റിയാദ്: ഇ വാലറ്റ്, ഡിജിറ്റൽ പേയ്‍മെന്റ് സേവനങ്ങൾക്ക് രണ്ട് കമ്പനികൾക്ക് കൂടി സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) ലൈസൻസ് നൽകി. രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ സഹകരണത്തോടെ ഇലക്ട്രോണിക് ട്രാൻസ്ഫർ, പേയ്‍മെന്റ് സർവിസ് വ്യാപകമാക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കൂടുതൽ കമ്പനികൾക്ക് ഇ വാലറ്റ്, ഡിജിറ്റൽ പേയ്മെൻറ് സർവിസ് നടത്താൻ അനുമതി നൽകിയിരുക്കുന്നത്. 

അലിൻമ പേയ്മെൻറ്സ്, ഷുവർ പേയ്‍മെന്റ്സ് എന്നീ കമ്പനികൾക്കാണ് ലൈസൻസ് ലഭിച്ചത്. മൊബൈൽ ബാങ്കിങ്ങിലൂടെയും പോയിൻറ് ഓഫ് സെയിൽ (പി.ഒ.എസ്) ഡിവൈസ് വഴിയും ധന ഇടപാട് നടത്താനുള്ള സർവിസാണ് ഈ കമ്പനികൾ ജനങ്ങൾക്ക് ഒരുക്കുക. ഈ രണ്ട് കമ്പനികൾക്ക് കൂടി ലൈസൻസ് നൽകിയതോടെ രാജ്യത്ത് ഡിജിറ്റൽ പേയ്‍മെന്റ് സർവിസ് ഒരുക്കുന്ന ഏജൻസികളുടെ എണ്ണം എട്ടായി ഉയർന്നു. രണ്ട് കമ്പനികൾ കൂടി ലൈസൻസിന് അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷയിന്മേൽ പരിശോധന തുടരുകയാണെന്നും വൈകാതെ തീരുമാനമുണ്ടാകുമെന്നും സാമ വൃത്തങ്ങൾ അറിയിച്ചു. സൗദിയിൽ ഡിജിറ്റൽ പേയ്‍മെന്റ് സർവിസ് സാർവത്രികമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ സാമ തുടരും.