മുംബൈ: സെൻട്രൽ റെയിൽവേയിൽ ജോലി ചെയ്യുന്ന ടിടിഇമാർ വഴി കള്ളവണ്ടിക്കാരിൽ നിന്ന് പിഴയായി ഈടാക്കിയത് കോടികൾ. ഫ്ലൈയിങ് സ്ക്വാഡ് അംഗമായ ട്രാവലിങ് ടിക്കറ്റ് ഇൻസ്പെക്ടർ എസ്ബി ഗലന്ദെയും മറ്റ് മൂന്ന് പേരും ചേർന്ന് ഒരു കോടി മുതൽ ഒന്നരക്കോടി രൂപ വരെ പിഴ പിരിച്ച് റെയിൽവെയ്ക്ക് നൽകി. 2019 ൽ കള്ളവണ്ടി കയറിയ 22,680 പേരിൽ നിന്ന് ഒന്നര കോടി രൂപയാണ് ഗലന്ദെ പിഴയായി
ഈടാക്കിയത്.

മൂന്ന് മറ്റ് ടിടിഇമാർ ഒരു കോടിയിലേറെ രൂപ പിരിച്ച് റെയിൽവെയ്ക്ക് നൽകി. എംഎം ഷിന്റെ, ഡി കുമാർ, ജി രവി കുമാർ എന്നിവരാണ് ഇവർ. എംഎം ഷിന്റെയും ഡി കുമാറും ഗലന്ദെയുടെ സംഘാംഗങ്ങളാണ്. ഗലന്ദെയുടെ സംഘം ദീർഘദൂര ട്രെയിനുകളിലെ യാത്രക്കാരിൽ നിന്നാണ് റെയിൽവെയ്ക്ക് നേട്ടമുണ്ടാക്കിയത്. രവികുമാർ മുംബൈ സബർബൻ ട്രെയിനുകളിലെ ടിടിഇയാണ്.

ഷിന്റെ 1.07 കോടിയും കുമാർ 1.02 കോടിയും രവി കുമാർ 1.45 കോടിയും പിഴയീടാക്കി. ഗലന്ദെ 22680 പേരെ പിടികൂടിയപ്പോൾ ഷിന്റെ 16035 പേരെയും കുമാർ 15234 പേരെയും രവി കുമാർ 20657 പേരെയുമാണ് ടിക്കറ്റില്ലാതെ പിടികൂടിയത്. എല്ലാവർക്കും ക്യാഷ് അവാർഡുകൾ നൽകി സെൻട്രൽ റെയിൽവെ അഭിനന്ദിച്ചു.

സെൻട്രെൽ റെയിൽവെയുടെ 2019 ലെ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്നുള്ള വരുമാനം 192.51 കോടിയാണ്. 37.64 ലക്ഷം കള്ളവണ്ടി കേസുകളാണ് 2019 ൽ രജിസ്റ്റർ ചെയ്തത്. 2018 ൽ കേസുകളുടെ എണ്ണം 34.09 ലക്ഷമായിരുന്നു. പിഴത്തുക 168.30 കോടിയും. മുൻവർഷത്തെ അപേക്ഷിച്ച് 2019 ൽ 14.39 ശതമാനമാണ് ഈ വകയുള്ള വരുമാന വർധനവ്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത കേസുകൾ ഒരു വർഷത്തിനിടെ 10.41 ശതമാനം വർധിച്ചു.