ദില്ലി: സംസ്ഥാനങ്ങൾക്ക് കേന്ദ്ര ധനകാര്യ മന്ത്രാലയം ആറായിരം കോടി രൂപ കൂടി അനുവദിച്ചു. ജിഎസ്‌ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്തുന്നതിന് വേണ്ടി ഒൻപതാമത്തെ ആഴ്ചയാണ് തുക അനുവദിക്കുന്നത്. ഇതിൽ 5516.60 കോടി രൂപ 23 സംസ്ഥാനങ്ങൾക്കും 483.40 കോടി മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമാണ്.

ജിഎസ്‌ടി കൗൺസിൽ അംഗങ്ങളായ കേന്ദ്ര ഭരണ പ്രദേശങ്ങളായ ദില്ലി, ജമ്മു കശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിലേക്കാണ് തുക അനുവദിച്ചിരിക്കുന്നത്. പണം അനുവദിക്കപ്പെടാത്ത സംസ്ഥാനങ്ങൾ അരുണാചൽ പ്രദേശ്, മണിപൂർ, മിസോറാം, നാഗാലാന്റ്, സിക്കിം എന്നിവിടങ്ങളാണ്.

5.1508 ശതമാനം പലിശയ്ക്കാണ് കേന്ദ്രം തുക വായ്പയെടുത്തത്. പ്രത്യേക വായ്പാ വിന്റോ വഴിയാണിത്. ഇതുവരെ 54000 കോടി രൂപ സംസ്ഥാനങ്ങൾക്ക് നൽകാനായി കേന്ദ്രം വായ്പയെടുത്തിട്ടുണ്ട്. ശരാശരി പലിശ നിരക്ക് 4.7488 ആണ്.