ജിദ്ദ: സൗദിയില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ 128 ഭീകരാക്രമണങ്ങള്‍ നടന്നതായി സൗദി ആഭ്യന്തര മന്ത്രാലയം. ആയിരക്കണക്കിന് പേര് ഭീകരാക്രമണങ്ങളുടെ ഇരകളായി. ഭീകരര്‍ മയക്ക് മരുന്ന് വ്യാപാരവും നടത്തുന്നതായി സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. 2001 ന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 128 ഭീകരാക്രമണങ്ങള്‍ നടന്നതായി സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് മന്സൂര്‍ അല്‍തുര്‍ക്കി വെളിപ്പെടുത്തി. താമസ കേന്ദ്രങ്ങളും സുരക്ഷാ കേന്ദ്രങ്ങളും ലക്ഷ്യം വെച്ചായിരുന്നു ആക്രമണങ്ങളില്‍ കൂടുതലും.

പള്ളികളും വിദേശ രാജ്യങ്ങളുടെ എംബസികളും ലക്ഷ്യമാക്കിയും ആക്രമണങ്ങളുണ്ടായി. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 1,147പേര്‍ക്ക് ഈ ആക്രമണങ്ങളില്‍ ജീവഹാനി സംഭവിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തു. 109 തവണ സുരക്ഷാ സൈനികരും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. നിരവധി സുരക്ഷാ ഭടന്മാരും സാധാരണക്കാരും കൊല്ലപ്പെട്ടു. മക്കയിലും മദീനയിലുമുള്ള വിശുദ്ധ ഹറം പള്ളികള്‍ക്ക് നേരെ വരെ ആക്രമണമുണ്ടായി. രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കു എന്നതാണ് ഭീരകവാദികളുടെ ലക്ഷ്യമെന്നു മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.

സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത് ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ റിക്രൂട്ട് ചെയ്യുകയും, രാജ്യത്തിന് പുറത്ത് നിന്ന് അവരെ നിയന്ത്രിക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നു. കാര്യമായ മതവിദ്യാഭ്യാസം ലഭിക്കാത്തവരെയാണ് ഭീകരര്‍ റിക്രൂട്ട് ചെയ്യുന്നത്. സ്‌ത്രീകളും കുട്ടികളും പ്രായം ചെന്നവരും നേരിടുന്ന അനീതിയെകുറിച്ച കള്ളക്കഥകള്‍ പ്രചരിപ്പിച്ചാണ് ഭീരകരപ്രവര്‍ത്തനങ്ങളിലേക്ക് ആളുകളെ കൂട്ടുന്നത്.

സ്‌ത്രീകള്‍ക്ക് രാജ്യം നല്‍കുന്ന പ്രത്യേക ആദരവും ഇളവുകളും ഭീകരര്‍ ദുരുപയോഗം ചെയ്യുന്നു. ഭീകരര്‍ ഉള്ള പ്രദേശങ്ങളില്‍ യുവാക്കളെ മുന്നില്‍വെച്ച് മയക്ക് മരുന്ന് വ്യാപാരവും വര്‍ധി കൊണ്ടിരിക്കുകയാണെന്ന് മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. സൗദിയില്‍ മയക്ക് മരുന്ന് വിറ്റ് പണമുണ്ടാക്കുകയാണ് യമനിലെ ഹൂത്തികള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പതിനേഴ് കോടിയിലധികം ലഹരി ഗുളികകളും 180 ടണ്‍ ഹാഷിഷും സുരക്ഷാ വകുപ്പ് പിടിച്ചെടുത്തതായാണ് കണക്ക്.