റിയാദ്: ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതയെ സാമ്പത്തികമായി സഹായിക്കുന്നതിനായി സൗദിയിൽ പ്രത്യേക  ക്യാപെയിന്‍ സംഘടിപ്പിക്കുന്നു. 20 മില്യൺ റിയാല്‍ നല്‍കിക്കൊണ്ട് സല്‍മാന്‍ രാജാവ് ധന സമാഹരണത്തിനു തുടക്കം കുറിച്ചു.

ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതയെ സഹായിക്കുന്നതിനുള്ള പണം സമാഹരിക്കുന്നതിനുവേണ്ടി ക്യാപെയിന്‍ സംഘടിപ്പിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ക്യാപെയിനുകളിലൂടെ രാജ്യത്തെ വിവിധ മേഖലകളിലുള്ള ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ചു ധനം സമാഹരിക്കാനാണ് രാജാവ് നിർദ്ദേശം നല്‍കിയിട്ടുള്ളത്. 

20 മില്യൺ റിയാല്‍ നല്‍കിക്കൊണ്ട് ധന സമാഹരണത്തിനു സല്‍മാന്‍ രാജാവ് തുടക്കം കുറിച്ചു. കിരീടവകാശി മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ പത്ത് മില്യൺ റിയാലും രണ്ടാം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 8 മില്യൺ റിയാലും സംഭാവന നല്‍കി. മൊത്തം 100 മില്യൺ റിയാൽ സമാഹരിക്കാനാണ് രാജാവിന്‍റെ നിര്‍ദേശം. 

ഇതിനകം 1.5 ബില്ല്യന്‍ റിയാലിന്‍റെ ധന സാഹയം സിറിയന്‍ ജനതക്ക് സൗദി നല്‍കിയിട്ടുണ്ട്.  ശക്തമായ തണുപ്പു തുടങ്ങിയതിനാൽ കൊടും ദുരിതത്തിലായ സിറിയന്‍ ജനതക്ക് കമ്പിളി വസ്ത്രങ്ങളും മരുന്നും ടെന്‍റുകളും മറ്റു അത്യാവശ്യ സാധനങ്ങളും എത്തിക്കുന്നതിനും രാജാവ് നിര്‍ദേശിച്ചിട്ടുണ്ട്.