Asianet News MalayalamAsianet News Malayalam

സൗദിയിൽ ഗതാഗത മേഖലയിൽ കൂടുതൽ സ്വദേശിവൽക്കരണം വരുന്നു

സൗദിയിൽ ഗതാഗത മേഖലയിൽ കൂടുതൽ സ്വദേശിവൽക്കരണം വരുന്നു. ഐടി രംഗത്തെ 36 ജോലി മേഖലകളിലെ സ്വദേശിവൽക്കരണം അടുത്ത വർഷം ജൂണിൽ പ്രാബല്യത്തിൽ വരും.

Saudi Arabia there is more localization in the transport sector
Author
Kerala, First Published Oct 11, 2020, 12:46 AM IST

റിയാദ്: സൗദിയിൽ ഗതാഗത മേഖലയിൽ കൂടുതൽ സ്വദേശിവൽക്കരണം വരുന്നു. ഐടി രംഗത്തെ 36 ജോലി മേഖലകളിലെ സ്വദേശിവൽക്കരണം അടുത്ത വർഷം ജൂണിൽ പ്രാബല്യത്തിൽ വരും. ഗതാഗത മേഖലയിൽ വിദേശികളെ ഒഴിവാക്കി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി സ്വാലിഹ് അൽ ജാസിർ പറഞ്ഞു.

നാൽപ്പത്തി അയ്യായിരത്തിൽ അധികം സ്വദേശികൾക്ക് ഗതാഗത മേഖലയിൽ തൊഴിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഓൺലൈൻ ടാക്സി കമ്പനികളിലും അടുത്ത ഘട്ടത്തിൽ സൗദി വൽക്കരണം പൂർത്തിയാകും. അടുത്ത വർഷം ജൂൺ മുതൽ ഐടി രംഗത്തെ 36 പ്രൊഫഷനുകളും സ്വദേശിവൽക്കരിക്കാൻ മാനവശേഷി സാമൂഹ്യ വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഐ.ടി മേഖലയിൽ നാലിൽ കൂടുതൽ പേർ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ 25 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. എന്നാൽ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപുതന്നെ സ്ഥാപനങ്ങൾ പദവി ശരിയാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

ഐടി ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ്, പ്രോഗ്രാമിംഗ് ആൻഡ് ആപ്ലിക്കേഷൻ ഡെവലെപ്മെന്റ് , കമ്മ്യൂണിക്കേഷൻസ് ടെക്നിക്കൽ ആൻഡ് ടെക്‌നിക്കൽ സപ്പോർട്ട് എന്നിങ്ങനെ ഐ.ടി മേഖലയെ മൂന്നായി തിരിച്ചാണ് പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നത്.

ഇതിലേതെങ്കിലും ഒരു മേഖലയിൽ നാലിൽ കൂടുതൽ ജീവനക്കാരുണ്ടെങ്കിൽ 25 ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കണം. എന്നാൽ നാലിൽ കുറവ് ജീവനക്കാരുള്ള ചെറുകിട ഐടി ടെലികോം സ്ഥാപനങ്ങൾക്ക് പുതിയ വ്യവസ്ഥ ബാധകമല്ല.

അതേസമയം സൂപ്പർ മാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ആദ്യ ഘട്ട സൗദിവൽക്കരണം നടപ്പിലാക്കാൻ കൺസൾട്ടൻസി സേവനം പ്രയോജനപ്പെടുത്താൻ മാനവശേഷി സാമൂഹ്യ വികസന മന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോർട്ട്. സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിൽ നടപ്പിലാക്കുന്നതോടെ സൗദിയിൽ ജോലിചെയ്യുന്ന മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികളുടെ തൊഴിൽ പ്രതിസന്ധിയിലാകും.

Follow Us:
Download App:
  • android
  • ios