തൃശൂര്‍: തൃശൂര്‍ പെരിങ്ങോട്ടുകരയിൽ പൊലീസിനെതിരെ എഐവൈഎഫിൻറെ രാപ്പകല്‍ സമരം. സിപിഐ ഓഫീസ് ആക്രമിച്ച കേസില്‍ പരാതിക്കാരെ അന്തിക്കാട് പൊലീസ് കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ചാണ് രണ്ട് ദിവസത്തെ സമരം. പൊലീസ് നിലപാട് മാറ്റിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

നവംബർ 20നാണ് പെരിങ്ങോട്ടുകര സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസായ എസ് എൻ ശങ്കരൻ സ്മാരക മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്ഐയാണെന്ന് ചൂണ്ടിക്കാട്ടി ദൃശ്യങ്ങള്‍ സഹിതം എഐവൈഎഫ് അന്തിക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിൻറെ അടിസ്ഥാനത്തില്‍ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഏറെ വൈകിയാണെങ്കിലും പിടികൂടി. എന്നാല്‍, ദുര്‍ബലമായ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് എഐവൈഎഫിൻഫ പരാതി. മാത്രമല്ല പരാതി നല്‍കിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ അകാരണമായി കേസെടുത്തതായും ആരോപണമുണ്ട്.

ഈ സാഹചര്യത്തിലാണ് പൊലീസിനെതിരെ എഐവൈഎഫിൻറെ രാപ്പകല്‍ സമരം. ഇത് സൂചന സമരം മാത്രമാണെന്നും പൊലീസ് നിലപാട് മാറ്റിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ വ്യക്തമാക്കി. എന്നാല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിലാണ് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.