കോഴിക്കോട് : സംസ്ഥാനത്ത് പൊലീസ് സംരക്ഷണമില്ലാത്ത സ്ഥലങ്ങളിൽ കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തി വയ്ക്കുകയാണെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. സംസ്ഥാനത്താകെ 32 ബസ്സുകൾ ഇന്ന് അക്രമിയ്ക്കപ്പെട്ടു. എന്നാൽ നിലയ്ക്കൽ - പമ്പ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് തടസ്സപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യമണിക്കൂറില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നെങ്കിലും പിന്നീട് ഒരു സംഘമാളുകൾ കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. കോഴിക്കോട്, മലപ്പുറം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ഹര്‍ത്താലനുകൂലികള്‍ കെസ്ആര്‍ടിസി ബസിന് നേരെ രാവിലെ കല്ലെറിഞ്ഞു. കോഴിക്കോട് സ്കാനിയ ഉള്‍പ്പെടെ മൂന്ന് ബസുകളുടെ ചില്ലുകൾ കല്ലേറിൽ തകർന്നു. ഇതേത്തുടർന്ന് പോലീസ് സംരക്ഷണത്തോടെ മാത്രമേ സര്‍വ്വീസ് നടത്തൂവെന്ന് കോഴിക്കോട് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.  പത്തനംതിട്ടയിൽ നിന്ന് കെഎസ്ആര്‍ടിസി രാവിലെ സർവീസ് നടത്തിയിരുന്നില്ല. ശബരിമല തീർത്ഥാടകരടക്കം വഴിയിൽ കുടുങ്ങി. എന്നാൽ എട്ടരയോടെ ചില സർവീസുകൾ തുടങ്ങി. 

സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. എന്നാല്‍ പിന്നീട് പലയിടത്തും സംഘര്‍ഷമുണ്ടാക്കാന്‍ ഹര്‍ത്താലനുകൂലികള്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രികളിലേക്കുള്ള അവശ്യസര്‍വ്വീസ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ശബരിമല ധര്‍മ്മ സേനയുടെ ഹര്‍ത്താലിന് ബിജെപിയുടെയും എന്‍ഡിഎയുടെയും പിന്തുണയുണ്ട്. യുഡിഎഫ് ഹര്‍ത്താലിന് പിന്തുണ നല്‍കുന്നില്ലെങ്കിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 

അല്‍പ സമയത്തിനകം കോഴിക്കോട് നഗരത്തില്‍ ബിജെപി പ്രകടനം നടത്തുമെന്നറിയിച്ചിട്ടുണ്ട്. രാവിലെ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞതൊഴിച്ചാല്‍ മലബാര്‍ മേഖലയില്‍ മറ്റ് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂരിൽ ഹർത്താൽ ഇതുവരെ ശാന്തമാണ്. സ്വകാര്യ ബസുകൾ ഓടുന്നില്ല. കെഎസ്ആർടിസി ദീർഘദൂര സർവ്വീസുകളും ഏതാനും സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. കനത്ത പൊലീസ് സുരക്ഷയാണ് ദേശീയപാതയിലടക്കം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഹർത്താൽ ഭാഗികമാണ്. രാവിലെ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. 

തുടര്‍ന്ന് കെഎസ്ആർടിസി സർവീസ് നിർത്തി. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഇപ്പോള്‍ സർവീസ് നടത്തുന്നത്. മിക്കയിടത്തും കടകളെല്ലാം അടഞ്ഞ് കിടക്കുകയാണ്. ശബരിമലയ്ക്ക് ദര്‍ശനത്തിനായി പുറപ്പെട്ടെവരും ആശുപത്രികളിലേക്ക് പോകുന്ന രോഗികളടക്കമുള്ള യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്. കടകള്‍ തുറക്കാത്തതും വാഹനങ്ങള്‍ ഇല്ലാത്തതും  യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. സംസ്ഥാനത്ത് ഹർത്താൽ പുരോഗമിക്കുകയാണ്. കോഴിക്കോട് അടക്കം പലയിടത്തും ബസിന് നേരെ കല്ലേറുണ്ടായി.