നിലയ്ക്കല്‍: ആന്ധ്രയില്‍നിന്ന് നിലക്കലില്‍ എത്തിയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ ആക്രമിച്ചു. യുവതികള്‍ ഉണ്ടെന്ന് ആരോപിച്ചാണ് വാഹനത്തിന് നേരെ കല്ലേറുണ്ടായത്. പരാതിയുടെ അടിസ്ഥാനത്തില്‍ നിലയ്ക്കല്‍ പൊലീസ് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലം കൂടിയാണ് നിലയ്ക്കല്‍. 

ഇന്ന് രാവിലെ 11.30 ഓടെ നിലയ്ക്കല്‍ പാര്‍ക്കിംഗിലേക്കെത്തിയ ആന്ധ്രാ സ്വദേശികളുടെ ബസ്സിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. മൂന്ന് സ്ത്രീകള്‍ ഈ വാഹനത്തില്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നിലയ്ക്കാല്‍ പൊലീസ് കേസെടുത്തു. കേസ് റെജിസ്റ്റര്‍ ചെയ്ത ശേഷം ഇവരെ വിട്ടയച്ചെന്നാണ് അറിയുന്നത്. 

പല തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പോയി നിലയ്ക്കലിലെത്തിയ സംഘത്തില്‍ മൂന്ന് സ്ത്രീകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ശബരിമല ദര്‍ശനം നടത്താനല്ല ഇവര്‍ വന്നതെന്ന് സംഘം പൊലീസിനോട് പറഞ്ഞു. ഇത് അറിയാതെയാണ് തമിഴ്നാട് സംഘം ആക്രമിച്ചത്. അതേസമയം ആദ്യമായാണ് ഇതര സംസ്ഥാനത്തില്‍നിന്നുള്ള തീര്‍ത്ഥാടക സംഘം യുവതികള്‍ ഉണ്ടെന്ന പേരില്‍ ശബരിമലയില്‍ ആക്രമണം നടത്തുന്നത്.