മുംബൈ: സ്വപ്രയത്നത്തിൽ അതിസമ്പന്നരായ രാജ്യത്തെ 40 വയസിൽ താഴെയുള്ളവരുടെ  പട്ടികയിൽ ഒന്നാമതെത്തിയത് സെറോദ കമ്പനിയുടെ സ്ഥാപകരായ നിതിൻ കാമത്തും നിഖിൽ കാമത്തും. സഹോദരങ്ങളായ ഇരുവരും സ്വപ്രയത്നത്തോടെ നേടിയത് 24000 കോടിയുടെ ആസ്തിയാണ്. 58 ശതമാനം വർധനവാണ് ഒരു വർഷത്തിനിടെ ആസ്തിയിൽ രേഖപ്പെടുത്തിയത്.ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ 40 ആന്റ് സെൽഫ് മേഡ് റിച്ച് ലിസ്റ്റ് 2020 പ്രകാരമാണിത്.

നിതിൻ കാമത്തിന് 40 ഉം നിഖിൽ കാമത്തും 34 മാണ് വയസ്. ഇവർ തുടങ്ങിയ സോറദ ട്രേഡിങ് കമ്പനി ഇടപാടുകാരുടെ എണ്ണത്തിൽ ഇന്ന് രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. പട്ടകയിൽ മീഡിയ ഡോട് നെറ്റ് സ്ഥാപകൻ ദിവ്യാങ്ക് തുരഖിയയാണ് രണ്ടാം സ്ഥാനത്ത്. 38കാരനായ ഇദ്ദേഹത്തിന് 14000 കോടിയുടെ ആസ്തിയാണ് ഉള്ളത്. ഉഡാൻ സഹസ്ഥാപകരായ അമോദ് മാളവ്യ, വൈഭവ് ഗുപ്ത, സുജീത് കുമാർ എന്നിവരാണ് മൂന്നാം സ്ഥാനത്തുള്ളത്. ഇവരുടെ ബി2ബി കോമേഴ്സ് കമ്പനിയിലേക്ക് വൻ തോതിൽ നിക്ഷേപം എത്തിയത്, മൂവരുടെയും ആസ്തിയിൽ 274 ശതമാനം വർധനവാണ് ഉണ്ടാക്കിയത്.

തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഏറ്റവും വലിയ വളർച്ച നേടിയത് ഉഡാൻ സ്ഥാപകരാണ്. 2019 ഒക്ടോബറിൽ 20000 കോടി മൂല്യമുണ്ടായിരുന്ന ഇവരുടെ കമ്പനി 2019 ഒക്ടോബറിൽ 52500 കോടി ആസ്തി നേടി. അമോദിനും വൈഭവിനും സുജീത്തിനും 13100 കോടിയുടെ ആസ്തിയാണുള്ളത്. മലയാളിയായ ബൈജു രവീന്ദ്രന്റെ സഹോദരൻ റിജു രവീന്ദ്രനാണ് പട്ടികയിൽ തൊട്ടുതാഴെയുള്ളത്. ഇദ്ദേഹത്തിന് 7800 കോടിയുടെ ആസ്തിയാണുള്ളത്. ബൈജു രവീന്ദ്രന്റെ കണ്ടുപിടിത്തമായ ബൈജൂസ് ആപ്പിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്റ് ലേണിൽ വൻകിട നിക്ഷേപം എത്തിയപ്പോൾ 117 ശതമാനം വളർച്ചയാണ് റിജു രവീന്ദ്രന്റെ ആസ്തിയിൽ ഉണ്ടായത്.