Asianet News MalayalamAsianet News Malayalam

'സൂപ്പർ 30' - വേണ്ടത്ര കലങ്ങാതെ പോയ ഒരു ജീവിതാഖ്യാനം

ആനന്ദ് കുമാർ എന്ന ഗണിതപ്രതിഭയുടെ, കർമ്മകുശലനായ ഒരു അധ്യാപകന്റെ ജീവിതത്തിലേക്ക്, നേർക്കണ്ണാടി പിടിക്കുന്ന ഒരു ചിത്രം എന്ന നിലയിൽ 'സൂപ്പർ 30' നൽകുന്ന കാഴ്ചാനുഭവം പ്രസക്തമാണ് 

Super 30 is a one time watch, for the inspiring life of Anand Kumar on silver screen
Author
trivandrum, First Published Jul 13, 2019, 12:15 PM IST

 എഴുപതുകോടി ബജറ്റിൽ നിർമിക്കപ്പെട്ട 'സൂപ്പർ 30'   ഒരു ബയോപിക്കാണ്. ബിഹാറിൽ പാവപ്പെട്ട കുട്ടികൾക്കുള്ള ഐഐടി എൻട്രൻസ് കോച്ചിങ് രംഗത്ത് വിപ്ലവം സൃഷ്‍ടിച്ച പരിശീലകനായിരുന്ന ആനന്ദ് കുമാറിന്റെ സംഭവബഹുലമായ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം.  സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തന്റെ ഗണിതത്തിലെ പ്രതിഭ പിന്തുടർന്ന് വിദേശത്തുപോയി ഉന്നതപഠനം തുടരാൻ ആനന്ദ് കുമാറിന് സാധിക്കാതെ പോയിരുന്നു. പിന്നീട് ജീവിക്കാനായി എൻട്രൻസ് കോച്ചിംഗ് ഉപജീവനമാക്കുന്ന ആനന്ദ് വളരെപ്പെട്ടെന്നുതന്നെ ആ രംഗത്തെ 'പ്രീമിയം ട്രെയ്‌നർ' എന്ന പ്രസിദ്ധി സമ്പാദിക്കുന്നു. എൻട്രൻസ് മാഫിയയുടെ 'മോസ്റ്റ് വാണ്ടഡ്' ടീച്ചറായി ആനന്ദ് കുമാർ മാറുന്നു. അവരുടെ പരസ്യങ്ങളുടെയെല്ലാം പോസ്റ്റർബോയ് ആയിരുന്നു ഒരുകാലത്ത് ആനന്ദ്.


 Super 30 is a one time watch, for the inspiring life of Anand Kumar on silver screen

ചുരുങ്ങിയ കാലംകൊണ്ട് അളവില്ലാതെ കാശും സൗകര്യങ്ങളും കുമിഞ്ഞുകൂടുന്നു. യാതൊരു തത്വദീക്ഷയുമില്ലാതെ അങ്ങനെ പണം സമ്പാദിച്ചുകൂട്ടുന്നതിനിടെ ആനന്ദിന് ഒരു ഉൾവിളിയുണ്ടാവുന്നു. എന്താ..! പഠിക്കാനുള്ള കഴിവുണ്ടായിട്ടും സാമ്പത്തികവും ജാതീയവുമായ പിന്നാക്കാവസ്ഥകൊണ്ട് അതിനു കഴിയാതെ പോവുന്ന ബിഹാറിലെ പരശ്ശതം മിടുക്കരായ വിദ്യാർത്ഥികളിൽ നിന്നും വർഷാവർഷം മുപ്പതുപേരെ തെരഞ്ഞെടുത്ത് അവരെ സ്വന്തം ചെലവിൽ തന്റെ 'സൂപ്പർ 30' എന്ന കോച്ചിങ് സെന്ററിൽ പാർപ്പിച്ച്, എല്ലാ ചെലവും വഹിച്ച് അവരെ ഐഐടി എൻട്രൻസിന് തയ്യാറെടുപ്പിക്കുന്നു ആനന്ദ്. സ്വാഭാവികമായും കോച്ചിംഗ് മാഫിയ ആനന്ദിനെതിരെ തിരിയുന്നു. മാഫിയയുടെ സമ്മർദ്ദങ്ങളെ ആനന്ദും കുട്ടികളും എങ്ങനെ അതിജീവിക്കുന്നു, അവർ എങ്ങനെ ജീവിതത്തിൽ തങ്ങളുടെ ലക്ഷ്യം നേടുന്നു എന്നതിന്റെ ചലച്ചിത്രാവിഷ്‍കാരമാണ് 'സൂപ്പർ 30' ലക്ഷ്യമിടുന്നത്.
 
ഐഐടി കോച്ചിംഗിന്റെ കഥ പറയുമ്പോൾ ബോറടിക്കാതിരിക്കാൻ ഒരല്‍പം ഫിക്ഷൻ ചേർക്കേണ്ടിവരുമെന്നത് ശരിയാണ്. എന്നാൽ, അത് മെലോഡ്രാമയ്ക്ക് വഴിമാറുമ്പോൾ എന്ത് സംഭവിക്കുമോ അതുതന്നെയാണ് ഇവിടെയും പറ്റിയിരിക്കുന്നത്. ബിഹാറിലെ രാഷ്ട്രീയനേതാക്കളുടെ പരിച്ഛേദമായ ഒരു മന്ത്രിയുടെ വേഷത്തിൽ പങ്കജ് ത്രിപാഠിയും, ലാഭക്കൊതിയനായ കോച്ചിങ്ങ് സെന്റർ ഉടമയായി ആദിത്യ ശ്രീവാസ്‍തവയും, ആനന്ദ് കുമാറിന്റെ അച്ഛന്റെ വേഷത്തിൽ വീരേന്ദ്ര സക്സേനയുമൊക്കെ തകർത്തഭിനയിച്ചപ്പോൾ, അവർക്കൊപ്പം എത്താനുള്ള പരമാവധി പരിശ്രമം ഹൃതിക് റോഷന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. എന്നാൽ, നാല്‍പത്തഞ്ചുകാരനായ ഹൃതിക്കിന് ടീനേജ് മുതൽ, പത്തുനാല്‍പതു വയസ്സുവരെ നീളുന്ന കേന്ദ്രകഥാപാത്രത്തിന്റെ ഭാവരൂപങ്ങളിലേക്ക് അത്ര തന്മയത്വത്തോടെ ഇഴുകിച്ചേരാൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും, കുറച്ചു വികലമാവുന്നു പോലുമുണ്ട് അദ്ദേഹത്തിന്റെ ഭാവാഭിനയം. സീനുകൾക്കിടയിൽപ്പോലും മാറിമറിയുന്ന മുഖത്തിന്റെ 'സ്‍കിൻ ടോണും', കൃത്യമല്ലാത്ത ബിഹാരി ഉച്ചാരണവും പ്രേക്ഷകന് അലോസരമുണ്ടാക്കുന്നുണ്ട്. ചിത്രത്തിലെ അജയ്- അതുൽ ജോഡി ഈണമിട്ട്, അമിതാഭ് ഭട്ടാചാര്യ രചിച്ച ചിത്രത്തിലെ അഞ്ചുഗാനങ്ങളും തരക്കേടില്ലെങ്കിലും,  അവരുടെ തന്നെ പശ്ചാത്തലസംഗീതം പലപ്പോഴും വളരെ ലൗഡാവുന്നുണ്ട്.

സിനിമ തുടങ്ങുന്നത്, ആനന്ദ് കുമാറിന്റെ ശിഷ്യരിൽ ഒരാളും, എയ്റോനോട്ടിക്സ് രംഗത്ത് ലോകത്തെ അതിശയിപ്പിച്ച പ്രതിഭയുമായ ഫുഗ്ഗാകുമാർ,  ഒരു ഓഡിറ്റോറിയത്തില്‍ വിദേശിയരെയും സാക്ഷിയാക്കി ഇന്ത്യയുടെ മഹത്വം പറയുന്നതിലൂടെയാണ്. ആ സീനിൽ തന്നെ, സിനിമയിൽ പിന്നീടങ്ങോട്ട് സംവിധായകൻ, ആനന്ദ് കുമാർ പരിശീലിപ്പിക്കുന്ന കുട്ടികൾക്ക് തങ്ങളുടെ ദാരിദ്ര്യത്തേക്കാളുപരി വിഘാതമായി നിൽക്കുന്ന ഇംഗ്ലീഷ് എന്ന പഠനമാധ്യമത്തോടുള്ള തന്റെ ജുഗുപ്‍സ വെളിപ്പെടുത്തുന്നുണ്ട്. ഈ ശിഷ്യന്റെ ഫ്‌ളാഷ്ബാക്കിലൂടെയാണ്, ഗുരു ആനന്ദ് കുമാറിന്റെ കോളേജ് വിദ്യാഭ്യാസ കാലം തൊട്ടുള്ള സംഭവപരമ്പരകൾ സിനിമയിൽ വിവരിക്കപ്പെടുന്നത്.  ആദ്യപകുതിയിൽ, സ്ഥിരം കമേഴ്‌സ്യൽ ബയോപിക്കുകളുടെ വാർപ്പുമാതൃകയിലാണെങ്കിലും ഏറെക്കുറെ രസകരമായിത്തന്നെ സിനിമ പോവുന്നുണ്ട്. ആനന്ദ് കുമാറിന്റെ ഗണിതത്തിലെ പ്രതിഭയും, കമ്പവും, ജീവിതത്തിലെ മോഹങ്ങളും, മോഹഭംഗങ്ങളുമെല്ലാം പ്രേക്ഷകനെ സ്‍പർശിക്കുന്നുണ്ട്.


 Super 30 is a one time watch, for the inspiring life of Anand Kumar on silver screen

അവിടന്നങ്ങോട്ട്, ആനന്ദ് കുമാറിനുണ്ടാവുന്ന വെളിപാടും, തുടർന്ന് കുട്ടികളെ പരിശീലിപ്പിക്കാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിന് തുരങ്കംവയ്‍ക്കാൻ കോച്ചിംഗ് മാഫിയ നടത്തുന്ന ഗൂഢാലോചനകളും ഒക്കെയായി ഒരുവിധം സരസമായിത്തന്നെ സിനിമ പോവുന്നതിനിടയിൽ എവിടെയോ വെച്ച് സംവിധായകന് സിനിമയിലുള്ള കയ്യടക്കം നഷ്‍ടമാവുന്നു. ഇന്റർവെൽ കഴിഞ്ഞുവരുന്ന ഭാഗങ്ങളിലൊക്കെ അസ്വാഭാവികത ആസ്വാദസനത്തിന് തടസ്സമാകുന്നു. എഡിറ്റിംഗിൽ കാണിച്ച ഉദാരത കാരണം സിനിമ ആവശ്യത്തിലധികം നീണ്ടുപോയതായി അനുഭവപ്പെടും. മുപ്പതു കുട്ടികളെ അവരുടെ ജീവിതപശ്ചാത്തലങ്ങളടക്കം പരാമർശിച്ചുകൊണ്ട് കാണിക്കുന്നുണ്ടെങ്കിലും, സിനിമ തീരുമ്പോൾ അവരിൽ ഒരാൾ പോലും നമ്മുടെ കൂടെ ഇറങ്ങിവരുന്നില്ല. നല്ല ഒരു ഡയലോഗുപോലും ആ കുട്ടികളെക്കൊണ്ട് പറയിക്കാൻ സംവിധായകനായിട്ടില്ല. ആദിമദ്ധ്യാന്തമുള്ള അവരുടെ കഥാപാത്രപരിചരണം അവർക്ക് ആകെ കൊടുക്കുന്നത് പാവക്കൂത്തിലെ പാവകളുടെ പ്രതീതിയാണ്. സംവിധായകൻ പറഞ്ഞുകൊടുക്കുന്ന സംഭാഷണശകലങ്ങൾ സമയാസമയത്തിന് ഉരുവിടുന്ന ഒരുകൂട്ടം പാവകൾ. 

ആനന്ദ് കുമാറിന്റെ നേർക്കുള്ള കോച്ചിംഗ് മാഫിയയുടെ പലവിധേനയുള്ള ആക്രമണങ്ങൾ കാണിച്ച കൂട്ടത്തിൽ, ആനന്ദിനാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായി ഒരു സ്ത്രീ വരുന്നതും, അവർക്ക് ആനന്ദിനെ കൃത്യമായി തിരിച്ചറിയാൻ പോലുമാവാതെ അത് ചീറ്റിപ്പോവുന്നതുമൊക്കെ ഹാസ്യരൂപേണ കാണിക്കുന്ന ഒരു രംഗമുണ്ട്. അത്, തനിക്കുനേരെ ഉയർന്ന 'മീ ടൂ' ആരോപണങ്ങൾ തികച്ചും വ്യാജമായിരുന്നു എന്ന സംവിധായകൻ ബഹലിന്റെ ജാമ്യമായും വ്യാഖ്യാനിച്ചെടുക്കാവുന്നതാണ്.

'സൂപ്പർ 30'  എന്ന എൻട്രൻസ് കോച്ചിംഗ് സെന്റർ നൽകിയ മാർഗനിർദേശം ഒന്നുകൊണ്ടുമാത്രം ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം സിദ്ധിച്ച എത്രയോ കുട്ടികളുണ്ട് ബിഹാറിൽ. പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട്, ജീവിതത്തിൽ ജയിച്ചുകേറാൻ കഠിനാദ്ധ്വാനം ചെയ്യുന്ന പാവപ്പെട്ടവന്റെ പോരാട്ടങ്ങളുടെ ആത്മാർത്ഥമായ ചിത്രീകരണത്തെ അഭിനന്ദിക്കുമ്പോൾ തന്നെ, ഉത്തരേന്ത്യയിൽ, വിശേഷിച്ചും ബിഹാറിൽ നിലനിൽക്കുന്ന ജാതീയതയുടെയും, സാമ്പത്തിക അസന്തുലിതാവസ്ഥയുടെയും കുറ്റകൃത്യങ്ങളുടെയും ഒക്കെ നഗ്നയാഥാർഥ്യങ്ങളോട്  മുഖം തിരിച്ചുകൊണ്ടുള്ള ഏറെക്കുറെ അപക്വമായ ഒരു സമീപനമായിപ്പോയി ഈ സിനിമയുടെ ട്രീറ്റ്‌മെന്റ് എന്നതും പറഞ്ഞുവെക്കാതിരിക്കാൻ നിവൃത്തിയില്ല.  

Super 30 is a one time watch, for the inspiring life of Anand Kumar on silver screen

തന്റെ സൂപ്പർ ഹീറോ പരിവേഷത്തെ അൽപംപോലും കുടഞ്ഞുകളയാൻ പറ്റാതെ തന്റെ സ്ഥിരം ഭാവരൂപങ്ങളിൽ പകർന്നാടിയ,  ഈ റോളിന് തികച്ചും 'മിസ് കാസ്റ്റഡ്' ആയ ഹൃതിക് റോഷൻ തന്നെയാണ് ആദ്യാവസാനം ഈ സിനിമയുടെ ബാധ്യത. എന്നിരുന്നാലും, ആനന്ദ് കുമാർ എന്ന പാവപ്പെട്ടവരുടെ എൻട്രൻസ് പരിശീലകൻ ബിഹാറിൽ മാറ്റിമറിച്ച ജീവിതങ്ങളെ അടുത്തറിയാനായിട്ടെങ്കിലും, എല്ലാവരും ഒരു വട്ടമെങ്കിലും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് 'സൂപ്പർ 30'.

Follow Us:
Download App:
  • android
  • ios