കോഴിക്കോട്: ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്‍ലറ്റ് പി ടി ഉഷയ്ക്ക് ഇന്ന് 56-ാം പിറന്നാള്‍. പയ്യോളി എക്‌സ്‌പ്രസ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഉഷ സെക്കന്‍ഡിന്‍റെ നൂറിലൊരു അംശത്തില്‍ ഒളിംപിക് മെഡല്‍ നഷ്‌മായ താരമാണ്. 

ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ ഒറ്റപ്പേരിലേക്ക് ആറ്റിക്കുറുക്കേണ്ടിവന്നാല്‍ ഒരു മുഖചിത്രമേ ഇന്നുമുള്ളൂ. പയ്യോളി കടപ്പുറത്തുനിന്ന് ഓടിത്തുടങ്ങിയ പെണ്‍കുട്ടി ദേശീയ സ്‌കൂള്‍ കായികമേളകളില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു. 1979ല്‍ നാഗ്‌പൂരിലെ ദേശീയ സ്‌കൂള്‍ കായികമേളയും ഹൈദരാബാദിലെ ദേശീയ അത്‌ലറ്റിക് മീറ്റും ഉഷയുടെ വരവറിയിച്ചു. 100, 200 മീറ്ററുകളില്‍ സ്വന്തം റെക്കോര്‍ഡുകള്‍ ഉഷ പലതവണ തിരുത്തിക്കുറിച്ചു. 

1980ല്‍ കറാച്ചിയില്‍ നടന്ന പാകിസ്ഥാന്‍ നാഷണല്‍ ഓപ്പണ്‍ മീറ്റില്‍ നാല് സ്വര്‍ണവുമായി അന്താരാഷ്‌ട്ര തലത്തില്‍ ഗംഭീര അരങ്ങേറ്റം. 16-ാം വയസില്‍ തന്നെ മോസ്‌ക്കോ ഒളിംപിക്‌സില്‍ ആദ്യ അങ്കം. തലപ്പൊക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അന്ന് തിളങ്ങാനായില്ലെങ്കിലും പിന്നീടങ്ങോട്ട് ഉഷയുടെ കാലമായിരുന്നു. ഏഷ്യന്‍ ഗെയിംസിലും സാഫ് ഗെയിംസിലും തുടര്‍ച്ചയായി മെഡലുകള്‍. 1986ലെ സിയോള്‍ ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണ മെഡലുകള്‍. 1985, 86ലും ലോകത്തെ ആദ്യ മികച്ച 10 കായികതാരങ്ങളുടെ പട്ടികയില്‍ ഉഷയുമുണ്ടായിരുന്നു. 

പരിമിത പരിശീലന സാഹചര്യങ്ങളില്‍ നിന്ന് പൊരുതിക്കയറി ലോസാഞ്ചലസ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിന്‍റെ ഫൈനലില്‍ വരെയെത്തി ഉഷ. നിമിഷത്തിന്‍റെ നൂറിലൊരു അംശത്തില്‍ വഴുതിപ്പോയ ഇന്ത്യയുടെ ഒളിംപിക് മെഡല്‍. യൂറോപ്യന്‍ ഗ്രാന്‍പ്രീ മീറ്റുകളില്‍ ഉഷ തുടര്‍ന്നും മെഡലുകള്‍ വാരിക്കൂട്ടി. വിരമിച്ചതിന് ശേഷം രാജ്യത്തിനായി പുതിയ കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ ഉഷ കായികസപര്യ തുടരുകയാണ്.