു. അന്നുതൊട്ട് ഇന്നു വരെ കാശ്മീരിനു വേണ്ടിയുള്ള ഈ വടം വലി ചരിത്രത്തിന്റെ ചോര പുരണ്ട അധ്യായം തന്നെ.

കാണാനൊരുപാടുണ്ട് ശ്രീനഗറില്‍, ഒരു ഷെഡ്യൂള്‍ഡ് ട്രിപ്പില്‍ ഒതുക്കാവുന്നതില്‍ കൂടുതല്‍. പൂന്തോട്ടങ്ങള്‍,മിനാരങ്ങള്‍, പള്ളികള്‍, അമ്പലങ്ങള്‍ തുടങ്ങി ദാല്‍ തടാകത്തിലെ ശിക്കാര വരെ. പൂന്തോട്ടങ്ങളില്‍ ഭംഗി  നിഷാന്ത് ബാഗിനും ഷാലിമാര്‍ ബാഗിനും  തന്നെ. പൂക്കള്‍ക്കൊക്കെ എന്തൊരു നിറമാണ്! അതേ നിറവും തുടുപ്പും  തന്നെയാണു കാശ്മീരി പെണ്‍കുട്ടികളുടെ കവിളിനും..!

1990 കളിലെ സൈനിക ചോദ്യം ചെയ്യല്‍ കേന്ദ്രമായിരുന്നു അത്.

നിലവിളിക്കുന്ന ചുമരുകള്‍
കാശ്മീര്‍ യാത്ര തീരുമാനിച്ചപ്പോഴെ മനസില്‍ കരുതിയതാണ് പാപ 2 കണ്ട് , റോബെര്‍ട്ട് തോര്‍പ്പിനേം സന്ദര്‍ശിച്ച ശേഷമേ ബാക്കി കാഴ്കളിലേക്കുള്ളു എന്ന്. പാപ 2 വിനെ പറ്റി വായിച്ചറിവേ ഉള്ളു എനിക്ക്. 1990 കളിലെ സൈനിക ചോദ്യം ചെയ്യല്‍ കേന്ദ്രമായിരുന്നു അത്. നിരവധി കാശ്മീരി യുവാക്കളെ കാലപുരിക്കയച്ച കുപ്രസിദ്ധി. പാപ 2 വിന്റെ പടികയറിയ മിക്കവരും തിരിച്ച് വന്നില്ല, 1996 ല് അടച്ചു പൂട്ടുന്നത് വരെ ആ കെട്ടിടത്തെ ചൂഴ്ന്ന് നിലവിളികളും ആക്രോശങ്ങളുമായിരുന്നു. ഇന്നത് പക്ഷെ, മെഹബൂബ മുഫ്തിയുടെ ഔദ്യോഗിക  വസതിയാണ്. പച്ചയും വെള്ളയും ചായം തേച്ച പ്രൗഢഗംഭീരമായ വസതി. സൈനിക പോസ്റ്റുകളാണു ചുറ്റും, അടുത്ത് തന്നെയാണു ഉമര്‍ അബ്ദുള്ളയുടെ വസതിയും. അവിടെ വാഹനം നിര്‍ത്താനോ ഫോട്ടോയെടുക്കാനൊ അനുവാദം ഇല്ല.  കാണാതായിപ്പോയ തങ്ങളുടെ മക്കളെ, ഭര്‍ത്താവിനെ സഹോദരനെ പിതാവിനെ തിരയുന്ന അമ്മമാരും ഭാര്യമാരും സഹോദരിമാരുമൊക്കെ ഉയര്‍ത്തുന്ന ദീന വിലാപങ്ങള്‍ . പാപ 2 കടന്നു പോകുമ്പോള്‍ മനസ്സിലുയര്‍ന്നത് അത് മാത്രായിരുന്നു. നമുക്കാ കരച്ചില്‍ എളുപ്പത്തില്‍ ഗ്രഹിക്കാനാകും. വരാന്തയില്‍ വലിച്ചിട്ട ചാരു കസേരയില്‍ ഉറങ്ങാതെ ഉമ്മറ വാതില്‍ അടക്കാതെ കരച്ചില്‍ നെഞ്ചിലടക്കിയ ഒരച്ഛനെ നാമെങ്ങെനെ മറക്കാനാണു. എന്നും അന്തിക്ക് ഒരു പാത്രം ചോറു അടുക്കളയില്‍ മൂടി വെക്കുന്ന ഒരമ്മയുടെ വേവലാതി ഓര്‍ക്കുമ്പെള്‍ാ നെഞ്ചിലൊരു പടപടപ്പാണ്. 

പാപ 2 എന്ന പോലെ തന്നെ മിക്ക കാശ്മീരികള്‍ക്കും റോബെര്‍ട്ട് തോര്‍പ്പിനേയും അറിയില്ല. ലാല്‍ ചൗകില്‍ നിന്ന് നടക്കാവുന്ന ദൂരമേയുള്ളു ഷൈകബാഗിലേക്ക്. അന്വേഷിച്ച് ചെന്നപ്പോഴേക്കും ചൌക്കിദാര്‍ ഗേറ്റടച്ച് പോയിരിക്കുന്നു. ആരും വരാനില്ല തോര്‍പ്പിനെ തേടി, പിന്നെയെന്തിനു കാവലിരിക്കണം. ഝലം നദിയുടെ കരയില്‍ കാടും പടലും പിടിച്ച് കിടക്കുന്ന സെമിത്തേരി. കാശ്മീരിനു വേണ്ടി ജീവന്‍ വെടിഞ്ഞയാളാണു ഇവിടെ ഉറങ്ങുന്നതെന്ന് ആരെങ്കിലും ഓര്‍ക്കുന്നുവോ? കാശ്മീരിലെ ഗോത്ര പ്രമുഖന്റെ മകളായ ജാനി, തോര്‍പ്പിന്റെ അഛനെ വിവാഹം ചെയ്ത് യൂറോപ്പിലേക്ക് പോയി. പിന്നീട് തന്റെ അമ്മയുടെ ദേശം കാണാന്‍ വന്ന റോബര്‍ട്ട് , കാശ്മീരിലെ ഗോത്ര വര്‍ഗ്ഗങ്ങളുടെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ പോരാടിയതിനു തന്റെ 33 ാമത്തെ വയസ്സില്‍ കൊല്ലപ്പെടുകയായിരുന്നു.ഗേറ്റിന് മുകളിലൂടെ, താങ്കളെ കാണാനായി മാത്രമാണു ഇങ്ങ് കേരളത്തില്‍ നിന്നും ഇത്ര ദൂരെ ഞാന്‍ വന്നതെന്ന് പറഞ്ഞപ്പോള്‍ ഒരു ചെറുകാറ്റ് എന്നെ തഴുകി കടന്നു പോയി.

Yasmin NK on kashmir trip

അവരുടെ കവിളില്‍ തൊട്ടപ്പോള്‍ അവിടയതാ ചുവന്നു തുടുത്ത ഒരാപ്പിള്‍ കഷ്ണം

ഏദന്‍ തോട്ടത്തിലെ ആപ്പിളുകള്‍
രാജ് ബാഗിനടുത്തുള്ള ശിവപോറ എന്ന ചെറിയ ഗ്രാമപ്രദേശത്താണു ഷൗക്കത്ത് ഭായിയുടെ വീടുംതോട്ടവും. മുപ്പത് ഏക്കറില്‍ പരന്നു കിടക്കുന്ന തോട്ടവും അതിലൊരു പടുകൂറ്റന്‍ ബംഗ്ലാവും.  ഷൗക്കത്ത് ഭായിക്ക് പൂര്‍വികരില്‍ നിന്നും ലഭിച്ച തോട്ടമാണിത്. വില്ലോ മരങ്ങളും ചിനാര്‍ മരങ്ങളും ഇടതൂര്‍ന്ന് നില്‍ക്കുന്ന തോട്ടത്തില്‍ ചന്തമേകാന്‍ ആപ്പിളും ചെറിയും സബര്‍ ജില്ലു മരങ്ങളും. ചുവന്നു തുടുത്ത മാതള ഫലങ്ങള്‍ കൈയെത്തും ദൂരത്ത്. പഴുത്ത് തുടുത്ത മധുര നാരങ്ങകളുടെ ഭാരം താങ്ങാനാകാതെ ചാഞ്ഞ് കിടക്കുന്ന നാരങ്ങാ മരങ്ങള്‍ . ഒരു ഭാഗത്ത് മുന്തിരി. ആകപ്പാടെ ഏദന്‍ തോട്ടത്തില്‍ എത്തിപെട്ട പ്രതീതി. 

ഷൗക്കത്ത് ഭായിയുടെ വല്ല്യുപ്പയും വല്ല്യുമ്മയുമൊക്കെ താമസിച്ചിരുന്ന വീടായിരുന്നത്രെ ഇത്. പടു കൂറ്റന്‍ ബംഗ്ലാവ്. ചുവന്നകല്ലു കൊണ്ടാണു നിര്‍മ്മിതി. വല്ല്യുപ്പാന്റെ മരണ ശേഷം കേസും കൂട്ടവുമൊക്കെയായി ഉപയോഗിക്കാതെ വര്‍ഷങ്ങള്‍ കിടന്നത് കൊണ്ട് ബംഗ്ലാവ് നാശത്തിന്റെ വക്കിലാണു. പുനര്‍ നിര്‍മ്മാണം നടത്തി റിസോര്‍ട്ടാക്കാനാണു മൂപ്പരുടെ പരിപാടി.

സംസാരത്തിനിടക്ക് ഷൗക്കത്ത് ഭായിയുടെ ഉമ്മ വന്നു. സ്‌നേഹപൂര്‍വ്വം ആശ്ലേഷിച്ച് വിശേഷങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. എന്തൊരു ഭംഗിയാ ആ ഉമ്മച്ചിക്ക് , ചൂണ്ട് വിരല്‍ കൊണ്ട് അവരുടെ കവിളില്‍ തൊട്ടപ്പോള്‍ അവിടയതാ ചുവന്നു തുടുത്ത ഒരാപ്പിള്‍ കഷ്ണം. എന്റെ കൗതുകം  കണ്ട് പൊട്ടിച്ചിരിച്ച് കൊണ്ട് അവര്‍ ഞങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചു. 

വലിയ തളികകളില്‍ നിരത്തി വെച്ചിരിക്കുന്ന വിഭവങ്ങള്‍ കണ്ട് കണ്ണ് തള്ളി

തീന്‍മേശയിലെ കശ്മീര്‍
വലിയ തളികകളില്‍ നിരത്തി വെച്ചിരിക്കുന്ന വിഭവങ്ങള്‍ കണ്ട് കണ്ണ് തള്ളി.ഒരാഴ്ച തിന്നാനുള്ളത് ഉണ്ട്.  കാശ്മീര്‍ വസ് വാന്‍ ആയിരുന്നു പ്രധാന ആകര്‍ഷക ഘടകം. കാശ്മീരിലെ തനത് വിഭവം ആണു വസ് വാന്‍. അവരുടെ സംസ്‌കാരത്തിന്റെ ഭാഗം. ഏതൊരു പ്രധാന പരിപാടിക്കും വസ് വാന്‍ നിര്‍ബന്ധം. കല്യാണങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും ഒഴിച്ച് കൂടാനാകാത്ത വിഭവം ആണത്രെ വസ് വാന്‍. വസ് വാന്‍ അതിന്റെ എല്ലാ പ്രൗഢിയോടെയും വിളമ്പിയില്ലേല്‍ പുത്യാപ്ലയും കൂട്ടുകാരും പിണങ്ങി പോകുമെന്ന് പറയുന്നതിനിടെ ഉമ്മച്ചി വസ് വാനിലെ ഓരോ കൂട്ടും എനിക്ക് വിശദീകരിച്ച് തന്നു.

സാധാരണയായി ഏഴോ എട്ടോ ഐറ്റംസ് അടങ്ങിയതാണു ഒരു വസ് വാന്‍.

വലിയൊരു തളികയില്‍ കൂമ്പാരം കൂട്ടിയ ചോറിനു മീതെ അടുക്കി വെച്ചിരിക്കുന്ന വിവിധ തരം രസക്കൂട്ടുകള്‍.  കബാബ്, മീറ്റ് ബാള്‍ നല്ല ചുവന്ന കറിയില്‍ മുങ്ങിക്കിടക്കുന്ന റിഷ്ത, ആട്ടിന്റെ വാരി ഭാഗം യോഗര്‍ട്ടില്‍ വേവിച്ച് ഫ്രൈ ചെയ്‌തെടൂത്ത തബാക്ക് മാശ്, രോഗന്‍ ജോഷ് ; ഇവനെ എനിക്ക് നേരത്തെ അറിയാമെന്നു ഞാന്‍ ഉമ്മച്ചീനെ തോണ്ടി.

നല്ല ചുവന്നു തുടുത്ത് മിര്‍ച് വാഗന്‍ കുര്‍മ. കോഴി ചുവന്ന കാശ്മീരി മുളക് ഗ്രേവിയില്‍  മുങ്ങിക്കിടക്കുന്നതാണു. ദൂദ് രസ്, ആട്ടിന്‍ കഷ്ണങ്ങള്‍ പാലില്‍ വേവിച്ചത്, മേതി മാസ് ; ഉലുവക്കൂട്ടില്‍ വേവിച്ചചിക്കന്‍, പിന്നെ ഗൊഷ്താബ. മീറ്റ് ബാള്‍ യോഗര്‍ട്ടില്‍ വേവീച്ചത്. ഇതൊക്കെ തൊട്ട് കൂട്ടാനും മുക്കി തിന്നാനുമായ് പച്ചയും നിറത്തിലും വെള്ള നിറത്തിലുമുള്ള വിവിധ തരം ചട്ട്ണികള്‍. 

ഇതിനു മേമ്പൊടിയായ് സ്റ്റീല്‍ ബൌളുകളില്‍ വിളമ്പിയ ഫിര്‍ണി. പുഡിങ്ങാണ് . പാലും സെമൊലിനയും കൂടി കാച്ചി വറ്റിച്ച് തണുപ്പിച്ചത്.

ഒരു താലത്തിലെ വസ് വാന്‍ നാലു പേര്‍ക്കാണു. എല്ലാരും കൂടി ഒരേ പാത്രത്തില്‍ നിന്നു കൈ കൊണ്ട് എടുത്ത് കഴിക്കുക എന്നതാണു കശ്മീര്‍ രീതി.

ദോഷം പറയരുതല്ലോ..,അസാമാന്യ രുചിയായിരുന്നു. 

കാശ്മീരികളുടെ സ്‌നേഹവും ആതിഥ്യമര്യാദയുമൊക്കെ കണ്ടപ്പോള്‍ എനിക്ക് എന്നെയൊക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നിപ്പോയി. ഒരു ചോറൂം കൂട്ടാനും വെക്കാന്‍ തന്നെ എന്തൊരു പാടാണു.

കാശ്മീരി ഭാഷയില്‍ വാസി എന്ന് വെച്ചാല്‍ ഷെഫ് എന്നണെന്നും വസ് വാന്‍ എന്നാല്‍ റസ്‌റ്റോറെന്റ് ആണെന്നും, സാധാരണയായ്ി കശ് മീര്‍ വസ് വാന്‍ ആരും വീട്ടിലുണ്ടാക്കാറില്ലെന്നും കല്യാണത്തിനും പാര്‍ട്ടികള്‍ക്കും ഇതുണ്ടാക്കാനറിയുന്ന കുക്കിനെ വെച്ച് ഉണ്ടാക്കിക്കാറാണു പതിവ് എന്നും ഉമ്മച്ചി വിശദീകരിച്ചപ്പോഴാണു എനിക്ക് സമാധാനമായത്.

പ്രണയത്തിന്റേയും വിഷാദത്തിന്റേയും കാല്‍പനികത നിറഞ്ഞ തീക്ഷ്ണ  സൗന്ദര്യം. 

ചിനാര്‍ മരങ്ങളിലെ പ്രണയം
വേനലായത് കൊണ്ട് പച്ച വിരിച്ചു നില്‍ക്കുന്ന ചിനാര്‍ മരങ്ങളാണു താഴ്‌വര നിറയെ.  ഉയരമേറിയ ദേവതാരു മരങ്ങള്‍ക്കിടയിലൂടെ കൈപ്പത്തിയുടെ ആകൃതിയിലുള്ള ഇലകള്‍ വീശി നില്‍ക്കുന്ന ചിനാറുകള്‍. ഇപ്പോഴവയ്ക്ക് നല്ല പച്ച നിറമാണു. ഇനി ശരല്‍ക്കാലം വരുമ്പോള്‍ ഇലകള്‍ നിറം മാറും, മഞ്ഞയും, ചുവപ്പിലും മുങ്ങിയ ചിനാറിലകള്‍ പൊഴിഞ്ഞ് കിടക്കുന്ന താഴവാരങ്ങള്‍. പ്രണയത്തിന്റേയും വിഷാദത്തിന്റേയും കാല്‍പനികത നിറഞ്ഞ തീക്ഷ്ണ  സൗന്ദര്യം. 

ജ്ഞാന മരം എന്നും പേരുണ്ടത്രെ ചിനാറിന്. മുഗള്‍ ഭരണ കാലത്താണു കശ്മീരില്‍ ചിനാര്‍ മരങ്ങള്‍ വ്യാപകമായ് വെച്ച് പിടിപ്പിക്കുന്നത്.  മുഗള്‍ ഗാര്‍ഡനുകളിലെ പ്രധാന ആകര്‍ഷകം ചിനാര്‍ മരങ്ങളാണ്. പ്രണയിക്കാനും പ്രണയത്തിന്റെ കാല്‍പനിക സൌന്ദര്യത്തില്‍ മുഗ്ധരാകാനും മുഗള്‍ ചക്രവര്‍ത്തിമാര്‍ക്ക് പ്രത്യേക  കഴിവായിരുന്നെന്നു തോന്നുന്നു. ദാല്‍ ലെയ്ക്കിലെ ചാര്‍ ചിനാര്‍ എന്ന ദ്വീപ് നയന മനോഹരമായൊരു കാഴ്ചയാണു. ഔറംഗസീബിന്റെ സഹോദരനായ മുറാദ് രാജകുമാരനാണു ഈ ദ്വീപില്‍ ചിനാര്‍ മരങ്ങള്‍ വെച്ച് പിടിപ്പിച്ചത്. വെയില്‍ ചായുമ്പോള്‍ ലെയ്ക്കിലേക്ക് വീണു കിടക്കുന്ന ചിനാര്‍ മരങ്ങളുടെ നിഴലും അസ്തമയ സൂര്യന്റെ ചുവപ്പ് രാശിയും ഓളങ്ങളില്‍ ചാഞ്ചാടുന്ന കാഴ്ച അനുഭവിച്ചുതന്നെ അറിയണം.

മരം പെയ്യാന്‍ തുടങ്ങുമ്പോഴാണല്ലോ മഴ പെയ്ത് മാറിയത് നമ്മള്‍ ഓര്‍ക്കുക!

ബോംബല്ല, ടയര്‍ പഞ്ചറായതാണ്!
വൈകിട്ട് ലാല്‍ ചൌക്കിലെ തിരക്കിനിടയിലൂടെ കടകളില്‍ കയറിയിറങ്ങി പാഷ്മിന ഷാളുകള്‍ക്ക് വില ചോദിച്ച് ഞെട്ടി, കാശ്മീരി കാവ ആസ്വദിച്ച് ഒരു രാത്രി നടത്തം. ഒന്‍പത് മണിയാകുമ്പോഴേക്കും തെരുവുകളൊക്കെ കാലിയാകാന്‍ തുടങ്ങും.തോക്കേന്തിയ പട്ടാളക്കാരാണ് തെരുവില്‍ നിറയെ. രാജ്ബാഗിലെ താമസ സ്ഥലത്തേക്ക് ഓട്ടോയില്‍ മടങ്ങുന്നതിനിടെ ഒരുപൊട്ടിത്തെറി കേട്ടപ്പോള്‍ പേടിച്ച് പോയി. അത് ബോംബല്ല, ടയര്‍ പഞ്ചറായതാണെന്ന് ഓട്ടോക്കാരന്‍ ആശ്വസിപ്പിച്ചത് എത്ര ലാഘവത്തോടെയാണെന്നോ! അവര്‍ക്കിതൊന്നും പുത്തരിയല്ല. ബോംബിന്റേയും ഷെല്‍ വര്‍ഷങ്ങളുടെയും ഇടക്കാണ് ഇവരുടെയൊക്കെ ജീവിതം. ഇതെല്ലാം കാണുമ്പോഴാണു ഓര്‍ക്കുക, നമ്മള്‍ മലയാളികളെ ദൈവം എത്രമേല്‍ അനുഗ്രഹിച്ചിരിക്കുന്നു എന്ന്. നമ്മളത് വേണ്ട വിധം മനസ്സിലാക്കിയിട്ടില്ലാന്ന് മാത്രം.

കാഴചകളൊന്നും അവസാനിക്കുന്നില്ല. ഒരു ദേശത്തിലൂടെ,ആള്‍ക്കാരിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മുടെ കാഴ്ചപ്പാടുകളും മുന്‍ ധാരണകളുമെല്ലാം നാമറിയാതെ തന്നെ കൊഴിഞ്ഞ് പോകും. പാമ്പ് പടം പൊഴിക്കുന്നത് പോലെ ഒരു പുനര്‍ജന്മമാണു പിന്നെ. നമ്മളത് അറിഞ്ഞ് കൊള്ളണമെന്നും ഇല്ല.

അല്ലെങ്കിലും മരം പെയ്യാന്‍ തുടങ്ങുമ്പോഴാണല്ലോ മഴ പെയ്ത് മാറിയത് നമ്മള്‍ ഓര്‍ക്കുക!

പെണ്‍ യാത്രകള്‍:
യാത്രയുടെ ജിന്നുകള്‍!

അവള്‍ ഹിഡുംബി; പ്രണയം കൊണ്ട് മുറിവേറ്റവള്‍!

സ്വപ്നം വിളയുന്ന സോനാര്‍ഗല്ലി

അവളെന്തിനാണ് ഒറ്റക്ക് പോയത്..?

Follow Us:
Download App:
  • android
  • ios