സൗദിയിൽ തടവുകാർക്ക് ഹജ്ജ് വേളയിൽ തൊഴിൽ ലഭ്യമാക്കാൻ പദ്ധതി. പുണ്യസ്ഥലങ്ങളിലെ കശാപ്പു ശാലകളിലായിരിക്കും തൊഴിൽ നല്‍കുക. പദ്ധതി ഈ വർഷം മുതൽ നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഈ വർഷത്തെ ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിലെ കശാപ്പു ശാലകളിൽ മേൽനോട്ട, സാങ്കേതിക ജോലികളിൽ തടവുകാരെയും ജയിൽ മോചിതരായവരെയും നിയമിക്കാനാണ് ശ്രമം. ഇതിനുള്ള വ്യവസ്ഥകൾ ജയിൽ വകുപ്പും ബലി മാംസം പ്രയോജനപ്പെടുത്താനുള്ള പദ്ധതി നടപ്പിലാക്കുന്ന അധികൃതരും ചേർന്ന് രൂപം നൽകി. ബലി മാംസം പ്രയോജനപ്പെടുത്താനുള്ള പദ്ധതിക്ക് ആവശ്യമായ യോഗ്യതകളുള്ള തടവുകാരെയും ജയിൽ മോചിതരെയും നിയമിക്കുക.

തടവുകാർക്കും ജയിൽ മോചിതർക്കും ഹജ്ജ് സീസണിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ഒപ്പുവെയ്ക്കുന്ന ആദ്യ കരാറാണിത്. തടവുകാരുടെ കഴിവുകളും പരിചയ സമ്പത്തും പ്രയോജനപ്പെടുത്തുന്നതിനും തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുള്ള പുതിയ ആശയത്തിന്റെ തുടക്കമാണിതെന്ന് പദ്ധതിയുടെ സൂപ്പർവൈസർ റഹീമി അഹമ്മദ് റഹീമി പറഞ്ഞു.