മുംബൈ: വൈദ്യൂതി ബില്ല് കണ്ട് ഒരുതവണ ഞെട്ടിയവരാണ് മലയാളികള്‍. വലിയ തുക തന്നെ പലരും അടയ്‌ക്കേണ്ടിവന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭദന്‍ സിംഗിനും ഇപ്പോള്‍ അതേ അനുഭവമുണ്ടായി. തനിക്ക് വന്ന് വൈദ്യുതി ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഹര്‍ഭജന്‍. ട്വിറ്ററിലാണ് അദ്ദേഹം തന്റെ ഭീമമായ വൈദ്യുത ബില്‍ തുക പുറത്തുവിട്ടത്. അയല്‍ക്കാരുടെ ബില്ലുകൂടി ചേര്‍ത്താണോ എനിക്ക് ബില്‍ അയച്ചതെന്നാണ് ഹര്‍ഭജന്‍ ചോദിക്കുന്നത്. 

33,900 രൂപയാണ് ഹര്‍ഭജന്റെ വൈദ്യുതി ബില്‍. ഇത്, സാധാരണ താന്‍ അടയ്ക്കുന്ന ബില്ലിന്റെ ഏഴിരട്ടി വരുമെന്ന് ഹര്‍ഭജന്‍ പറയുന്നു. ''ഇത്തവണ അയല്‍ക്കാരുടെ എല്ലാവരുടെയും ബില്‍ ചേര്‍ത്താണോ എനിക്ക് അയച്ചിരിക്കുന്നതെന്ന'' അദ്ദേഹത്തിന്റെ ചോദ്യവും ഈ പശ്ചാത്തലത്തിലാണ്. ഹര്‍ഭജന്റെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ വൈദ്യുതി ദാതാക്കളായ അദാനി ഇലക്ട്രിസിറ്റിയാണ് അദ്ദേഹത്തിന് അയച്ചിരിക്കുന്നത്. 

ഈ വര്‍ഷം ഐപിഎല്‍ നടക്കുമെന്ന് ഉറപ്പായതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സി അണിയാനുള്ള തയാറെടുപ്പിലാണ് താരം. ഈ വര്‍ഷം സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ എട്ടുവരെ യുഎഇയിലാണ് ഐപിഎല്‍ നടക്കുന്നത്.