മുംബൈ: ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കൊവിഡ് ലോക്ക് ഡൗണ്‍ ബാധിച്ചത് ഗുരുതരമായ നിലയിലെന്ന് റിപ്പോര്‍ട്ടുകള്‍. റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന അനറോക്ക് എന്ന സ്ഥാപനം നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഈ സാമ്പത്തിക രംഗത്തുണ്ടാകാന്‍ പോകുന്ന തിരിച്ചടിയെ കുറിച്ച് വ്യക്തമാക്കുന്നത്.

2020 ലെ കലണ്ടര്‍ വര്‍ഷത്തിനുള്ളില്‍ വീടുകളുടെ വില്‍പ്പന രംഗത്ത് 35 ശതമാനം ഇടിവ് രാജ്യത്തെ ഏഴ് നഗരങ്ങളില്‍ നിന്നായി ഉണ്ടാകുമെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. വാണിജ്യ സ്ഥാപനങ്ങളുടെ റിയല്‍ എസ്റ്റേറ്റ് വിഭാഗത്തിലും ഉയര്‍ന്ന തിരിച്ചടിയുണ്ടാകും. ഓഫീസ് സ്‌പേസ് ലീസ് 30 ശതമാനം ഇടിഞ്ഞ് 28 ദശലക്ഷം സ്‌ക്വയര്‍ ഫീറ്റാവും. കഴിഞ്ഞ വര്‍ഷം ഇത് 40 ദശലക്ഷമായിരുന്നു. 

പോപ്പര്‍ട്ടിക്കായുള്ള തിരച്ചില്‍, സന്ദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, രേഖകള്‍ തയ്യാറാക്കല്‍, ഉടമ്പടി പത്രത്തില്‍ ഒപ്പുവയ്ക്കല്‍ എല്ലാം തടസപ്പെട്ടിരിക്കുകയാണ്. 2019 ല്‍ വീടുകളുടെ വില്‍പ്പന 2.61 ലക്ഷമായിരുന്നു. എന്നാല്‍ ഇത് ഇത്തവണ ഇത് 1.96 ലക്ഷം മുതല്‍ 1.7 ലക്ഷമായി ഇടിയുമെന്നാണ് കണ്‍സള്‍ട്ടന്റുമാര്‍ പറയുന്നത്. ദില്ലി തലസ്ഥാന പരിധി, മുംബൈ മെട്രോപൊളിറ്റന്‍ പരിധി, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളുരു, പുണെ, ഹൈദരാബാദ് എന്നിവിടങ്ങളിലെ വില്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള കണക്കാണിത്.