ദില്ലി: ജിഎസ്‍ടി വരുമാനം വീണ്ടും കൂടിയത് സർക്കാരിന് ആശ്വാസമായി. ജൂലൈ മാസത്തിൽ ജിഎസ്‍ടിയിൽ നിന്നുള്ള വരുമാനം വീണ്ടും ഒരു ലക്ഷം കോടി കവിഞ്ഞു. കഴിഞ്ഞ മാസത്തേക്കാൾ കൂടുതലാണിത്. ഈ സാമ്പത്തിക വർഷം ആദ്യമായി ജൂണിൽ ജിഎസ്‍ടിയിൽ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടിയിൽ താഴെയായിരുന്നു. 99,939 കോടി രൂപ മാത്രമാണ് കഴിഞ്ഞ മാസം കിട്ടിയത്.

കഴിഞ്ഞ വർഷം ജൂലൈയിൽ ജിഎസ്‍ടിയിൽ നിന്നുള്ള വരുമാനം 96,483 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷം ഈ സമയത്തേതിനേക്കാൾ 5.8 ശതമാനം കൂടുതലാണ് ഇത്തവണ കിട്ടിയ വരുമാനമെന്നതും സർക്കാരിന് നേട്ടമായി.

സെൻട്രൽ ജിഎസ്‍ടിയിൽ നിന്ന് 17,912 കോടി രൂപയും സംസ്ഥാനങ്ങളുടെ ജിഎസ്‍ടി വരുമാനം 25,008 കോടി രൂപയുമാണ്. ആകെ ഈ രണ്ട് വകയിൽ നിന്നും ജിഎസ്‍ടി വരുമാനം 50,612 കോടി രൂപ. സെസ് വരുമാനം 8551 കോടി രൂപയാണ്. ജിഎസ്‍ടി റിട്ടേണുകൾ ആകെ 75.79 ലക്ഷം.