തിരുവനന്തപുരം: ഓപ്പറേഷൻ ബച്ചത്ത് എന്ന് പേരിട്ട് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ ക്രമക്കേടുകൾ നിഷേധിച്ച് കെഎസ്എഫ്ഇ. നാൽപ്പത് ശാഖകളിൽ നടത്തിയ പരിശോധനയിൽ മുപ്പത്തിയഞ്ച് ഇടത്തും ക്രമക്കേട് ഉണ്ടെന്നും പൊള്ളച്ചിട്ടി അടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ടെന്നുമാണ് വിജിലൻസ് അന്വേഷണ പശ്ചാത്തലത്തിൽ പുറത്ത് വന്നിരുന്നത്. എന്നാൽ വിജിലൻസ് പരിശോധന നടത്തിയ ഇടങ്ങളിൽ ആഭ്യന്തര പരിശോധന നടത്തിയ കെഎസ്എഫ്ഇ ഇത് നിഷേധിക്കുകയാണ്. 

ബ്രാഞ്ചുകളിൽ വീഴ്ച കണ്ടെത്താൻ ഓഡിറ്റ് ടീമിന് കഴിഞ്ഞിട്ടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാൻ പിലിപ്പോസ് തോമസ് പ്രതികരിച്ചു. വിജിലൻസ് പറയുന്ന പൊള്ള ചിട്ടി അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു.  സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയ ബ്രാഞ്ചുകളിൽ ഇന്ന് കെ എസ് എഫ് ഇ ആഭ്യന്തര ഓഡിറ്റ് സംഘം പരിശോധന നടത്തി. ഒരു ബ്രാഞ്ചിൽ പോലും വീഴ്ച കണ്ടെത്താനായിട്ടില്ല. കെ എസ് എഫ് ഇ യുടെ ബ്രാഞ്ചുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ     കണ്ടെത്തലുകൾ എന്താണെന്ന് ഇതുവരെ കെ എസ് എഫ് ഐ അറിയിച്ചിട്ടുമില്ലെന്നും ചെയര്‍മാൻ പ്രതികരിച്ചു. 

വിജിലൻസ് ബ്രാഞ്ചുകളിൽ പരിശോധന നടത്തിയത് മുൻ കൂട്ടി തയ്യാറാക്കിയ ചോദ്യ വലിയുമായിട്ടാണെന്നും ചെയര്‍മാൻ വിശദീകരിച്ചു. ചിട്ടി നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളിൽ ധാരണ ഇല്ലാത്ത ഉദ്യോഗസ്ഥരാണ് പരിശോധനക്കെത്തിയത്. ആഭ്യന്തര അന്വേഷണ സംഘം കണ്ടെത്താത്ത എന്തെങ്കിലും കാര്യങ്ങൾ അധികമായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് കെ എസ് എഫ് ഐ യ അറിയിക്കണം. ദൈനംദിന ഇടപാടിൽ ഉണ്ടാവുന്ന നിസാര കാര്യങ്ങൾ ഓഡിറ്റ് സംഘവും കണ്ടെത്തിയിട്ടുണ്ടെന്നും ചെയര്‍മാൻ പത്തനംതിട്ടയിൽ വിശദീകരിച്ചു. 

വിജിലൻസ് പറയുന്ന തരത്തിൽ വലിയ വീഴ്ചകളൊന്നും കെഎസ്എഫ്ഇ ശാഖകളിൽ ഇല്ല. നടപടി ക്രമങ്ങളിലെ ചെറിയ പാകപ്പിഴകൾ മാത്രമാണ് കണ്ടെത്താനായിട്ടുള്ളതെന്നും കെസ്എഫ്ഇ അധികൃതര്‍ പറയുന്നു, വിജിലൻസ് റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നാണ് ധനമന്ത്രി ഇന്ന് പ്രതികരിച്ചത്, കെഎസ്എഫ്ഇ സംബന്ധിച്ച ചര്‍ച്ചകൾ നീട്ടി കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി പ്രതികരിച്ചു .