Asianet News MalayalamAsianet News Malayalam

എന്‍പിഎസ്; ഒന്നു ശ്രദ്ധിച്ചാല്‍ ലക്ഷങ്ങളുടെ സമ്പാദ്യം നേടിയെടുക്കാം

 ദേശീയ പെന്‍ഷന്‍ പദ്ധതിയിലൂടെ എങ്ങനെ സമ്പാദിക്കാം? എന്‍പിഎസ് തുറന്നു തരുന്ന  വിവിധ സാമ്പത്തിക വഴികൾ മനസിലാക്കി ലക്ഷങ്ങൾ സമ്പാദിക്കൂ 
 

How to earn through National Pension Scheme
Author
First Published Dec 14, 2022, 5:01 PM IST

ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷമുള്ള വ്യക്തികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ദേശീയ പെന്‍ഷന്‍ പദ്ധതി അഥവാ എന്‍പിഎസ് വിഭാവനം ചെയ്തിട്ടുള്ളത്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആര്‍ഡിഎ) ആണ് എന്‍പിഎസ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

എന്‍പിഎസില്‍ നിക്ഷേപിക്കുന്ന തുക ഓഹരിയില്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ആസ്തികളില്‍ വീതിച്ച് ഓണ്‍ലൈന്‍ മുഖേന നിക്ഷേപിക്കാനുളള അവസരം അംഗങ്ങള്‍ക്കു നല്‍കുന്നുണ്ട്. ഏതെങ്കിലും നിശ്ചിത നിരക്കു പ്രകാരമല്ല, ഈ നിക്ഷേപത്തിന്റെ വളര്‍ച്ച അനുസരിച്ചാണ് ആദായം കിട്ടുക. അതിനാല്‍ എന്‍പിഎസ് അംഗങ്ങളായവര്‍ ശ്രദ്ധാപൂര്‍വം അസറ്റ് അലോക്കേഷന്‍ അഥവാ ആസ്തി വിന്യാസം നടത്തിയാല്‍ ദീര്‍ഘകാല നിക്ഷേപത്തിലൂടെ മികച്ച വിരമിക്കല്‍ സമ്പാദ്യം നേടിയെടുക്കാനാകും.

രണ്ടുതരം നിക്ഷേപ രീതി

എന്‍പിഎസ് വരിക്കാര്‍ക്ക് രണ്ടുതരം നിക്ഷേപ രീതികള്‍ തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്നുണ്ട്. ആക്ടീവ് ചോയിസും ഓട്ടോ ചോയിസും. ഇതില്‍ ആക്ടീവ് ചോയിസ് തെരഞ്ഞെടുക്കുകയാണെങ്കില്‍, അംഗത്തിന് സ്വന്തം നിലയില്‍ തന്റെ റിസ്‌ക്കെടുക്കാനുള്ള ശേഷിയനുസരിച്ച് നിക്ഷേപ ആസ്തിയുടെ വിന്യാസം നടത്താനാകും. ഓഹരി, സര്‍ക്കാര്‍ ബോണ്ടുകള്‍, കോര്‍പറേറ്റ് കടപ്പത്രം, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിങ്ങനെ നാലുതരം അസറ്റുകളില്‍ നിക്ഷേപം നടത്താനാണ് അവകാശം നല്‍കുന്നത്. അതേസമയം ഓട്ടോ ചോയിസില്‍ അഗ്രേസീവ് ലൈഫ് സൈക്കിള്‍ ഫണ്ട്, മോഡറേറ്റ് ലൈഫ് സൈക്കിള്‍ ഫണ്ട്, കണ്‍സര്‍വേറ്റീവ് ലൈഫ് സൈക്കിള്‍ ഫണ്ട് എന്നിങ്ങനെ മൂന്ന് തരത്തില്‍ നിക്ഷേപം വിനിയോഗിക്കാനാകും.

അസറ്റ് അലോക്കേഷന്‍

ഇതിനകം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിങ്ങനെയുള്ള കടപ്പത്ര അധിഷ്ഠിത വിരമിക്കല്‍ നിധി സ്വരൂപിക്കുന്ന പദ്ധതികളില്‍ അംഗമായിട്ടുള്ള എന്‍പിഎസ് വരിക്കാര്‍, ഓഹരിയിലേക്ക് കൂടുതല്‍ വിഹിതം മാറ്റിവെയ്ക്കുന്നത് ഗുണകമായിരിക്കും. ആക്ടീവ് ചോയിസ് സ്വകരിച്ചിരിക്കുന്ന വരിക്കാരില്‍ 50 വയസിനു താഴെയുള്ളവര്‍ ഓഹരിയിലേക്ക് 75 ശതമാനവും 60 വയസിലേക്ക് എത്തുന്നവര്‍ 50 ശതമാനം വീതവും നീക്കിവെയ്ക്കാം. എന്നിരുന്നാലും ഒരു ഘട്ടത്തില്‍ പോലും ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിലേക്കുള്ള വിഹിതം 5 ശതമാനത്തിലധികം കൂടാതെ നോക്കുകയും വേണം.

അതേസമയം ഓട്ടോ ചോയിസ് തെരഞ്ഞെടുത്ത ചെറുപ്പക്കാരായ എന്‍പിഎസ് വരിക്കാര്‍, 35 വയസുവരെ ഓഹരിയിലേക്ക് 75% നീക്കിവെയ്ക്കുന്ന അഗ്രേസീവ് ലൈഫ് സൈക്കിള്‍ ഫണ്ട് തെരഞ്ഞെടുക്കുന്നതാണ് ഉചിതം. പിന്നീട് 40 വയസാകുമ്പോഴേക്കും ഓഹരിയിലേക്കുള്ള വിഹിതം 40 ശതമാനത്തിലേക്കും 45 വയസാകുമ്പോഴേക്കും ഓഹരിയിലേക്കുള്ള വിഹിതം 35 ശതമാനത്തിലേക്കും 50 വയസ് പൂര്‍ത്തിയാകുമ്പോഴേക്കും ഓഹരിയിലേക്കുള്ള വിഹിതം 20 ശതമാനത്തിലേക്കും 55 വയസാകുമ്പോഴേക്കും ഓഹരിയിലേക്കുള്ള വിഹിതം 15 ശതമാനത്തിലേക്കും ക്രമാനുഗതമായി താഴ്ത്തിക്കൊണ്ടു വരണം.

അതുപോലെ ഓട്ടോ ചോയിസ് തെരഞ്ഞെടുത്ത എന്‍പിഎസ് വരിക്കാര്‍, കോര്‍പറേറ്റ് കടപ്പത്രങ്ങളിലേക്കുള്ള വിഹിതം 35 വയസുവരെ 10 ശതമാനത്തില്‍ കൂടാതെ നോക്കണം. പിന്നീട് പ്രായം വര്‍ധിക്കുന്നതിന് അനുസരിച്ച് 50 വയസാകുമ്പോഴേക്കും 20 ശതമാനം വരെയും നീക്കിവെയ്ക്കാം. എന്നാല്‍ 55 വയസാകുമ്പോള്‍ കോര്‍പറേറ്റ് കടപ്പത്രങ്ങളിലേക്കുള്ള വിഹിതം വീണ്ടും 10 ശതമാനത്തിലേക്ക് താഴ്ത്തണം. അതേസമയം 35 വയസു വരെ 15 ശതമാനത്തില്‍ താഴെ നിര്‍ത്തിയിരുന്ന സര്‍ക്കാര്‍ ബോണ്ടുകളിലേക്കുള്ള വിഹിതം 55 വയസാകുമ്പോഴേക്കും 75 ശതമാനത്തിലേക്ക് ഉയര്‍ത്തുകയും വേണം.

റിസ്‌ക് എടുക്കാന്‍ തീരെ താത്പര്യമില്ലാത്ത യാഥാസ്ഥിതിക നിക്ഷേപകര്‍, ഒന്നുകില്‍ മോഡറേറ്റ് ലൈഫ് സൈക്കിള്‍ ഫണ്ടോ കണ്‍സര്‍വേറ്റീവ് ലൈഫ് സൈക്കിള്‍ ഫണ്ടോ തെരഞ്ഞെടുക്കാം. മോഡറേറ്റ് ലൈഫ് സൈക്കിള്‍ ഫണ്ട് സ്വീകരിക്കുന്നവരില്‍ 35 വയസു വരെ ഓഹരിയിലേക്കുള്ള വിഹിതം 50 ശതമാനത്തില്‍ കൂടാതെ നോക്കാം. പിന്നീട് 45 വയസില്‍ 30 ശതമാനവും 50 വയസില്‍ 20 ശതമാനവും 55 വയസില്‍ 10 ശതമാനവും എന്ന കണക്കില്‍ ഓഹരിയിലേക്കുള്ള വിഹിതം നിജപ്പെടുത്താം. അതുപോലെ കണ്‍സര്‍വേറ്റീവ് ലൈഫ് സൈക്കിള്‍ ഫണ്ട് തെരഞ്ഞെടുത്തവര്‍ 35 വയസു വരെ 25 ശതമാനത്തിലും 40 വയസില്‍ 20 ശതമാനത്തിലും 55 വയസാകുമ്പോഴേക്കും 5 ശതമാനത്തിലേക്കും ഓഹരി വിഹിതം ക്രമപ്പെടുത്താം.

Follow Us:
Download App:
  • android
  • ios