ദില്ലി: ആഗോള തൊഴിൽ ഭൂപടത്തിൽ പത്ത് വർഷത്തിനിടെ ഇന്ത്യ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയതായി സർവേ ഫലം. ഗ്ലോബൽ എംപ്ലോയബിലിറ്റി റാങ്കിങ് ആന്റ് സർവേ 2020 പ്രകാരം ഇന്ത്യ ഇപ്പോൾ 15-ാം സ്ഥാനത്താണ്. 2010 ൽ 23-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ലോകത്തിലെ ആദ്യ 250 മികച്ച സർവകലാശാലകളുടെ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ സർവകലാശാലകളുടെ കൂടി പ്രവർത്തന മികവാണ് ഈ നേട്ടത്തിന് കാരണം. ടൈംസ് ഹയർ എജുക്കേഷനും ഫ്രഞ്ച് കൺസൾട്ടൻസി ഗ്രൂപ്പായ എമർജിങും ചേർന്നാണ് സർവേ നടത്തിയത്. 

പട്ടികയിൽ ജർമ്മനി ഒൻപത് സ്ഥാനങ്ങളും ചൈന ആറ് സ്ഥാനങ്ങളും ദക്ഷിണ കൊറിയ 12 സ്ഥാനങ്ങളും മെച്ചപ്പെടുത്തി. 2010 മുതൽ തുടർച്ചയായി പത്താം വർഷവും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. എങ്കിലും അമേരിക്കയുടെ സ്കോർ 2010 ലെ 4227 ൽ നിന്ന് 2067 ലേക്ക് താഴ്ന്നു.