ജിയോക്കൊപ്പം ടെലികോം നിരക്കുയര്‍ത്തി  വരുമാനം കൂട്ടി  ഒരുമിച്ചു നീങ്ങാന്‍  എയര്‍ടെല്‍ ശ്രമിക്കാനാണ് സാധ്യത. എന്നാല്‍ ടവറുകളുടെ ചിലവ് പങ്കിട്ടിരുന്ന ഐഡിയയും വോഡഫോണും ഇല്ലാതായാല്‍   എയര്‍ടെല്ലിന് നടത്തിപ്പ് ചിലവ് കൂടും. പക്ഷെ വോഡഫോണിന്‍റേയും ഐഡിയയുടേയും  ഉപഭോക്താക്കളില്‍ വലിയൊരു ശതമാനത്തെ കിട്ടുമെന്നതാണ് പ്രധാന ലാഭം. എന്തായാലും  രാജ്യത്തെ ടെലികോം മേഖലയില്‍  വലിയ മാറ്റങ്ങള്‍  അടുത്ത മാസത്തോടെ  ഉണ്ടാകാനാണ് സാധ്യത.  ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നു കണ്ടു തന്നെ അറിയണം.  അഭിലാഷ് ജി നായര്‍ എഴുതുന്നു

 

 

സ്പെക്ട്രം ലൈസന്‍സ് ഫീസ് കുടിശികയും യൂസര്‍ ചാര്‍ജുമായി  ടെലികോം കമ്പനികള്‍ ഒന്നര ലക്ഷം കോടിയോളം രൂപ ഉടന്‍ അടയ്ക്കണമെന്ന സുപ്രിം കോടതി ഉത്തരവ് വന്നതോടെ രാജ്യത്തെ ടെലികോം മേഖലയില്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ. ജിയോയുടെ  വരവോടെ അടിത്തറ ഇളകിയ  മുന്‍നിര സ്വകാര്യ  ടെലികോം കമ്പനികളില്‍ ആര്‍ക്കൊക്കെ ഈ തുക അടയ്ക്കാനാകുമെന്ന് കണ്ടു തന്നെ അറിയണം.

പണമടക്കുക അല്ലെങ്കില്‍ സ്വയം പാപ്പരായി  മാറുക എന്നതു മാത്രമാണ് കമ്പനികള്‍ക്കു മുന്നിലെ പോംവഴി.  മാര്‍ച്ച് മാസത്തിനു ശേഷം ആരൊക്കെ നിലനില്‍ക്കും ആരൊക്കെ അടച്ചു പൂട്ടുമെന്ന കാര്യം മാത്രമേ ഇനി അറിയേണ്ടതുള്ളൂ. ജിയോയുമായുള്ള പോരാട്ടത്തില്‍ നിലനില്‍പ്പിനായി പരസ്പരം കൈകോര്‍ത്ത വോഡാഫോണ്‍-ഐഡിയ സംയുക്തസരംഭത്തിന്‍റെ ഭാവിയാണ് ഏറെ അനിശ്ചിതത്വത്തിലായത്.

അമ്പത്തിമൂവായിരം കോടി രൂപയാണ് ഇവര്‍ അടക്കേണ്ടത്. പുതിയ മൂലധന നിക്ഷേപം  ഈ സംരംഭത്തിലേക്ക് എത്തിയില്ലെങ്കില്‍ അടച്ചുപൂട്ടുക മാത്രമാണ് ഐഡിയ-വോഡഫോണിനു മുമ്പിലുള്ള പോംവഴി. പുതിയ നിക്ഷേപം ഇനി കമ്പനിയില്‍ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ  ഐഡിയയുടെ ഉടമയായ ആദിത്യ ബിര്‍ള ഗ്രൂപ്പ് വ്യക്തമാക്കിയതാണ്. എന്നാല്‍ സുപ്രിംകോടതി വിധിക്ക് ശേഷം  കമ്പനിയുടെ പ്രതികരണമൊന്നും വന്നിട്ടില്ല.  

 

 

സുപ്രിം കോടതി ഉത്തരവിനു ശേഷം കമാരമംഗലം ബിര്‍ള കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിനെ   കണ്ടതായും റിപ്പോര്‍ട്ടുണ്ട്.  മാര്‍ച്ച് 17 മുമ്പ്  പണം അടക്കാനായില്ലെങ്കില്‍  കമ്പനി നിയമ ട്രൈബ്യൂണലിനു മുമ്പില്‍ പാപ്പര്‍ ഹര്‍ജി നല്‍കി കളം വിടുക മാത്രമാണ് ഐഡിയക്കും വോഡഫോണിലും മുന്നിലുള്ള മാര്‍ഗ്ഗം. സുപ്രിം കോടതി ഇനി സമയം അനുവദിക്കാന്‍ സാധ്യതയില്ല. മരടില്‍ ഫ്ലാറ്റ് പൊളിപ്പിച്ച അതേ വാശിയിലാണ് ജസ്റ്റീസ് അരുണ്‍ മിശ്ര.  

അങ്ങനെ വന്നാല്‍ എന്താകും  രാജ്യത്തെ ടെലികോം മേഖലയില്‍ സംഭവിക്കുക എന്ന് പ്രവചിക്കാന്‍ കൂടിയാകില്ല. ആയിരങ്ങളുടെ തൊഴില്‍ പോകും.  നിലവിലെ മൊബൈല്‍ സേവനങ്ങളേയും ബാധിച്ചേക്കാം.  ജിയോക്കായിരിക്കും ഇതില്‍ വലിയ നേട്ടമുണ്ടാകുക എന്നുറപ്പാണ്.  അതോടൊപ്പം എയര്‍ടെല്ലിന്‍റെ നീക്കങ്ങളും നിര്‍ണ്ണായകമാണ്. 36000 കോടിയോളം രൂപ ഫീസ് അടക്കാനുള്ള എയര്‍ടെല്‍ നിലനില്‍ക്കാനായി സകല കളികളും കളിച്ചേക്കുമെന്നാണ് സൂചന.  

ഈമാസം 20 നകം പതിനായിരം കോടി രൂപയും മാര്‍ച്ച് 17 നകം ബാക്കി പണവും അടക്കുമെന്ന് എയര്‍ടെല്‍  ടെലികോം മന്ത്രാലയത്തെ അറിയിച്ചുകഴിഞ്ഞു. ഐഡിയയും വോഡാഫോണും  വീണാല്‍ എയര്‍ടെല്ലും ജിയോയും മാത്രമുള്ള ലോകമാണ് എയര്‍ടെല്‍ ഉടമ സുനില്‍ മിത്തലിന്‍റെ സ്വപ്നമെന്ന് അടക്കം പറയുന്നവര്‍ ടെലികോം മേഖലയിലുണ്ട്. ബിഎസ്എന്‍എലിനെ ഒരു ശക്തനായ എതിരാളിയായി ഇവരാരും കണക്കാക്കുന്നുമില്ല.  

 

 

ജിയോക്കൊപ്പം ടെലികോം നിരക്കുയര്‍ത്തി  വരുമാനം കൂട്ടി  ഒരുമിച്ചു നീങ്ങാന്‍  എയര്‍ടെല്‍ ശ്രമിക്കാനാണ് സാധ്യത. എന്നാല്‍ ടവറുകളുടെ ചിലവ് പങ്കിട്ടിരുന്ന ഐഡിയയും വോഡഫോണും ഇല്ലാതായാല്‍   എയര്‍ടെല്ലിന് നടത്തിപ്പ് ചിലവ് കൂടും. പക്ഷെ വോഡഫോണിന്‍റേയും ഐഡിയയുടേയും  ഉപഭോക്താക്കളില്‍ വലിയൊരു ശതമാനത്തെ കിട്ടുമെന്നതാണ് പ്രധാന ലാഭം. എന്തായാലും  രാജ്യത്തെ ടെലികോം മേഖലയില്‍  വലിയ മാറ്റങ്ങള്‍  അടുത്ത മാസത്തോടെ  ഉണ്ടാകാനാണ് സാധ്യത.  ആരൊക്കെ വാഴും ആരൊക്കെ വീഴും എന്നു കണ്ടു തന്നെ അറിയണം.