ദില്ലി: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 7.35 ശതമാനത്തിലേക്ക് കുതിച്ചു ഉയര്‍ന്നിരിക്കുകയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചു കയറിയത്. നവംബറില്‍ 5.54 ശതമാനം ഉണ്ടായിരുന്ന അവസ്ഥയില്‍  നിന്നുമാണ് രണ്ട് ശതമാനത്തോളം കുതിച്ചു കയറി പണപ്പെരുപ്പം 7.39-ല്‍ എത്തിയത്. 

2014 ജൂലൈക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. 7.39 ശതമാനമായിരുന്നു 2014- ജൂലൈയില്‍ ഉണ്ടായത്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ പൊതുവില്‍ ഉണ്ടായ തളര്‍ച്ചയക്ക് പിന്നാലെയാണ് ഈ തിരിച്ചടി. പച്ചക്കറികള്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ ഭക്ഷ്യോത്പന്നങ്ങളുടെ വിലവര്‍ധനയാണ് പണപ്പെരുപ്പത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. 

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം പച്ചക്കറിയുടെ വിലക്കയറ്റം നവംബറിലെ 36 ശതമാനത്തില്‍ നിന്നും 60.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഭക്ഷ്യോത്പന്നങ്ങളുടെ പൊതുവിലുള്ള വിലക്കയറ്റം നവംബറിലുണ്ടായിരുന്ന 10.01 ശതമാനത്തില്‍ നിന്നും 14.12 ശതമാനത്തിലേക്ക് ഉയര്‍ന്നു.