ദില്ലി: ഓൺലൈൻ ഫാഷൻ റീടെയ്‌ലറായ മിന്ത്ര വൻ ഫാഷൻ ഫെസ്റ്റിവലിന് ഒരുങ്ങുന്നു. നാല് കോടി ഉപഭോക്താക്കളിലേക്ക് വിപണനത്തിലൂടെ എത്തിച്ചേരുകയാണ് ലക്ഷ്യം. ഇതിലൂടെ വിപണി വിഹിതത്തിൽ വൻ വർധന ഉണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഓൺലൈൻ വിപണിയിലെ ജനത്തിന്റെ ഇടപാടുകളിലെ വളർച്ചയിലാണ് പ്രതീക്ഷ മുഴുവനും.

ഈ വാരാന്ത്യത്തിൽ തന്നെ ഒൻപത് ലക്ഷം സ്റ്റൈലുകളിലായി മൂവായിരത്തിലധികം ബ്രാന്റുകളെ മിന്ത്ര അവതരിപ്പിക്കും. ഞായറാഴ്ച തുടങ്ങി അഞ്ച് ദിവസം ഫെസ്റ്റിവൽ നീണ്ട് നിൽക്കും. 20000 കടയുടമകളുണ്ടാവും. 27000 പിൻ കോഡുകളിൽ വിപണനം എത്തിക്കുകയാണ് ലക്ഷ്യം.

ഒരു മിനിറ്റിൽ 20000 ഓർഡറുകളാണ് ഏറ്റവും ഉയർന്ന വിപണന സമയത്ത് വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി പ്രതീക്ഷിക്കുന്നത്. ഫെസ്റ്റിവലിന്റെ 13ാമത് എഡിഷനാണിത്. 

ഫാഷൻ ഫെസ്റ്റിവൽ സമയത്ത് 65 ശതമാനം അധിക ഉപഭോക്തൃ വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ 30 കൈത്തറി ബ്രാന്റുകളിൽ നിന്നായി 6500 ലധികം ഉൽപ്പന്നങ്ങളും വിപണനം ചെയ്യും.