Asianet News MalayalamAsianet News Malayalam

'ഏറ്റെടുക്കാന്‍ ആളില്ലാതെ' ദുബായില്‍ രണ്ടാഴ്ചയായി ഒരു ലംബോര്‍ഗിനി

ജൂലൈ 30നാണ് ബ്രിട്ടീഷ് പൗരനായ യുവാവ് കാര്‍ വാടകയ്ക്ക് എടുത്തത്. രണ്ട് ദിവസത്തേക്കായിരുന്നു കരാര്‍. 6000 ദിര്‍ഹവും ഇയാള്‍ നല്‍കി. രേഖകളും തയ്യാറാക്കി ഒപ്പിട്ടുവാങ്ങി. സാധാരണ കാറുകള്‍ വാടകയ്ക്ക് കൊടുക്കുമ്പോള്‍ എടുക്കുന്നയാളുടെ കാര്‍ഡില്‍ നിന്ന് 3000 മുതല്‍ 5000 ദിര്‍ഹം വരെ സെക്യൂരിറ്റി ഡെപ്പോസിറ്റായി ബ്ലോക്ക് ചെയ്യാറുണ്ടായിരുന്നതാണ്. 

Lamborghini with Dh172380 traffic fine remains unclaimed for 2 weeks
Author
Palm Jumeirah - Dubai - United Arab Emirates, First Published Aug 14, 2018, 2:50 PM IST

ദുബായ്: ദിവസം 3000 ദിര്‍ഹം വാടകയുള്ള ഒരു ലംബോര്‍ഗിനി കാര്‍ രണ്ടാഴ്ചയായി ഏറ്റെടുക്കാന്‍ ആളില്ല. പാം ജുമൈറയിലെ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് 1.72 ലക്ഷം ദിര്‍ഹത്തിന്റെ ട്രാഫിക് പിഴയാണ് അടയ്ക്കാനുള്ളത്. വാടയ്ക്ക് എടുത്തയാള്‍ ഇത് അടച്ച് കാര്‍ തിരികെ നല്‍കണമെന്ന് ഉടമ ആവശ്യപ്പെടുമ്പോള്‍ വാടകക്കാരനാകട്ടെ ഒരു കുലുക്കവുമില്ല.

കാര്‍ വാടയ്ക്ക് എടുത്ത ബ്രിട്ടീഷ് പൗരന്‍ വെറും 234 മിനിറ്റ് കൊണ്ടാണ് 1,72,380 ദിര്‍ഹത്തിന്റെ ഫൈന്‍ സ്വന്തമാക്കിയത്. അമിത വേഗതയില്‍ ഓടിച്ചതിന് ദുബായില്‍ 34 സ്ഥലങ്ങളിലും അബുദാബിയില്‍ ഒരു സ്ഥലത്തുമുള്ള റഡാറുകള്‍ ഈ കാറിനെ പിടികൂടി. ജൂലൈ 31ന് പുലര്‍ച്ചെ 2.31 മുതല്‍ 6.25 വരെയായിരുന്നു ഈ യാത്ര. ഉടമയും വാടകക്കാരനും തമ്മില്‍ തര്‍ക്കമായതോടെ കാര്‍ രണ്ടാഴ്ചയായി നിര്‍ത്തിയിട്ടിരിക്കുകയാണ്. പ്രതിദിനം 3000 ദിര്‍ഹം വാടക ലഭിക്കുന്ന കാര്‍ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയാത്തതിലൂടെ തനിക്ക് 42,000 ദിര്‍ഹത്തിന്റെ നഷ്ടം അല്ലാതെയും ഉണ്ടായെന്ന് വാടക കമ്പനി ഉടമ മുഹമ്മദ് ഇബ്രാഹീം പറഞ്ഞു.

ജൂലൈ 30നാണ് ബ്രിട്ടീഷ് പൗരനായ യുവാവ് കാര്‍ വാടകയ്ക്ക് എടുത്തത്. രണ്ട് ദിവസത്തേക്കായിരുന്നു കരാര്‍. 6000 ദിര്‍ഹവും ഇയാള്‍ നല്‍കി. രേഖകളും തയ്യാറാക്കി ഒപ്പിട്ടുവാങ്ങി. സാധാരണ കാറുകള്‍ വാടകയ്ക്ക് കൊടുക്കുമ്പോള്‍ എടുക്കുന്നയാളുടെ കാര്‍ഡില്‍ നിന്ന് 3000 മുതല്‍ 5000 ദിര്‍ഹം വരെ സെക്യൂരിറ്റി ഡെപ്പോസിറ്റായി ബ്ലോക്ക് ചെയ്യാറുണ്ടായിരുന്നതാണ്. എന്നാല്‍ തന്റെ കാര്‍ഡില്‍ ഇങ്ങനെ ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ ഇയാള്‍ സെക്യൂരിറ്റി നിക്ഷേപം പണമായി നല്‍കാമെന്ന് പറയുകയായിരുന്നു. അത് പറ്റില്ലെന്നും സെക്യൂരിറ്റി നിക്ഷേപം കാര്‍ഡില്‍ തന്നെ ബ്ലോക്ക് ചെയ്യണമെന്ന് പറഞ്ഞതോടെ അടുത്ത ദിവസം തന്റെ ക്രെഡിറ്റ് കാര്‍ഡ് നല്‍കാമെന്നും അതുവരെ പാസ്‍പോര്‍ട്ട് ഉറപ്പിനായി നല്‍കാമെന്ന് സമ്മതിച്ചു.

കാറുമായി പോയ ഇയാള്‍ പിന്നീട് തിരികെ വന്നില്ല.എന്നാല്‍ രാത്രിയോടെ വാഹനം 162 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചതിന് പിഴ ഈടാക്കിക്കൊണ്ട് ആദ്യത്തെ എസ്എംഎസ് ലഭിച്ചു. പിന്നീട് ഇത്തരത്തിലുള്ള 34 സന്ദേശങ്ങള്‍ കൂടി ലഭിച്ചു. കാര്‍ അമിത വേഗതയില്‍ ഓടിക്കരുതെന്ന് ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തെങ്കിലും കാര്‍ താന്‍ സൂക്ഷിച്ചുകൊള്ളാമെന്നായിരുന്നു മറുപടി. പിന്നീട് ഇയാളെ വിളിച്ചിട്ടും കിട്ടിയില്ല. ജിപിഎസ് സംവിധാനത്തിലൂടെ കാര്‍ ട്രാക്ക് ചെയ്തപ്പോള്‍ ജുമൈറയിലൂടെ സഞ്ചരിക്കുകയാണെന്ന് മനസിലായി. കാര്‍ ഹോട്ടലില്‍ എത്തിയതോടെ ഉടമ കാറിലെ പ്രത്യേക സംവിധാനം ഉപയോഗിച്ച് എഞ്ചിന്‍ ഓഫ് ചെയ്തു. ഇങ്ങനെ ചെയ്താല്‍ പിന്നീട് കാര്‍ ഓടിക്കാന്‍ കഴിയില്ല.

ഇതോടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി ഇയാള്‍ തിരിച്ചുവിളിച്ചു. ഇത്രവലിയ തുക പിഴ വന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍ തനിക്ക് സമയം വേണമെന്നായിരുന്നു മറുപടി. പിന്നീട് ഒരു പ്രതികരണവും ഉണ്ടായില്ല. കാറുടമ കോടതിയെ സമീപിച്ച് ബ്രിട്ടീഷ് പൗരന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനം ഓടിച്ചയാള്‍ പിഴ അടയ്ക്കണമെന്നാണ് ഉടമയുടെ നിലപാട്. നേരിട്ട് തന്നെ അത് ചെയ്യുമെങ്കില്‍ നല്ലത്, അല്ലെങ്കില്‍ നിയമപരമായ വഴി തേടാമെന്നും ഇയാള്‍ പറയുന്നു. ഒരു രാജ്യത്തും ഇത്ര വേഗത്തില്‍ പൊതുനിരത്തിലൂടെ കാറോടിക്കാന്‍ കഴിയില്ല. ദുബായിലെ വേഗപരിധി അറിയാത്ത ആളാണെങ്കില്‍ പോലും ലംബോര്‍ഗിനി കാറില്‍ വേഗതാമുന്നറിയിപ്പ് സംവിധാനങ്ങളുണ്ട്. ഇതൊക്കെ അവഗണിച്ച് വാങ്ങിയ പിഴയെല്ലാം വാടകക്കാരന്‍ തന്നെ അടയ്ക്കാതെ മറ്റ് വഴിയൊന്നുമില്ലെന്നും ഉടമ പറയുന്നു.

Follow Us:
Download App:
  • android
  • ios