ദില്ലി: ഈ സാമ്പത്തിക വര്‍ഷത്തെ ആറാമത്തെയും അവസാനത്തെയും സ്വര്‍ണ ബോണ്ടിനായി നാളെ മുതല്‍ അപേക്ഷിക്കാനാവും. അടുത്ത മാസം നാല് വരെയാണ് അപേക്ഷിക്കാന്‍ സമയമുള്ളത്. കേന്ദ്രസര്‍ക്കാരിന് വേണ്ടിയാണ് റിസര്‍വ് ബാങ്ക് ഗോള്‍ഡ് ബോണ്ട് ഇറക്കുന്നത്. 2015 നവംബര്‍ മാസത്തില്‍ ആരംഭിച്ച പദ്ധതിയുടെ പ്രധാന ലക്ഷ്യം സ്വര്‍ണ്ണത്തിന്റെ ഡിമാന്റ് നിയന്ത്രിക്കുകയും ഇതിനായി ചെലവാക്കുന്ന തുകയുടെ ഒരു ഭാഗം ആഭ്യന്തര സമ്പാദ്യമായി നിലനിര്‍ത്തുകയുമാണ്. 

ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 5,117 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ആഗസ്റ്റ് മൂന്ന് മുതല്‍ ഏഴ് വരെ ഇറക്കിയ അഞ്ചാം സീരീസ് ബോണ്ടിന്റെ വില 5334 രൂപയായിരുന്നു. ഇക്കുറി ഓണ്‍ലൈനായി അപേക്ഷിക്കുകയാണെങ്കില്‍ നിശ്ചയിച്ച വിലയില്‍ 50 രൂപ കിഴിവ് ലഭിക്കും. ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജുവലേഴ്‌സ് അസോസിയേഷന്റെ ഒരാഴ്ചത്തെ വില പരിശോധിച്ച് അതിന്റെ ശരാശരി കണക്കാക്കിയാണ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. 

റിസര്‍വ് ബാങ്കിന്റെ അഞ്ചാം സീരിസ് ഗോള്‍ഡ് ബോണ്ട് വഴി 3,387 കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. 6.35ടണ്‍ സ്വര്‍ണത്തിന് തുല്യമായ തുകയായിരുന്നു ഇത്. 2015ല്‍ ഗോള്‍ഡ് ബോണ്ട് വിപണനം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന തുക നിക്ഷേപമായി എത്തിയത്.  48.16 ടണ്‍ സ്വര്‍ണത്തിന് തുല്യമായ ബോണ്ടുകളാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ഇതുവരെ ഇറക്കിയത്.