ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 66 ലക്ഷം രൂപയുടെ സിഗററ്റ് ദില്ലി കസ്റ്റംസ് പിടികൂടി. ഇവയ്ക്ക് മുകളിൽ ചിത്രം പതിച്ച മുന്നറിയിപ്പുകൾ ഉണ്ടായിരുന്നില്ല. കൊവിഡ് മൂലം ദുബായിൽ അകപ്പെട്ട 13 ഇന്ത്യൻ യാത്രക്കാരിൽ നിന്നാണ് ഇത് പിടിച്ചെടുത്തത്.

ദുബായിൽ നിന്ന് ദില്ലിയിലേക്കുള്ള ഇകെ 510 വിമാനത്തിലാണ് ഇവർ എത്തിയത്. വിമാനം ലാന്റ് ചെയ്ത് ഗ്രീൻ ചാനൽ കടന്നയുടൻ 13 യാത്രക്കാരെയും കസ്റ്റംസ് വിഭാഗം പിടികൂടുകയായിരുന്നു.

കസ്റ്റംസ് നിയമം 1962 ലെ 110ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പിടിച്ചെടുത്ത സിഗററ്റിന്റെ ആകെമൂല്യം 66,60,000 രൂപയാണ്. 13 യാത്രക്കാരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് നിയമത്തിലെ 104ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതൽ അന്വേഷണം നടത്തുകയാണെന്നും കസ്റ്റംസ് അറിയിച്ചു.