ദുബായ്: ഏഴാമത് ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള 'ഡൈന്‍ ആന്റ് വിന്‍' ഓഫറിലൂടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങള്‍. ദുബായ് ഷോപ്പിങ് മാള്‍സ് ഗ്രൂപ്പും ദുബായ് ഫെസ്റ്റിവല്‍ ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റും സൊമാറ്റോയും ചേര്‍ന്നാണ് സമ്മാന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഭക്ഷണ മേളയായ ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ ആഘോഷം ഇത്തവണ കൂടുതല്‍ ഷോപ്പിങ് മാളുകളിലേക്ക് വ്യാപിക്കുന്നതിന് പുറമെ നിരവധി പരിപാടികളും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമായി അനവധി സമ്മാനങ്ങളുമാണ് കാത്തിരിക്കുന്നത്.

ബീച്ച് സൈഡിലുള്ള ഫുഡ് ട്രക്കുകള്‍ മുതല്‍ പ്രിയപ്പെട്ട ഷോപ്പിങ് മാളുകളിലെ ഫു‍ഡ് കോര്‍ട്ടുകളില്‍ വരെ എല്ലാവര്‍ക്കും ഈ ഫുഡ് ഫെസ്റ്റിവലില്‍ സ്വന്തമായി ചിലതുണ്ടാവും. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 14 വരെയാണ് ഈ ഭക്ഷണ ഉത്സവം. ഫെസ്റ്റിവലില്‍ പങ്കാളികളാവുന്ന സ്ഥാപനങ്ങളില്‍ നിന്ന് 50 ദിര്‍ഹത്തിനോ അതിനുമുകളിലോ ഉള്ള തുകയ്ക്ക് ഭക്ഷണം കഴിക്കുന്നവര്‍ക്കാണ് നറുക്കെടുപ്പിലേക്കുള്ള സമ്മാനം കൂപ്പണുകള്‍ ലഭിക്കുക.

25-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ വിജയികരമായ സമാപനത്തിന് ശേഷം ദുബായ് ഷോപ്പിങ് മാള്‍സ് ഗ്രൂപ്പുമായി ചേര്‍ന്ന്, ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പിന് തുടക്കം കുറിയ്ക്കുകയാണെന്ന് സിഇഒ അഹ്‍മദ് അല്‍ ഖാജ പറഞ്ഞു. ദുബായിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള ഓഫറുകളും പദ്ധതികളും വഴി ചില്ലറ വില്‍പന മേഖലയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ആകര്‍ഷകമായ സമ്മാനങ്ങള്‍ ഓരോ ഉപഭോക്താവിനും നേടാന്‍ അവസരം നല്‍കുന്ന ഇത്തവണത്തെ ഫുഡ് ഫെസ്റ്റിവല്‍ ഇതുവരെയുള്ളവയില്‍ ഏറ്റവും വലുതായിരിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.