ദില്ലി: ഡിജിറ്റൽ നികുതി ഏർപ്പെടുത്തുന്നതിനുള്ള ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ- ഓപ്പറേഷൻ ആൻഡ് ഡെവലപ്മെൻറ് (ഒഇസിഡി) നിർദ്ദേശത്തിൽ ഇന്ത്യ മാറ്റങ്ങൾ തേടി. പ്രാദേശികമായിത്തന്നെ വൻ വരുമാനമുണ്ടാക്കുന്ന  ഗൂഗിൾ, ഫേസ്ബുക്ക്, ഉബർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിൽ നിന്നുള്ള നികുതിയുടെ ശരിയായ വിഹിതം രാജ്യത്തിന് നിഷേധിക്കുന്നതിനാലാണിത്.

കൂടുതൽ വരുമാനമുണ്ടാക്കുന്ന സ്ഥലത്തെ അടിസ്ഥാനമാക്കി നികുതി ഏർപ്പെടുത്തുന്നതിന് കൂടുതൽ സന്തുലിതവും പ്രായോഗികവുമായ മാർഗരേഖയാണ് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.

രാജ്യത്ത് നിന്ന് കമ്പനിക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് ന്യായമായ പങ്ക് രാജ്യത്തിന് ലഭിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ
ആശങ്കകൾ ഇന്ത്യ ഒഇസിഡിയുമായി പങ്കുവെച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

പൊതു അഭിപ്രായത്തിനായി ഡിജിറ്റൽ കമ്പനികൾക്ക് നികുതി ഏർപ്പെടുത്തുന്നതിനുള്ള കരട് ഒഇസിഡി ഒക്ടോബർ 9 ന് പുറത്തിറക്കിയിരുന്നു. വിവിധയിടങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ സംബന്ധിച്ച ചർച്ചകൾ നവംബർ 21- 22 തീയതികളിൽ നടക്കും. നിയമങ്ങൾ നടപ്പാക്കുന്നതിന് എല്ലാ രാജ്യങ്ങളും സമ്മതിക്കണം.