റിയാദ്: സൗദിയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ മേല്‍ ഏർപ്പെടുത്തിയ ലെവി ഒഴിവാക്കണമെന്നു ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ലെവി നടപ്പിലാക്കിയതിനെ തുടർന്ന് നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതോടെയാണ് ശൂറാ കൗണ്‍സിലിന്റെ ആവശ്യം. വിദേശികളുടെ മേല്‍ ഏര്‍പ്പെടുത്തിയ ലെവി സംഖ്യ നല്‍കാന്‍ കഴിയാത്തതിനാല്‍ പല സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ലെവി ഒഴിവാക്കണമെന്ന ശൂറാ കൗണ്‍സിലിന്റെ ആവശ്യം.

ഇതിനോടകം പ്രതിസന്ധിയിലകപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തിട്ടുണ്ട്. സ്വദേശിവത്കരണം നടത്താന്‍ കഴിയാത്ത സ്ഥാപനങ്ങളേതെന്ന് കണ്ടെത്തി അത്തരം സ്ഥാപനങ്ങള്‍ക്കും ഇളവ് നല്‍കണം. രാജ്യത്തിന്റെ വളര്‍ച്ചക്ക് വലിയ പങ്കാണ് ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ നല്‍കുന്നതെന്ന് ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ശൂറാ കൗൺസിൽ നിർദ്ദേശത്തെ രാജ്യത്തെ ചെറുകിട, ഇടത്തരം കച്ചവടക്കാർ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.