തിരുവനന്തപുരം: പൊലീസിന്‍റെ പോസ്റ്റൽ വോട്ട് തിരിമറിയിൽ ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് നാളെ. ഇടക്കാല റിപ്പോ‍ര്‍ട്ടാണ് അന്വേഷണ സംഘം സമര്‍പ്പിക്കുന്നത്. പോസ്റ്റൽ വോട്ട് ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരം അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 

എന്നാൽ ഇതുവരെ ആരും ക്രൈം ബ്രാഞ്ചിന് മുന്നിൽ പരാതി നൽകാനെത്താത്തത് അന്വേഷണ സംഘത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇന്നലെ വൈകീട്ട് അഞ്ച് മണി വരെ പരാതി നൽകാമെന്നായിരുന്നു ക്രൈം ബ്രാഞ്ച് അറിയിപ്പ്. പരാതി നൽകാതിരിക്കാനും ഇടത് ആഭിമുഖ്യമുള്ള അസോസിയേഷൻ നേതൃത്വം ഇടപെട്ടോ എന്ന സംശയവും ശക്തമാണ്.

പ്രാഥമിക പരിശോധനയിൽ പങ്ക് തെളിഞ്ഞ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ കമാൻഡോ വൈശാഖിനെതിരെ കേസ് അടുത്താണ് നിലവിൽ അന്വേഷണം നടക്കുന്നത്.  മറ്റ് നാലു പൊലീസുകാർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തുടർനടപടി. പുതിയ ബാലറ്റുകൾ വിതരണം ചെയ്യണം എന്ന കോൺഗ്രസ് ആവശ്യത്തിൽ ടിക്കാറാം മീണ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

അതേസമയം ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടു വന്ന പൊലീസുകാരുടെ പോസ്റ്റൽ വോട്ട് തിരിമറിയിൽ ഹൈക്കോടതിയും ഇടപെടൽ ശക്തമാക്കുകയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതി വിശദീകരണം തേടിയത്. സംഭവത്തിൽ ഇൻറലിജൻസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് ചെന്നിത്തലയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ആവശ്യമെന്ന് പറഞ്ഞ സർക്കാർ അഭിഭാഷകൻ റിപ്പോർട്ട് ഉണ്ടെന്നോ ഇല്ലെന്നോ വ്യക്തമാക്കിയില്ല. മുഴുവൻ പോസ്റ്റൽ ബാലറ്റുകളും തിരിച്ചുവാങ്ങി സമഗ്ര അന്വേഷണമാണ് ചെന്നിത്തല ആവശ്യപ്പെടുന്നത്. കേസ് 20ന് വീണ്ടും പരിഗണിക്കും.