ഒരു സംരംഭം തുടങ്ങുന്നത് ഒരു പരീക്ഷണം പോലെയാണ്.ആരംഭം മുതല്‍ ഓരോ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ബിസിനസ് സംരംഭങ്ങളുടെ വളര്‍ച്ച നിര്‍ണ്ണയിക്കുന്നത് അവരെടുക്കുന്ന ശക്തമായ തീരുമാനങ്ങളിലൂടെയും വ്യക്തമായ പ്ലാനുകളിലൂടെയും ആണ്. നിങ്ങളുടെ മനസില്‍ ഒരു സ്റ്റാര്‍ട്ടപ്പ് ആശയം തോന്നിയാല്‍ ആദ്യം തന്നെ അതിനെപ്പറ്റി വിശദമായി പഠിക്കണം.സംരംഭത്തിന്റെ സാമൂഹിക സാമ്പത്തിക പ്രാധാന്യം അറിയണം. ഒപ്പം തന്നെ മാര്‍ക്കറ്റും  മനസിലാക്കണം.സംരംഭം ലക്ഷ്യംവെക്കുന്ന ഉപഭോക്താക്കള്‍ ആരെല്ലാമാണെന്ന് മുന്‍കൂട്ടി തീരുമാനിക്കുക. ഒരു സംരംഭത്തെ വളര്‍ത്തുന്നതില്‍ ഉപഭോക്താവിനുള്ള പ്രാധാന്യം മനസ്സിലാക്കി അവരുടെ ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണം. ഉപഭോക്താക്കളുടെ പ്രായം, ജെന്‍ഡര്‍, ജോലി, താമസസ്ഥലത്തിന്റെ പ്രത്യേകതകള്‍, സാമ്പത്തികനില, അവരുടെ താല്‍പ്പര്യങ്ങള്‍ എന്നിവ വിശകലനം ചെയ്ത് അവരെ ആകര്‍ഷിക്കുന്നതിനുള്ള രീതി എല്ലാം മനസിലാക്കണം. വിപണിയില്‍ നില നില്‍ക്കാന്‍ ഉപഭോക്താക്കളുടെ  അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുക. നിലവിലുളള സംരഭത്തിന്റെ ചുവടു പിടിച്ച് അതു പോലൊന്ന് തുടങ്ങി പത്തു രൂപ കുറച്ചു നൽകിയാലും വിജയ സാധ്യതയുണ്ടാകില്ല. കാരണം, ആദ്യ സംരഭകനും അപ്പോൾ ഉൽപ്പന്നത്തിന്റെ വില കുറയ്ക്കും. ബിസിനസ് എത്ര ചെറുതാണെങ്കിലും വിശദമായ പ്ലാൻ തയ്യാറാക്കണം. ഉൽപന്നവും സേവനവും എന്തൊക്കെയാണ്, എത്ര പേർ ചേർന്നാണ് തുടങ്ങുന്നത്, എത്ര രൂപ മുടക്കു മുതൽ വേണ്ടി വരും, എത്രകാലം ബിസിനസ് ഇല്ലാതെയും വരുമാനമില്ലാതെയും മുന്നോട്ടു പോകാനാകും, എത്ര ജോലിക്കാർ വേണം, അവർക്ക് ഏകദേശം എത്ര ശമ്പളം കൊടുക്കും, എത്ര സ്ഥലം വേണം തുടങ്ങി ചെറിയ കാര്യങ്ങൾ പോലും പറയുന്നതാകണം ഈ പ്ലാൻ. വേണമെങ്കിൽ  ചാർട്ടേഡ് അക്കൗണ്ടിന്റിന്റെയോ വിദഗ്ധരുടെയോ സഹായം തേടാം