ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷന് വരുമാനക്കണക്ക് ബിജെപി സമര്‍പ്പിച്ചു.  2018-19 സാമ്പത്തിക വര്‍ഷത്തെ കണക്കാണ് ബിജെപി നല്‍കിയത്. മറ്റ് പാര്‍ട്ടികള്‍ നേരത്തെ കണക്ക് നല്‍കിയിരുന്നു. 2,410 കോടി രൂപയാണ് ബിജെപിയുടെ വരുമാനം. 2017-18 സാമ്പത്തിക വര്‍ഷം ബിജെപി നല്‍കിയ കണക്ക് പ്രകാരം 1027 കോടിയായിരുന്നു വരുമാനം. ഒരുവര്‍ഷം കൊണ്ട് 1383 കോടിയുടെ(134 ശതമാനം) വര്‍ധനവുണ്ടായി. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 1450 കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴി മാത്രം ബിജെപിക്ക് ലഭിച്ചു. 2017-18ല്‍ 210 കോടിയായിരുന്നു ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് നടന്ന 2018-19 സാമ്പത്തിക വര്‍ഷം 1005 കോടിയാണ് ബിജെപിക്ക് ചെലവായത്. മുന്‍ വര്‍ഷം 758 കോടിയായിരുന്നു ചെലവ്.

കോണ്‍ഗ്രസ്, സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ നേരത്തെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ കമ്മീഷന് കൈമാറിയിരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 918 കോടിയാണ് കോണ്‍ഗ്രസിന്‍റെ വരുമാനം. കോണ്‍ഗ്രസിന് 383 കോടി  ഇലക്ടറല്‍ ബോണ്ടിലൂടെ ലഭിച്ചു. 2017-18ല്‍ വെറും അഞ്ച് കോടി മാത്രമാണ് ഇലക്ട്രല്‍ ബോണ്ടിലൂടെ കോണ്‍ഗ്രസിന് ലഭിച്ചത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഭാവനയിലൂടെ 2345 കോടി രൂപയും പലിശയിനത്തില്‍ 54 കോടിയും ആജീവന്‍ സഹായോഗ് നിധി വഴി 24.64 കോടിയുമാണ് ബിജെപിക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 567 കോടിയാണ് ബിജെപി ചെലവിട്ടത്.