ദില്ലി: പെട്രോളിയം, തുകൽ, സമുദ്ര ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിലെ സങ്കോചത്തെത്തുടർന്ന് 2020 ഡിസംബറിൽ രാജ്യത്തിന്റെ കയറ്റുമതി 0.8 ശതമാനം ഇടിഞ്ഞ് 26.89 ബില്യൺ ഡോളറിലെത്തി. വാണിജ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരമുളള വിവരങ്ങളാണിത്.

ഇറക്കുമതി 7.6 ശതമാനം ഉയർന്ന് 42.6 ബില്യൺ യുഎസ് ഡോളറിലെത്തി. ഡിസംബറിലെ വ്യാപാരക്കമ്മി 15.71 ബില്യൺ യുഎസ് ഡോളറായി ഉയർന്നു.

2019 ഡിസംബറിലെ കയറ്റുമതി 27.11 ബില്യൺ യുഎസ് ഡോളറായിരുന്നു, ഇറക്കുമതി 39.5 ബില്യൺ യുഎസ് ഡോളറാണ്. 2020 നവംബറിൽ കയറ്റുമതി 8.74 ശതമാനം ഇടിഞ്ഞു.

2020-21 ഏപ്രിൽ -ഡിസംബർ മാസങ്ങളിൽ രാജ്യത്തെ ചരക്ക് കയറ്റുമതി 15.8 ശതമാനം ഇടിഞ്ഞ് 200.55 ബില്യൺ ഡോളറിലെത്തി. 2019-20 ഇതേ കാലയളവിൽ ഇത് 238.27 ബില്യൺ ഡോളറായിരുന്നു.

നിലവിലെ സാമ്പത്തിക വർഷത്തിന്റെ ഒമ്പത് മാസത്തെ ഇറക്കുമതി 29.08 ശതമാനം ഇടിഞ്ഞ് 258.29 ബില്യൺ ഡോളറിലെത്തി. 2019-20 ഏപ്രിൽ- ഡിസംബർ കാലയളവിൽ ഇത് 364.18 ബില്യൺ ഡോളറായിരുന്നു. 2020 ഡിസംബറിൽ എണ്ണ ഇറക്കുമതി 10.37 ശതമാനം ഇടിഞ്ഞ് 9.61 ബില്യൺ ഡോളറിലെത്തി. ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ ഇറക്കുമതി 44.46 ശതമാനം ഇടിഞ്ഞ് 53.71 ബില്യൺ ഡോളറിലെത്തി.