ചില ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തെയാണ് ഐഎംഎഫ് എതിര്‍ക്കുന്നത്. ഇത്തരത്തില്‍ ലഭ്യമാകുന്ന ഫണ്ട് സമ്പദ്ഘടനയുടെ ന്യായമായ വികസനത്തിന് മതിയാവില്ലെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിദേശികള്‍ തങ്ങളുടെ മാതൃരാജ്യത്തിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താനുള്ള ചില ഗള്‍ഫ് രാജ്യങ്ങളുടെ നീക്കത്തിനിനെതിരെയാണ് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സ്വകാര്യ മേഖലയില്‍ പണിയെടുക്കുന്നവരില്‍ 90 ശതമാനവും വിദേശികളാണെന്നും നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം ദോഷകരമായി ബാധിക്കുമെന്നുമാണ് ഐഎംഎഫ് മുന്നറിയിപ്പ്. ഗള്‍ഫ് മേഖലയില്‍നിന്ന് വിദേശികള്‍ പണം കൈമാറ്റം ചെയ്യുന്നത് 84.4 ലക്ഷംകോടി ഡോളറാണ്. ഇതിന് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ പോലും,ഗള്‍ഫ് രാജ്യങ്ങളുടെ മൊത്തം വരുമാനത്തിന്റെ 0.3 ശതമാനം മാത്രമായിരിക്കും.എന്നാല്‍, ഇത്തരത്തില്‍ ലഭിക്കുന്ന തുക സമ്പദ്ഘടനയുടെ ന്യായമായ വികസനത്തിന് തുച്ഛമാണെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിര്‍ദ്ദിഷ്ട നികുതി പിരിവിനുള്ള ഭരണപരമായ ചെലവും കുറച്ചാല്‍ ലഭിക്കുന്ന തുക പിന്നെയും കുറയും. ഗള്‍ഫ് മേഖലയിലെ മിക്ക വന്‍ പദ്ധതികളുടെയും നിര്‍വഹണം വിദേശികളാണ് നിര്‍വഹിക്കുന്നത്. ഇത്തരമെരു നിര്‍ദേശം ഏര്‍പ്പെടുത്തിയാല്‍ ഈ മേഖലയിലേക്കുള്ള വിദേശികളുടെ എണ്ണം കാര്യമായി കുറയാനാണ് സാധ്യത. ഇത് വികസന പദ്ധതികളെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.