തിരുവനന്തപുരം: അടുത്ത സാമ്പത്തിക വർഷം മുതൽ രാജ്യത്തെ തൊഴിലാളികൾ പ്രതിമാസം കൈപ്പറ്റുന്ന ശമ്പളത്തുക കുറഞ്ഞേക്കും. പുതിയ നിയമ പ്രകാരം കമ്പനികൾ വേതന സംവിധാനം പരിഷ്കരിക്കേണ്ടി വരും. പുതിയ വേതന നിയമ പ്രകാരം ശമ്പളത്തിലെ ആനുകൂല്യങ്ങൾ 50 ശതമാനത്തിൽ കൂടുതൽ ആകാൻ പാടില്ല. അതിനാൽ തന്നെ ബേസിക് സാലറി 50 ശതമാനം ആയിരിക്കണം.

പുതിയ നിയമം അനുസരിച്ച് കമ്പനികൾ ബേസിക് സാലറി ഉയർത്തേണ്ടി വരും. അതിനാൽ തന്നെ ഗ്രാറ്റുവിറ്റി, ഇപിഎഫ് എന്നിവയിലേക്കുള്ള പ്രതിമാസ വിഹിതവും ഉയരും. ഇതിലുണ്ടാവുന്ന വർധന ജീവനക്കാർ കൈപ്പറ്റുന്ന വേതനത്തിലും കുറവുണ്ടാക്കും. എന്നാൽ വിരമിക്കുന്ന സമയത്ത് ജീവനക്കാർക്ക് ലഭിക്കുന്ന ആകെ തുക ഉയരുകയും ചെയ്യും.

നിലവിൽ കമ്പനികളെല്ലാം 50 ശതമാനത്തിലധികം തുക അലവൻസായാണ് നൽകുന്നത്. ഇത് പ്രത്യക്ഷത്തിൽ തൊഴിലാളികളുടെ പ്രതിമാസ വേതനം കുറയ്ക്കുമെങ്കിലും സാമൂഹിക സുരക്ഷിതത്വവും വിരമിക്കുന്ന സമയത്തെ സാമ്പത്തിക ആനൂകൂല്യങ്ങളും ഉയരാൻ കാരണമാകുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. 

പുതിയ നിയമ പ്രകാരം കമ്പനികൾ ഇപിഎഫിലേക്കും ഗ്രാറ്റുവിറ്റി ഫണ്ടിലേക്കും അടയ്ക്കേണ്ട തുക ഉയരും. പാർലമെന്റ് പാസാക്കിയ കോഡ് ഓഫ് വേജസ് 2019 നിയമപ്രകാരമാണ് ഈ മാറ്റം. പൊതുജനത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.