Asianet News MalayalamAsianet News Malayalam

മരട് പൊളിഞ്ഞു വീണു, ആ 'വീഴ്ച'യിൽ നിന്ന് ഇനി ഫ്ലാറ്റുവാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വല്ലവരും നടത്തിയ നിയമലംഘനങ്ങൾക്കും, അത് ഒളിപ്പിച്ചുകൊണ്ടു നടത്തിയ തട്ടിപ്പുകൾക്കും ഇരയായി ഇനി ആർക്കും തങ്ങളുടെ ആജീവനാന്ത സമ്പാദ്യവും, സ്വൈരവും ഒക്കെ നഷ്ടപ്പെട്ടുകൂടാ. 

What the Kerala Society has to learn from Maradu Demolitions?
Author
Maradu, First Published Jan 11, 2020, 12:47 PM IST

മരട് എല്ലാ അർത്ഥത്തിലും കേരളത്തിന് ഒരു പാഠമാണ്. ഒരു ഫ്ലാറ്റ് സമുച്ചയം കെട്ടിപ്പൊക്കുമ്പോൾ എന്ത് ചെയ്യരുത് എന്ന കാര്യത്തിൽ, കേരളത്തിന് മാത്രമല്ല, ഇന്ത്യക്കു തന്നെ അത് ഒരു മാതൃകയാണ്. അരുതാത്തത് ചെയ്താൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള ഒരു മുന്നറിയിപ്പും, താക്കീതുമാണത്. നമ്മുടെ ഭരണസംവിധാനങ്ങൾക്കും, ജനപ്രതിനിധികൾക്കും, സമൂഹത്തിനും, നമ്മൾ ഓരോരുത്തർക്കും ഈ കെട്ടിടങ്ങൾ പൊളിഞ്ഞുവീഴുന്നതിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്.  

നിയമങ്ങൾ എല്ലാം തന്നെ കാറ്റിൽ പറത്തിക്കൊണ്ട്, ഇത്തരത്തിൽ കോൺക്രീറ്റ് കെട്ടിടങ്ങൾ കെട്ടിപ്പൊക്കുമ്പോൾ, പിന്നീട് ഇത് എത്ര സങ്കീർണ്ണമായ പ്രശ്നങ്ങളിലേക്കാണ് ഒരു സമൂഹത്തെ നയിക്കുക എന്നതുസംബന്ധിച്ച് കൃത്യമായ അനുഭവം തന്നെയാണ് നമുക്ക് മരടിലെ ഫ്‌ളാറ്റുകളുടെ പൊളിക്കൽ പ്രക്രിയ നൽകിയത്. പുതുതായി റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി എന്ന സ്ഥാപനം തന്നെ നിലവിൽ വന്ന സ്ഥിതിക്ക്, ഇനി നമ്മുടെ നാട്ടിൽ ഉയർന്നുപൊങ്ങുന്ന ബഹുനിലഫ്‌ളാറ്റുകൾ ഇവിടത്തെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട് എന്നുറപ്പിക്കേണ്ടതുണ്ട്. വല്ലവരും നടത്തിയ നിയമലംഘനങ്ങൾക്കും, അത് ഒളിപ്പിച്ചുകൊണ്ടു നടത്തിയ തട്ടിപ്പുകൾക്കും ഇരയായി ഇനി ആർക്കും തങ്ങളുടെ ആജീവനാന്ത സമ്പാദ്യവും, സ്വൈരവും ഒക്കെ നഷ്ടപ്പെട്ടുകൂടാ. 

എന്താണ്  CRZ ചട്ടങ്ങൾ?

1991 -ലാണ് 1986 -ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ചുവടുപിടിച്ചുകൊണ്ട്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം CRZ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കപ്പെടുന്നത്. ഈ നോട്ടിഫിക്കേഷൻ പ്രകാരം, വേലിയേറ്റ രേഖ (High Tide Line) ൽ നിന്ന് 500 മീറ്റർ അകലം വരെയും, വേലിയേറ്റത്തിനും ഇറക്കത്തിനും വിധേയമായ നദീമുഖങ്ങൾ, പൊഴികൾ, കായലുകൾ, പുഴകൾ എന്നിവയിൽ നിന്ന് 100 മീറ്റർ ദൂരം വരെയുമാണ് CRZ നിയന്ത്രണങ്ങൾ ബാധകമാവുന്നത്.

എന്തിനാണ് CRZ ചട്ടങ്ങൾ?

കടൽ തീരങ്ങളും ജനവാസ പ്രദേശങ്ങളും തമ്മിലുള്ള ബഫർ സോണുകൾ അഥവാ സംരക്ഷിത മേഖലകളാണ് CRZ അഥവാ തീരദേശ നിയന്ത്രിത പ്രദേശങ്ങൾ. അവയിൽ കണ്ടൽക്കാടുകൾ, ചതുപ്പുനിലങ്ങൾ, തീരപ്രദേശങ്ങൾ തുടങ്ങിയ പലതും ഉൾപ്പെടും. വർഷാവർഷം കണക്കില്ലാത്ത മാലിന്യങ്ങളാണ് ഇന്ത്യൻ ജനത തീരത്തോട് ചേർന്ന കടലിലേക്ക് വലിച്ചെറിയുന്നത്. ഇത്  7517 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന നമ്മുടെ കടൽത്തീരത്തെ ആശ്രയിച്ചു കഴിയുന്ന നിരവധിപേരുടെ ജീവിതമാർഗം മുടക്കുന്ന അവസ്ഥയിലേക്ക് വഷളായി എന്ന് തോന്നിയ സാഹചര്യത്തിലാണ് കേന്ദ്രം CRZ ചട്ടങ്ങളുമായി മുന്നോട്ടുവരുന്നത്. 

സിആർഇസഡ് പരിധിയിൽ വരുന്ന ഏതു നിർമാണത്തിനും കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയുടെ അനുമതി വേണം എന്ന് നിയമമുണ്ട്. പരിസ്ഥിതി ലോലമായ ഓരോ തീരദേശ മേഖലയിലും എന്തൊക്കെ അനുവദനീയമാണെന്നു ഇല്ലെന്നും ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അനുവാദമില്ല എന്നു പറഞ്ഞിട്ടുള്ളിടത്തെ ഏതു നിർമാണവും പൊളിച്ചുമാറ്റി സ്ഥലം മുൻ സ്ഥിതിയിലാക്കണമെന്നാണു CRZ നിയമത്തിൽ പറയുന്നത്. സിആർഇസഡ് ചട്ടത്തിന്റെ ലംഘനമാണു മരടിലെ നിർമാണം. നിർമാണം പാടില്ലാത്ത മേഖലയിലാണു കെട്ടിടങ്ങൾ. ഇതുമൂലം പരിസ്ഥിതി നാശമുണ്ടായി.   
തീരദേശപ്രദേശങ്ങളെ ഈ നോട്ടിഫിക്കേഷൻ CRZ-I, CRZ-II, CRZ-III & CRZ-IV എന്നിങ്ങനെ നാലു സോണുകളായി തിരിച്ചിട്ടുണ്ട്. പരിസ്ഥിതി ലോലമായ വേലിയേറ്റ-വേലിയിറക്ക രേഖയ്ക്ക് ഇടയ്ക്കുള്ള പ്രദേശങ്ങൾ CRZ-I ആണ്. ഇവിടെ പ്രകൃതിവാതക പര്യവേക്ഷണവും, സാൾട്ട് മൈനിംഗും മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. തീരത്തിന്റെ അടുത്തുളള പ്രദേശങ്ങൾ CRZ-II ആണ്. ഇവിടെ യാതൊരു വിധ നിർമ്മാണപ്രവർത്തനങ്ങളും അനുവദനീയമല്ല. തീരത്തോട് ചേർന്നുകിടക്കുന്ന ഈ അതിലോലസോണുകൾക്ക് പുറത്ത് കിടക്കുന്ന പ്രദേശങ്ങളെ CRZ-III & CRZ-IV എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഇവിടെ കൃഷിസംബന്ധമായ പ്രവർത്തനങ്ങളും, പൊതുപ്രവർത്തനങ്ങളും മാത്രമാണ് അനുവദനീയം. സംസ്ഥാനസർക്കാരുകൾ പലതവണയായി മുന്നോട്ടുവെച്ച അപേക്ഷകളിന്മേൽ, 1991 -ലെ ചട്ടം 25 തവണയാണ് ഭേദഗതി ചെയ്യപ്പെട്ടത്. മേൽപ്പറഞ്ഞ ഭേദഗതികളെല്ലാം കൂടി ഒന്നിച്ചു ചേർത്തുകൊണ്ട്, ഡോ. എം എസ് സ്വാമിനാഥൻ കമ്മിറ്റിയുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് 2011 -ൽ ചട്ടം അവസാനമായി ഒരിക്കൽ കൂടി പരിഷ്കരിക്കപ്പെട്ടുകൊണ്ട് നോട്ടിഫിക്കേഷനിറങ്ങി. 

മരടിൽ സംഭവിച്ചതെന്ത്?

2005 -06 വർഷത്തിലാണ് അഞ്ചു ബിൽഡിങ് പെർമിറ്റുകൾ നല്കപ്പെട്ടതും നാല് റിയൽ എസ്റ്റേറ്റ് ഡെവലപ്പിംഗ് കമ്പനികൾ ചേർന്നുകൊണ്ട് നാലു ഫ്ലാറ്റ് സമുച്ഛയങ്ങൾ നിർമിച്ചു തുടങ്ങുന്നതും. മരട് പഞ്ചായത്തിൽ നിന്ന് നിർമാണ പെർമിറ്റ് കിട്ടിയ സമയത്തോ ബിൽഡർമാർ കെട്ടിടങ്ങൾ കെട്ടിപ്പൊക്കിത്തുടങ്ങിയ സമയത്തോ ഒന്നും തന്നെ CRZ  ചട്ടലംഘനങ്ങളുടെ നോട്ടീസ് ലഭിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. മരട് പഞ്ചായത്തിൽ നിന്ന് മുനിസിപ്പാലിറ്റി ആയപ്പോഴാണ്, കോസ്റ്റൽ റെഗുലേഷൻ സോൺ ചട്ടങ്ങളുടെ ലംഘനങ്ങൾ അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുന്നതും അവർ ബിൽഡർമാർക്ക് നോട്ടീസ് നൽകുന്നതും.

ബിൽഡർമാർ അതിനെതിരെ കോടതിയിൽ ചെന്ന് അനുകൂലമായ താത്കാലിക വിധികൾ സമ്പാദിച്ചു എങ്കിലും, ഒടുവിൽ സുപ്രീം കോടതിയിൽ വിധി അവർക്ക് എതിരാവുകയായിരുന്നു. 2019 മെയ് 19 -ന് മുമ്പുതന്നെ ഫ്ലാറ്റുകൾ പൊളിക്കണം എന്നായിരുന്നു സുപ്രീം കോടതി അന്തിമ ഉത്തരവ്. അത് പാലിക്കപ്പെടാതെ വന്നപ്പോൾ, സുപ്രീം കോടതി ചീഫ് സെക്രട്ടറി ടോം ജോസിനെ  വിളിച്ചുവരുത്തി ശാസിച്ചതിനു ശേഷമാണ് ഇപ്പോൾ നടക്കുന്ന പൊളിക്കൽ പ്ലാനിലേക്ക് സർക്കാർ എത്തിച്ചേർന്നത്. 

ഇനി ഫ്ലാറ്റുകൾ വാങ്ങുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം ?

ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ കാര്യത്തിൽ  എന്തെങ്കിലുമൊക്കെ നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ അതിന്റെ പ്രത്യാഘാതം ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരും നേരിടേണ്ടി വരും. അ സ്ഥലം വാങ്ങി കെട്ടിടം പണിതതിൽ യാതൊരു നിയമലംഘനവും നടന്നിട്ടില്ല എന്ന് രേഖകൾ നേരിൽ കണ്ട് ഉറപ്പു വരുത്തണം. അത് മനസ്സിലാക്കാൻ വേണ്ട നിയമവൈദഗ്ധ്യം ഇല്ലാത്തവർക്ക് ആ രംഗത്തെ നിയമവിദഗ്ധന്റെ  സേവനം തേടാം. വേണമെന്നുണ്ടെങ്കിൽ വിവരവകാശനിയമ പ്രകാരം അപേക്ഷിച്ച് കാര്യങ്ങൾ മനസ്സിലാക്കാം. 

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന ബിൽഡിങ് നമ്പർ 

കെട്ടിടത്തിന് ബിൽഡിങ് നമ്പർ ലഭിച്ചിട്ടുണ്ടോ എന്നത്  പ്രധാനമാണ്.  ഒരു ഫ്ലാറ്റ് വാങ്ങുമ്പോൾ പ്രാഥമികമായ ലൈസൻസ് എന്നു പറയുന്നത് അതിന്റെ ബിൽഡിങ് പെർമിറ്റ്, അപ്രൂവ്ഡ് ബിൽഡിങ് പ്ലാൻ, എന്നിവയാണ്. മേല്പറഞ്ഞവ പാലിച്ചുകൊണ്ട് നിർമാതാവ് കെട്ടിടം പണിതാൽ മാത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന അംഗീകാരമാണ് 'കംപ്ലീഷൻ സർട്ടിഫിക്കറ്റ്'.  അപ്രൂവൽ വാങ്ങിയ പ്ലാൻ പ്രകാരമല്ലാതെ കെട്ടിടം പണിതാൽ ഒരു കാരണവശാലും കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കില്ല. കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ഒരു കെട്ടിടത്തിനുവേണ്ട ബിൽഡിങ് നമ്പർ ലഭിക്കൂ. അത് നിങ്ങൾ വാങ്ങാനുദ്ദേശിക്കുന്ന കെട്ടിടത്തിന് ലഭിച്ചിട്ടുണ്ട് എന്നുറപ്പുവരുത്തേണ്ടതുണ്ട്. 

 പൊലൂഷൻ കൺട്രോൾ ബോർഡിന്റെ കൺസെന്റ് ടു എസ്റ്റാബ്ലിഷ്

പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ‘കൺസെന്റ് ടു എസ്റ്റാബ്ലിഷ്’ അനുമതിയാണ് വേണ്ടത്. വാഹനം കൺസ്ട്രക്‌ഷൻ സൈറ്റിലേക്ക് വരികയും പോകുകയും ചെയ്യേണ്ടപ്പോ ൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ, ജല സ്രോതസ് എവിടെ നിന്നാണ്, മലിനജലം എങ്ങിനെ കൈകാര്യം ചെയ്യും ഇവ പരിശോധിച്ചാണ് ഈ അനുമതി നൽകുന്നത്. ഫ്ലാറ്റുകളിൽ കൃത്യമായ സീവറേജ്‌ ട്രീറ്റ്മെന്റ് പ്ലാന്റ്(STP) ഉണ്ടായിരിക്കണം. അയൽവീടുകളിലേക്ക് മാലിന്യം ഒഴുകിയെത്താൻ പാടില്ല, സമീപത്തെ കിണറുകളിൽ മാലിന്യമെത്താൻ പാടില്ല അങ്ങനെ പലതുമുണ്ട് നിബന്ധനകൾ. 

ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന്റെ NOC 

ഡയറക്ടറേറ്റ് ഒഫ് ഫയർ ആൻഡ് റെസ്ക്യൂവിൽ നിന്നുള്ള ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റും ഉണ്ടാകണം. ഫ്ലാറ്റിൽ തീപിടുത്തമുണ്ടായാൽ അഗ്നിശമന വാഹനം കടന്നുവരാനുളള വഴി, വേണ്ടത്ര വീതിയിൽ ഫ്ലാറ്റിനു ചുറ്റും വേണം എന്ന നിർബന്ധമുണ്ട് കേരളം മുനിസിപ്പൽ ബിൽഡിങ് റൂൾസിൽ. അഗ്നി ബാധ ഉണ്ടായാൽ രക്ഷപ്പെടാനുള്ള ഗോവണി, സുരക്ഷാ മുൻകരുതൽ എന്നിവയെല്ലാം ഫ്ലാറ്റുകളിലും വില്ലകളിലും ഉൾപ്പെടുത്തേണ്ടതാണ്.

കെട്ടിട നിർമാണ ചട്ടപ്രകാരം ജലസംഭരണത്തിനുള്ള സംവിധാനം, ജലവിതരണം, മാലിന്യ ശേഖരണത്തിനും നിർമാർജനത്തിനുമുള്ള സൗകര്യം, മഴവെള്ള സംഭരണി, സ്വീവേജ്, സെപ്റ്റിക് ടാങ്കിന് മതിയായ ശേഷി എന്നിവയും ഫ്ലാറ്റുകളിൽ നിർബന്ധമാണ്. 

ഇങ്ങനെയുള്ള കാര്യങ്ങളിൽ വേണ്ടത്ര അവധാനതയോടെയുള്ള പരിശോധനകൾ ഇല്ലെങ്കിൽ പിന്നീട്, ഇന്ന് മരടിലെ നാനൂറോളം ഫ്ലാറ്റുടമകൾ എത്തിനിൽക്കുന്ന സങ്കടാവസ്ഥയിൽ ഇനി ഫ്ലാറ്റുവാങ്ങുന്നവർക്കും ചെന്ന് നിൽക്കേണ്ടി വന്നേക്കാം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. 

Follow Us:
Download App:
  • android
  • ios