Asianet News MalayalamAsianet News Malayalam

Udumbu Movie Review : കാഴ്ചയുടെ പിടിമുറുക്കുന്ന 'ഉടുമ്പ്'; റിവ്യൂ

ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ ശ്രദ്ധേയനായ സെന്തില്‍ കൃഷ്‍ണ നായകനാവുന്ന പുതിയ ചിത്രം

udumbu malayalam movie review senthil krishna kannan thamarakkulam
Author
Thiruvananthapuram, First Published Dec 10, 2021, 3:16 PM IST

കൊവിഡ് തീർത്ത പ്രതിസന്ധികൾക്കു ശേഷം തിയറ്ററുകൾ വീണ്ടും സജീവമാവുകയാണ്. വലുതും ചെറുതുമായ ചില ചിത്രങ്ങള്‍ മികച്ച പ്രേക്ഷക പിന്തുണ നേടുകയും ചെയ്തു. തിയറ്ററുകളിലേക്ക് ജനം തിരികെയെത്തുമ്പോൾ വിത്യസ്‍തമായ പ്രമേയവുമായി എത്തിയിരിക്കുകയാണ് 'ഉടുമ്പ്' (Udumbu) എന്ന ചിത്രത്തിലൂടെ കണ്ണന്‍ താമരക്കുളം (Kannan Thamarakkulam). കഥപറയുന്ന രീതിയിലും മേക്കിംഗ് സ്റ്റൈലിലും തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വേറിട്ട ശൈലിയാണ് കണ്ണന്‍ താമരക്കുളം പുതിയ ചിത്രത്തില്‍ പിന്തുടര്‍ന്നിരിക്കുന്നത്. 'ചാലക്കുടിക്കാരൻ ചങ്ങാതി'യിലൂടെ ശ്രദ്ധ നേടിയ സെന്തില്‍ കൃഷ്ണയാണ് (Senthil Krishna) ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അനിയെ അവതരിപ്പിച്ചിരിക്കുന്നത്. ട്രെയ്‍ലര്‍ നല്‍കിയ സൂചന പോലെ ആക്ഷൻ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം കാലിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്‍തിരിക്കുന്നത്.

ഗുണ്ടാ പിരിവും ക്വട്ടേഷനും ചേരി തിരിഞ്ഞുള്ള സംഘട്ടനവുമൊക്കെ മലയാള സിനിമ പലകാലങ്ങളിലായി കണ്ടിട്ടുണ്ടെങ്കിലും അവതരണ മികവുകൊണ്ടും  ചടുലതയാര്‍ന്ന ആക്ഷൻ രംഗങ്ങൾ കൊണ്ടും 'ഉടുമ്പ്' ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. 'സിമിട്ട് അനി'യുടെയും അയാളുടെ നേതാവ് ഭരതന്‍റെയും ജീവിതങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പ്രതികാരവും പ്രണയവും കുടുംബവും എല്ലാം കടന്നുവരുന്ന ആദ്യപകുതി പിന്നിടുമ്പോൾ പ്രേക്ഷകനെ ഒപ്പം ചേര്‍ത്താണ് ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക്. സെന്തില്‍ കൃഷ്ണയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് സിമിട്ട് അനിയെന്ന ഉടുമ്പ് അനി. തന്‍റെ അഭിനയപാടവം പൂർണമായും പുറത്തെടുക്കാനുള്ള മുഹൂർത്തങ്ങൾ സെന്തില്‍ കൃഷ്ണ നന്നായി വിനിയോഗിച്ചിരിക്കുന്നു. ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ തുടങ്ങിയവരും  ആദ്യാവസാനം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ക്രൈം ത്രില്ലർ ചിത്രങ്ങളുടെ പതിവു കോലാഹലങ്ങൾ ഇല്ലാതെയും എന്നാൽ സസ്‌പൻസ്‌ കൃത്യമായി നിലനിർത്തിയും കാണികളെ പിടിച്ചരുത്തുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. സിനിമയില്‍ വന്നുപോകുന്ന പുതുമുഖങ്ങളും  ജിതേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ സജലും ഹിമ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നടി ആഞ്ജലീനയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

udumbu malayalam movie review senthil krishna kannan thamarakkulam

 

വ്യക്തികളുടെ വൈകാരികതയ്ക്ക് പ്രാധാന്യം നൽകിയാണ് സംവിധായകൻ ചിത്രം  ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ ഒരു ഫാമിലി ഇമോഷനൽ ഡ്രാമ ചിത്രത്തിന്‍റെ രീതിയിലേക്കും ഉടുമ്പ് ഇടയ്ക്ക് ഗിയര്‍ മാറ്റുന്നുണ്ട്. ഗ്രേ ഷെയ്ഡോടെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം പാത്രസൃഷ്‍ടി. കഥപറച്ചില്‍ പുരോഗമിക്കവെ പല കഥാപാത്രങ്ങളുടെയും വളര്‍ച്ച കൗതുകകരമായാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതരായ അനീഷ് സഹദേവന്‍, ശ്രീജിത്ത് ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ജലീന, യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 

മന്‍രാജ്, മുഹമ്മദ് ഫൈസല്‍, വി കെ ബൈജു, ജിബിന്‍ സാഹിബ്, എന്‍ എം ബാദുഷ, എല്‍ദോ ടി ടി, ശ്രേയ അയ്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. രവിചന്ദ്രനാണ്   ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചടുലമായി മുന്നോട്ട് നീങ്ങുന്ന കഥാഗതിയെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും എഡിറ്റിംഗും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. സാനന്ദ് ജോര്‍ജ്ജ് ഗ്രേസിന്‍റെ പശ്ചാത്തല സംഗീതം സിനിമയെ എൻഗേജിങ് ആയി നിലനിര്‍ത്തുന്നു. ക്വട്ടേഷന്‍ സിനിമകളുടെ പതിവ് ക്ലീഷേ കാഴ്ച്ചകൾ സമ്മാനിക്കാതെ പുതുമ നിറഞ്ഞ കഥാപരിസരം കൊണ്ട് തന്നെ ശ്രദ്ധേയമാണ് 'ഉടുമ്പ്'.

Follow Us:
Download App:
  • android
  • ios