ദുബായ്: ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുള്ളതായി ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഭര്‍ത്താവ് ബോണി കപൂറിനെ മൂന്നാം തവണയും പൊലീസ് ചോദ്യം ചെയ്യുന്നു. മരണത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കാണ് ചോദ്യം ചെയ്യലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 

ഹോട്ടല്‍ അധികൃതരെയും പ്രോസിക്യൂഷന്‍ ചോദ്യം ചെയ്യുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ശ്രീദേവി എവിടെ വച്ചാണ് മദ്യപിച്ചതെന്നതും അന്വേഷിച്ചുവരികയാണ്.

തലയില്‍ ആഴത്തിലുള്ള മുറിവ് കുളിമുറിയിലെ വീഴ്ചയില്‍ ഉണ്ടായതാണോ എന്ന് പരിശോധിക്കുന്നുണ്ട്. ഇതില്‍ വ്യക്തതയ്ക്കായി മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യും.  വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തയിയാല്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പേസ്റ്റ് മോര്‍ട്ടം നടക്കുന്നതിനാല്‍ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നത്  ഇനിയും നീളും. അതേസമയം പ്രോസിക്യൂഷന് ഏതെങ്കിലും സംശയം തോന്നിയാല്‍ ബോണി കപൂറിന് മൃതദേഹത്തെ അനുഗമിക്കാന്‍ സാധിക്കില്ല.

മരിച്ചയാളുടെ പ്രശസ്തിയും സ്വാധീനവും പരിഗണിച്ച് മരണത്തിലുള്ള അവ്യക്ത പൂര്‍ണമായും നീക്കിയ ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാകൂ എന്നാണ് മെഡിക്കല്‍- പൊലീസ് സംവിധാനങ്ങള്‍ നല്‍കുന്ന വിവരം.

നേരത്തെ കേസന്വേഷിക്കുന്ന ബര്‍ദുബായി പോലീസ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ബോണി കപൂറിനെ മൂന്ന് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് രണ്ടാമതും ചോദ്യം ചെയ്തു. ഫോറന്‍സിക് റിപ്പോര്‍ട്ടിലെ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ബോണി കപൂറിന്‍റെ പാസ്പോര്‍ട്ട് താല്‍ക്കാലികമായി പൊലീസ് തടഞ്ഞുവച്ചതായും വിവരമുണ്ട്. 

മരണസമയത്ത് ബോണി എമിറേറ്റ്സ് പാലസ് ഹോട്ടലില്‍ ഉണ്ടായിരുന്നതിനാല്‍ ദുബായില്‍ വന്നതുമുതല്‍ ശ്രീദേവിയുടെ ചലനമറ്റ ശരീരം ആശുപത്രിയിലേക്കെത്തിച്ചതുവരെയുള്ള കാര്യങ്ങള്‍ പോലീസ് ചേദിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം അപകടമരണം സംഭവിച്ചാല്‍ കൂടെയുണ്ടായിരുന്നയാളെ ചോദ്യംചെയ്യുകയെന്നത് സാധാരണ നടപടിക്രമമാണ് എന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

ഹൃദയാഘാതം മൂലമാണ് ശ്രീദേവിയുടെ മരണമാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബാത്ത് ടബില്‍ മുങ്ങിമരിച്ചതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.  രാസപരിശോധനയില്‍ ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.