മുംബൈ: രാജ്യത്തെ പണമിടപാട് സംബന്ധിച്ച എല്ലാ വിവരങ്ങളും രാജ്യത്തിന് ഉള്ളില്‍ തന്നെ സൂക്ഷിക്കണമെന്ന് റിസര്‍വ് ബാങ്ക്. പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയില്‍ മാത്രമേ സൂക്ഷിക്കാവൂ. വിദേശത്ത് യാതൊരു വിവരങ്ങളും സൂക്ഷിക്കാന്‍ പാടില്ല. അത്തരത്തില്‍ സൂക്ഷിച്ചിട്ടുളളവ നീക്കം ചെയ്യണം. 

വിദേശത്ത് പണമിടപാട് സംബന്ധിച്ച സാങ്കേതിക നടപടികള്‍ വിദേശത്ത് ചെയ്യുന്നതില്‍ തടസ്സമില്ല. എന്നാല്‍, 24 മണിക്കൂറിനുള്ളില്‍ ആ വിവരങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ഏറെ നാളായി റിസര്‍വ് ബാങ്ക് വിഷയത്തില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പല കമ്പനികളും ഇത് ലംഘിക്കുന്ന സാഹചര്യം ശ്രദ്ധയിപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് ആര്‍ബിഐ നീങ്ങിയത്. 

അടുത്ത ആറ് മാസത്തിനകം ഇതിനുളള സംവിധാനം ഉണ്ടാക്കണമെന്ന് ഏപ്രിലില്‍ ആര്‍ബിഐ നിര്‍ദ്ദേശിച്ചിരുന്നു. സ്റ്റോറേജ് ഓഫ് പേയ്മെന്‍റ് സിസ്റ്റം ഡേറ്റ എന്ന പേരിലാണ് റിസര്‍വ് ബാങ്ക് ഏപ്രിലില്‍ ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.